അച്ഛനെയും പെണ്‍മക്കളെയും തടഞ്ഞുവെച്ച് സദാചാര പോലീസിങ്; ഓട്ടോ ഡ്രൈവര്‍മാര്‍ പിടിയില്‍

By Web DeskFirst Published Mar 6, 2018, 12:26 AM IST
Highlights
  • ഓട്ടോ ഡ്രൈവര്‍മാരുടെ സദാചാര പോലീസിങ്
  •  മൂന്നുപേര്‍ അറസ്റ്റില്‍

വയനാട്: കല്‍പറ്റ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ബസ് കാത്തുനില്‍ക്കുകയായിരുന്ന അച്ഛനെയും പെണ്‍മക്കളെയും തടഞ്ഞുവെച്ച് സദാചാര പോലീസിങ് നടത്തിയെന്ന കേസില്‍ ഓട്ടോ ഡ്രൈവര്‍മാരായ മൂന്നുപേര്‍ അറസ്റ്റില്‍. ആമ്പിലേരി ചെളിപറമ്പില്‍ ഹിജാസ് (25), എടഗുനി ലക്ഷംവീട്ടില്‍ പ്രമോദ് (28), കമ്പളക്കാട് പള്ളിമുക്ക് അബ്ദുല്‍നാസര്‍ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിലുള്‍പ്പെട്ട കൂടുതല്‍ പേരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. 

കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് മുട്ടില്‍ അമ്പുകുത്തി പാറയില്‍ സുരേഷ് ബാബു കല്‍പ്പറ്റ പോലീസില്‍ പരാതി നല്‍കിയത്. ഫെബ്രുവരി 28ന് രാത്രി ബംഗളൂരുവിലേക്ക് പോകാന്‍ അനന്തവീര തിയേറ്ററിന് സമീപത്തെ സ്റ്റോപ്പില്‍ ബസ് കാത്തു നിന്ന കുടുംബത്തെ റോഡിന്‍റെ എതിര്‍ ഭാഗത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരില്‍ ചിലര്‍ ചോദ്യം ചെയ്യുകയായിരുന്നു. ഡിഗ്രിക്കും ഏഴാം ക്ലാസിലും പഠിക്കുന്ന പെണ്‍മക്കളായിരുന്നു ഇദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നത്. 

ചോദ്യം ചെയ്തവരോട് മക്കളാണെന്ന് പറഞ്ഞിട്ടും അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് സുരേഷ്ബാബു പരാതിയില്‍ പറയുന്നു. മക്കളാണെന്നതിന് തെളിവ് നല്‍കണമെന്ന് സംഘം ആവശ്യപ്പെട്ടത്രേ. വനിതാ സെല്ലിലേക്കും നിര്‍ഭയയിലേക്കും വിളിച്ചറിയിച്ച് മൂവരും യാത്ര തുടരുകയായിരുന്നു. ബംഗളൂരുവില്‍നിന്നും തിരിച്ചെത്തിയ ശേഷം ശനിയാഴ്ചയാണ് സുരേഷ് ബാബു പരാതി നല്‍കിയത്. എസ്.പി നേരിട്ട് പരാതിയില്‍ ഇടപ്പെട്ടിരുന്നു. 

click me!