സൊമാലിയയില്‍ ചാവേറാക്രമണം; രണ്ട് എംപിമാര്‍ ഉള്‍പ്പെടെ 15 മരണം

By Web DeskFirst Published Jun 2, 2016, 7:24 AM IST
Highlights

മൊഗാദിഷു: സോമാലിയയില്‍ ഭീകര സംഘടനയായ അല്‍ഷബാബ് നടത്തിയ ആക്രമണത്തില്‍ രണ്ട് എംപിമാര്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു.  20 പേര്‍ക്ക് പരിക്കേറ്റു. മൊഗദിഷുവിലെ ഹോട്ടലിന് നേരെയാണ് തീവ്രവാദികള്‍ വെടിവയ്പ്പും ചാവേര്‍ ആക്രമണവും നടത്തിയത്. തീവ്രവാദികളുമായുള്ള സൈന്യത്തിന്‍റെ ഏറ്റുമുട്ടല്‍ തുടരുകയാണ്. തലസ്ഥാനമായ മൊഗദിഷുവിലെ അംബാസിഡര്‍ ഹോട്ടലിന് നേരെയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. മെഹ്മൂദ് മൊഹമ്മദ്, അബ്ദുല്ലാഹി ജമാക്ക് എന്നിവരാണ് കൊല്ലപ്പെട്ട പാര്‍ലമെന്‍റ് അംഗങ്ങള്‍. ഇവര്‍ ആക്രമണം നടന്ന ഹോട്ടലില്‍ ആണ് താമസിച്ചിരുന്നത്.

ആദ്യം ഹോട്ടലിന് നേരെ തീവ്രവാദി സംഘം വെടിവച്ചു. തുടര്‍ന്ന് സ്ഫോടക വസ്തുക്കളുമായി കാറില്‍ എത്തിയ ചാവേര്‍ ഹോട്ടലിന്‍റെ കവാടത്തിലേക്ക്  ഇടിച്ചു കയറ്റുകയായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം അല്‍ഷബാബ് ഏറ്റെടുത്തു. വിദേശ രാജ്യങ്ങളില്‍നിന്നുള്ള നയതന്ത്ര‍ഞ്ജരും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തങ്ങുന്ന ഹോട്ടല്‍ ആണ് അംബാസിഡര്‍. അതീവ സുരക്ഷിത മേഖലയിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്.

രണ്ട് തീവ്രവാദികള്‍ഇപ്പോഴും ഹോട്ടലിലെ മുകളിലത്തെ നിലയില്‍ ഉണ്ടെന്നാണ് സൈന്യം കരുതുന്നത്. ആയുധ ധാരികളായ തീവ്രവാദികള്‍താമസക്കാരെ ബന്ദിക്കളാക്കിയതായും സംശയമുണ്ട്. പ്രത്യേക സായുധ സംഘം ഹോട്ടല്‍ വളഞ്ഞിരിക്കുകയാണ്. ജനുവരിയില്‍ അല്‍ഷബാബ് നടത്തിയ ആക്രമണത്തില്‍ 17 പേരും ഫെബ്രുവരിയിലെ കാര്‍ബോംബ് സ്ഫോടനത്തില്‍ 9 പേരും കൊല്ലപ്പെട്ടിരുന്നു.

click me!