
രണ്ടായിരത്തി പത്തൊമ്പതിൽ ഭൂരിപക്ഷ ഏകീകരണത്തിലൂടെ അധികാരത്തിൽ തിരികെ വരാനാണ് ബിജെപി ശ്രമിക്കുന്നതെന്ന വ്യക്തമായ സൂചന നല്കുന്നതാണ് യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കാനുള്ള നരേന്ദ്ര മോദിയുടെ തീരുമാനം. ഉത്തർപ്രദേശിൽ മുസ്ലിംവിഭാഗത്തിന് മേൽക്കോയ്മയുള്ള സർക്കാർ വരുന്നതിന് എതിരെയായിരുന്നു ജനവിധി എന്ന വിലയിരുത്തലാണ് ഈ തീരുമാനത്തിലേക്ക് നയിച്ചത
ഉത്തർപ്രദേശിലെ ജനങ്ങൾ 2014 പോലെ 2017ലും വോട്ടു ചെയ്തത് നരേന്ദ്ര മോദിക്കു തന്നെയാണ്. എന്നാൽ 325 സീറ്റു നേടിയുള്ള ഈ വലിയ വിജയത്തിൽ ജാതിക്കതീതമായ മതധ്രുവീകരണം വലിയ പങ്കു വഹിച്ചു എന്നതിൽ സംശയമില്ല. എസ്പിയും കോൺഗ്രസും, ബിഎസ്പിയും മുസ്ലിം വോട്ടർമാരുടെ പിന്തുണയ്ക്കായി ശ്രമിച്ചപ്പോൾ ഉണ്ടായ എതിർ ധ്രുവീകരണമാണ് ഇത്രവലിയ വിജയം സമ്മാനിച്ചതെന്നും ബിജെപിയും ആർഎസ്എസും വിലയിരുത്തുന്നു. യോഗി ആഥിത്യനാഥിനെ നിർദ്ദേശിച്ചതിലൂടെ ഉത്തർപ്രദേശിലെ മാത്രമല്ല ഇന്ത്യയിലുടനീളമുള്ള തീവ്ര ഹിന്ദുത്വവാദികളെയാണ് ബിജെപി തൃപ്തിപ്പെടുത്തിയിരിക്കുന്നത്. പുതിയ ഇന്ത്യ എന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് ഈ അപ്രതീക്ഷിത് തീരുമാനം ബിജെപി കൈക്കൊണ്ടത്.
വർഗ്ഗീയ കലാപത്തിന്റെ പേരിൽ ജയിൽവാസം അനുഭവിച്ച യോഗി ആതിഥ്യനാഥ് എന്നും തീവ്ര നിലപാടുകൾ മാത്രമേ സ്വീകരിച്ചിട്ടുള്ളു. 17 ശതമാനം മുസ്ലിം വിഭാഗം ഉള്ള ഉത്തർപ്രദേശിൽ യോഗി ആതിഥ്യനാഥിന് എല്ലാവരുടെയും മുഖ്യമന്ത്രിയായി മാറാനാകുമോ എന്നത് കണ്ടറിയണം. ഗോരക്ഷ, മുസ്ലിം യുവാക്കൾക്കെതിരെയുള്ള ആൻറി റോമിയോ സ്ക്വാഡ്, രാമക്ഷേത്രം തുടങ്ങിയവയായിരുന്നു ആതിഥ്യനാഥിന്റെ പ്രചരണ വിഷയങ്ങൾ. ഇനിയുള്ള രണ്ടു വർഷം വികസനം ആയിരിക്കില്ല ഹിന്ദുത്വ അജണ്ടയ്ക്കാവും മുൻതൂക്കം കിട്ടുക. അതായത് വളരെ ദീർഘലക്ഷ്യത്തോടെയാണ് ഈ തീരുമാനം.
ഇപ്പോഴത്തെ വികാരം രണ്ട് വർഷം എങ്കിലും നിലനിറുത്തി ഇപ്പോഴത്തെ 73 സീറ്റുകൾ വീണ്ടും നേടുക. ഒപ്പം ഗുജറാത്ത്, മധ്യപ്രദേശ്, രാജ്സ്ഥാൻ തുടങ്ങി തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നിടത്തെല്ലാം ഹിന്ദു കാർഡ് പുറത്തിറക്കുകയും ചെയ്യും. രാജ്നാഥ് സിംഗ്, ഉമാഭാരതി തുടങ്ങിയവർ തനിക്കു മുകളിൽ ഉയരാതിരിക്കാനും മോദിക്കിതിലൂടെ കഴിയും. വികസനം എന്ന വാഗ്ദാനത്തിൽ ഒപ്പം വന്ന പിന്നോക്ക ദളിത് വിഭാഗങ്ങൾ ഒപ്പം നില്ക്കുമോ എന്ന് പ്രവചിക്കാനാവില്ല. എന്തായാലും നോട്ട് അസാധുവാക്കലിൽ വിജയിച്ച നരേന്ദ്ര മോദി യോഗി ആതിഥ്യനാഥിലൂടെ മറ്റൊരു ചൂതാട്ടത്തിന് തയ്യാറാകുന്നു. ഇതിന്റെ ഫലമറിയാൻ രണ്ടു വർഷം കാത്തിരിക്കാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam