
തൃശ്ശൂര്‍: പന്ത്രണ്ട് വയസ്സുള്ള മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മ അറസ്റ്റിൽ. കാന്തല്ലൂർ സ്വദേശിയായ സ്ത്രീയും കാമുകൻ തൃശൂർ പൂമംഗലം ഇടക്കുളം വലിയവീട്ടിൽ ചന്തു എന്ന സന്തോഷുമാണ് പൊലീസിന്റെ പിടിയിലായത്. ഇരുവർക്കുമെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
തൃശ്ശൂരിൽ ഹോം നഴ്സായിരുന്ന മുപ്പത്തിരണ്ടുകാരിയാണ് പ്രതി. അടുത്ത വീട്ടിൽ താമസിച്ചിരുന്ന സന്തോഷുമായി ഇവർ അടുപ്പത്തിലായിരുന്നു എന്ന് പൊലീസ് പറയുന്നു. ജനുവരി 28ന്, മറയൂരിലെ സ്കൂളിൽ ഹോസ്റ്റലിൽ താമസിച്ച് പഠിച്ചിരുന്ന മകളെ ഇവർ തൃശൂരിലേക്ക് കൊണ്ടുപോയി.
വടക്കാഞ്ചേരിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്തു. സന്തോഷിനെയും വിളിച്ചുവരുത്തി. രണ്ട് ദിവസത്തിന് ശേഷം സ്കൂളിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകർ ചോദിച്ചപ്പോഴാണ്, അമ്മയുടെ സാന്നിധ്യത്തിൽ ഒരാൾ ഉപദ്രവിക്കാൻ ശ്രമിച്ച കാര്യം പറഞ്ഞത്.
സ്കൂൾ അധികൃതർ പൊലീസിലും ചൈൽഡ് ലൈനിലും അറിയിച്ചു. വ്യാഴാഴ്ച മറയൂരിൽ നിന്നാണ് സ്ത്രീയെ കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് കിട്ടിയ വിവരം വച്ച് സന്തോഷിനെ കുന്ദംകുളത്തുനിന്നും പിടികൂടി. വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമാണ് സ്ത്രീ.