സന്നിധാനത്ത് കൂടുതൽ ബിജെപി നേതാക്കൾ അറസ്റ്റിൽ; ശബരിമലയിൽ കനത്ത പൊലീസ് സന്നാഹം

By Web TeamFirst Published Nov 17, 2018, 9:41 AM IST
Highlights

കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതിൽ കൂടുതൽ പ്രതിഷേധങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാൽ തീർഥാടകരെ തമ്പടിക്കാനോ കൂട്ടം കൂടാനോ അനുവദിക്കുന്നില്ല. ഇന്നും സന്നിധാനത്ത് വലിയ ഭക്തജനത്തിരക്കാണ്. 

സന്നിധാനം: മണ്ഡലകാലം തുടങ്ങിയതോടെ ശബരിമലയിൽ സുരക്ഷ ശക്തമാക്കി. പ്രശ്ന സാധ്യത കണക്കിലെടുത്ത് കൂടുതൽ ബിജെപി നേതാക്കളെ കരുതൽ തടങ്കലിലെടുത്തിട്ടുണ്ട്. പട്ടികജാതി മോർച്ചാ സംസ്ഥാനപ്രസിഡന്‍റ് പി.സുധീറിനെയും ശബരിമല ആചാരസംരക്ഷണസമിതി പൃത്ഥ്വിപാലിനെയും ഇന്ന് പുലർച്ചെയാണ് കരുതൽ കസ്റ്റഡിയിലെടുത്തത്. ഹിന്ദു ഐക്യവേദി സംസ്ഥാനപ്രസിഡന്‍റ് കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതിൽ കൂടുതൽ പ്രതിഷേധമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ശബരിമലയിലെത്തുന്ന തീർഥാടകരെ തമ്പടിക്കാനോ കൂട്ടം കൂടാനോ പൊലീസ് അനുവദിക്കുന്നില്ല.

ഇന്നും ഭക്തജനത്തിരക്ക്

ഇന്ന് പുലർച്ചെ മൂന്ന് മണിയ്ക്കാണ് ശബരിമല നട തുറന്നത്. വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ദർശനത്തിന് ഇപ്പോഴും നീണ്ട ക്യൂവുണ്ട്. കൃത്യമായ നിയന്ത്രണത്തോടെ മാത്രമാണ് സന്നിധാനത്തേയ്ക്ക് തീർഥാടകരെ കടത്തി വിടുന്നത്. 

ഇന്നും കർശന പരിശോധനയുണ്ടാകും

ഇന്നലെ രാത്രി പത്ത് മണിയ്ക്ക് നട അടച്ച ശേഷം ആരെയും സന്നിധാനത്ത് തങ്ങാൻ പൊലീസ് അനുവദിച്ചില്ല. എല്ലാവരെയും പമ്പയിലേക്കും നിലയ്ക്കലേക്കും പൊലീസ് മാറ്റി. നെയ്യഭിഷേകത്തിന് ടിക്കറ്റെടുത്ത വളരെക്കുറച്ച് പേർക്ക് മാത്രമാണ് സന്നിധാനത്ത് തങ്ങാനായത്. ഇന്ന് പുലർച്ച രണ്ട് മണിയോടെ മാത്രമാണ് പമ്പയിൽ നിന്ന് സന്നിധാനത്തേയ്ക്ക് തീർഥാടകരെ കടത്തി വിട്ടത്. അവരെ പിന്നീട് മരക്കൂട്ടത്ത് വീണ്ടും തടഞ്ഞു. മൂന്ന് മണിക്ക് നട തുറന്നതിന് ശേഷം മാത്രമാണ് അവരെ സന്നിധാനത്തേയ്ക്ക് കടത്തിവിട്ടത്. 

സന്നിധാനത്ത് പിടി മുറുക്കി പൊലീസ്

ചരിത്രത്തിലാദ്യമായി സന്നിധാനം കനത്ത പൊലീസ് സുരക്ഷാവലയത്തിലാണ്. വലിയ നടപ്പന്തലിന് താഴെയും നടപ്പന്തലിലും ആളുകളെ കൂട്ടം കൂടാൻ അനുവദിയ്ക്കാതെ ക്യൂ പാലിച്ച് മാത്രമേ ദർശനം അനുവദിക്കൂ. മരക്കൂട്ടത്ത് നിന്ന് മുകളിലേക്ക് ക്യൂ പാലിച്ച് മാത്രമേ കയറാനാകൂ. മരക്കൂട്ടത്തിനടുത്തും വലിയ നടപ്പന്തലിലും കഴിഞ്ഞ തവണ വലിയ രീതിയിൽ ആളുകൾ കൂട്ടം കൂടി പ്രതിഷേധവുമായി എത്തിയ സാഹചര്യത്തിലാണ് പൊലീസിന്‍റെ മുൻകരുതൽ. 

കാനനപാതകളിൽ കർശനസുരക്ഷ

ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതകളിലും വൻ സുരക്ഷാക്രമീകരണങ്ങളാണ് വനംവകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനധികൃതമായി വനത്തിൽ പ്രവേശിക്കാൻ ആരെയും അനുവദിക്കില്ലെന്നും പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ നേരത്തെ വിശദമാക്കിയിട്ടുണ്ട്. അഴുതക്കടവ് - ചെറിയാനവട്ടം , സത്രം- സന്നിധാനം എന്നീ പരമ്പരാഗത കാനന പാതകളാണ് വനംവകുപ്പ് പെരിയാർ വെസ്റ്റ് ഡിവിഷന് കീഴിലുള്ളത്. ഭക്തർക്ക് കടന്നുപോകാനായി ഇരുവഴികളും പൂർണ്ണസജ്ജമായി. 

കാനനപാതയിൽ പലയിടങ്ങളിലായി സേവനകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. വന്യജീവികളുടെ ആക്രമണങ്ങൾ തടയാനും സംവിധാനങ്ങളുണ്ട്. കഴിഞ്ഞ വർഷം അമ്പതിനായിരത്തോളം ഭക്തരാണ് പരമ്പരാഗത കാനനപാതവഴി സന്നിധാനത്തെത്തിയത്. ഇത്തവണ കൂടുതൽ പേരെത്തുമാണ് വനംവകുപ്പ് കണക്കുകൂട്ടുന്നത്. 

click me!