
ഉത്തർപ്രദേശിന്റെ പുതിയ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും..ലക്നൗവിൽ ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗം കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ്മ എന്നിവരെ ഉപമുഖ്യമന്ത്രിമാരായും നിശ്ചയിച്ചു. വികസനനയവുമായി മുന്നോട്ടു പോകുമെന്ന് യോഗി ആതിഥ്യനാഥ് പറഞ്ഞു.
ഉത്തർപ്രദേശിൽ ഒരാഴ്ചത്തെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ മുഖ്യമന്ത്രിയുടെ തീരുമാനമായി. ഗോരഖ്പൂരിലായിരുന്ന യോഗി ആദിത്യനാഥിനെ പ്രത്യേക വിമാനത്തിൽ ബിജെപി കേന്ദ്ര നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയും ബിജെപി അദ്ധ്യക്ഷൻ അമിത്ഷായും മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം യോഗി ആദിത്യനാഥിനെ അറിയിച്ചു. ലക്നൗവിൽ ചേർന്ന നിയസഭാകക്ഷി യോഗത്തിൽ മുതിർന്ന എംഎൽഎ സുരേഷ് ഖന്ന യോഗി ആദിത്യനാഥിന്റെ പേര് നിർദ്ദേശിച്ചു. പതിനൊന്ന് പേർ പിന്താങ്ങി. കേശവ് പ്രസാദ് മൗര്യ ദിനേശ് ശർമ്മ എന്നിവരെ ഉപമുഖ്യമന്ത്രിമാരായി യോഗം നിർദ്ദേശിച്ചു. പാർട്ടി എല്പിച്ച ഉത്തരവാദിത്വത്തിന് യോഗി ആദിത്യനാഥ് യോഗത്തിൽ നന്ദി പറഞ്ഞു.
അവസാന ദിനം വരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം പ്രചരിച്ച പേര് കേന്ദ്ര ടെലികോം മന്ത്രി മനോജ് സിൻഹയുടേതായിരുന്നു. എന്നാൽ ആർഎസ്എസിന്റെ കൂടി അഭിപ്രായം പരിഗണിച്ച് അവസാനം ആദിത്യനാഥിന് നറുക്ക് വീഴുകയായിരുന്നു. മനോജ് സിൻഹയുടെ പേര് പ്രചരിച്ചപ്പോൾ യോഗി ആദിത്യനാഥിന്റെ അനുയായികൾ ലക്നൗവിൽ പ്രതിഷേധിച്ചു. 45കാരനായ യോഗി ആദിത്യനാഥ് ബിജെപിയുടെ പ്രമുഖ ഹിന്ദുത്വ മുഖങ്ങളിൽ ഒന്നാണ്. ഗോരഖ്പൂരിലെ ഗോരഖ്നാഥ് മഠാധിപതിയായ യോഗി ആദിത്യനാഥ് മുൻ എംപി മഹന്ത് അവേദ്യനാഥിന്റെ ശിഷ്യനായാണ് രാഷ്ട്രീയത്തിലേക്ക് വന്നത്.
26ആം വയസ്സിൽ ലോക്സഭയിൽ എത്തിയ യോഗി ആദിത്യനാഥ് അതിനു ശേഷം ഗോരഖ്പൂരിൽ നിന്ന് തുടർച്ചയായി ലോക്സഭയിലെത്തി. മുന്നോക്ക രജപുത് വിഭാഗക്കാരനായ ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കുമ്പോൾ ബ്രാഹ്മണ സമുദായത്തിന്റെ അതൃപ്തി കുറയ്ക്കാൻ ലക്നൗ മുൻമേയർ ദിനേഷ് ശർമ്മയേയും പിന്നാക്ക വിഭാഗത്തെ ഉറപ്പിച്ചു നിറുത്താൻ കേശവ്പ്രസാദ് മൗര്യയേയും ഉപമുഖ്യമന്ത്രിമാരാക്കി.
ലക്നൗവിലെ സത്യപ്രതിജ്ഞാ ചടങ്ങ് ഉത്സവമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായ്ക്കും പുറമെ പാർട്ടിയുടെ 11 മുഖ്യമന്ത്രിമാരും പങ്കെടുക്കും. അറവുശാലകൾ അടച്ചു പൂട്ടാനും ചെറുകിട കർഷകരുടെ വായ്പ എഴുതി തള്ളാനുമുള്ള തീരുമാനം ആദ്യ മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam