
മതിയായ രേഖലകളില്ലാതെ ബസ്സിൽ കൊണ്ടു വന്ന ഒന്നരക്കോടി രൂപ ഇടുക്കിയിലെ പീരുമേട്ടിൽ വച്ച് എക്സൈസ് പിടികൂടി. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ ഇടുക്കി അണക്കര സ്വദേശി ആൽഫിനാണ് പിടിയിലായത്.
കഞ്ചാവുൾപ്പെടെയുള്ള ലഹരി മരുന്നുമായി എത്തുന്നവരെ പിടികൂടാനായി എക്സൈസ് നടത്തിയ പരിശോധനക്കിടെയാണ് രേഖകളില്ലാതെ കൊണ്ടു വന്ന പണം പിടികൂടിയത്. പീരുമേടിനു സമീപം ഉച്ചയോടെയാണ് സംഭവം. കുമളിയിൽ നിന്നും കോട്ടയത്തേക്കു പോയ കെഎസ്ആർടിസി ബസ്സ് സംഘം പരിശോധനാ വിധേയമാക്കി. ആൽഫിൻ ഇരുന്ന സീറ്റിനു താഴെ വച്ചിരുന്ന ബാഗ് തുറന്നു കാണിക്കാൻ എക്സൈസ് സംഘം ആവശ്യപ്പെട്ടു.
ബാഗിനുള്ളിൽ വെളുത്ത പ്ലാസ്റ്റിക് കവറിലാണ് പണം വച്ചിരുന്നത്. പണം സംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ടെങ്കിലും ഇദ്ദേഹത്തിൻറെ കൈവശമുണ്ടായിരുന്നില്ല. തുടർന്ന് എക്സൈസ് ആൽഫിനെയും പണവും കസ്റ്റഡിയിലെടുത്തു. ഒന്നരക്കോടിയുടെ രണ്ടായിരം രൂപ നോട്ടുകളാണ് ബാഗിലുണ്ടായിരുന്നത്. കൊശമറ്റം ഫൈനാൻസിൻറെ തിരുച്ചിറപ്പള്ളി റീജിയണൽ മാനേജരാണെന്നും കുമളി ശാഖയിൽ നിന്നും കോട്ടയത്തുള്ള പ്രധാന ഓഫീസിലേക്ക് കൊണ്ടു പോകാനാണ് പണമെന്നുമാണ് പിടിയിലായ ആൾ എക്സൈസ് സംഘത്തോടു പറഞ്ഞത്.
കസ്റ്റഡിയിലെടുത്ത പണം പൊലീസിനു കൈമാറി കോടതിയിൽ ഹാജരാക്കി. ആൽവിന് കോടതി ജാമ്യം അനുവദിച്ചു. കൂടുതൽ പരിശോധനക്കായി കേസ്സിൻറെ വിവരങ്ങൾ ആദായ നികുതി എൻഫോഴ്സ്മെൻറ് വിഭാഗത്തിന് കൈമാറും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam