
മാവേലിക്കര: മാവേലിക്കരയിൽ വീട്ടിൽ പ്രസവിച്ച സ്ത്രീ നവജാതശിശുവിനെ നിലത്തടിച്ച് കൊന്നു. മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശിയായ അനിതയാണ് പ്രസവിച്ച് മണിക്കൂറുകൾക്കകം കുഞ്ഞിനെ കൊന്നത്. പൊലീസിനോട് അനിത കുറ്റസമ്മതം നടത്തി. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് മാവേലിക്കര അറുനൂറ്റിമംഗലത്തെ കുറ്റിമുക്കിലെ വീട്ടിൽ അനിത പ്രസവിച്ചത്. നാട്ടുകാരുമായി നല്ല ബന്ധത്തിലല്ലായിരുന്ന അനിത, തനിക്ക് ആശുപത്രിയിൽ പോകണമെന്ന് അയൽക്കാരോട് ആവശ്യപ്പെട്ടു. അയൽക്കാരുടെ പരിശോധനയിലാണ് നവജാത ശിശുവിനെ ചലനമറ്റ നിലയിൽ കണ്ടെത്തുന്നത്.
തുടർന്ന് നാട്ടുകാർ ഇവരെ ആശുപത്രിയിലെത്തിച്ചു. വിവരം പൊലീസിൽ അറിയിച്ചു. നവജാത ശിശുവിന്റെ ദേഹത്ത് കണ്ട മുറിവുകളാണ് കുട്ടിയുടേത് സ്വാഭാവിക മരണമല്ലെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത്. കായംകുളം താലൂക്ക് ആശുപത്രിയിൽ പൊലീസ് സർജൻ ദീപുവിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് കുഞ്ഞിനെ പലതവണ നിലത്തടിച്ചാണ് കൊന്നതെന്ന് തെളിഞ്ഞത് . കുഞ്ഞിന്റെ തോളെല്ലും വാരിയെല്ലും ഉൾപ്പടെ നിരവധി എല്ലുകൾ ഒടിഞ്ഞ് നുറുങ്ങിയ അവസ്ഥയിലായിരുന്നു. രക്തം പലയിടത്തം കട്ടപിടിച്ചിരുന്നു.
കായംകുളം താലൂക്ക് ആശുപത്രിയിൽ കസ്റ്റഡിയിൽ വച്ച് നടത്തിയ ചോദ്യം ചെയ്യലിൽ തന്നെ അനിത കുറ്റം സമ്മതിച്ചു. എന്തിന് വേണ്ടിയാണ് കുഞ്ഞിനെ കൊന്നതെന്ന് അനിത പറഞ്ഞിട്ടില്ല. അനിതയ്ക്ക് അഞ്ചും മൂന്നും വയസുള്ള വേറെയും രണ്ട് മക്കളുണ്ട്. ഈ കുട്ടികളെ ചൈൽഡ് ലൈൻ പ്രവർത്തകർ ഏറ്റെടുത്തു. അനിത വിവാഹം കഴിച്ചിരുന്നോ എന്ന കാര്യത്തിൽ പോലും ബന്ധുക്കൾക്കും നാട്ടുകാർക്കും സംശയമുണ്ട്.
പാലക്കാട് സ്വദേശിയായ ഒരാൾ അനിതയ്ക്കൊപ്പം നേരത്തെ താമസിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. അനിത മുൻപ് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിട്ടുണ്ടെങ്കിലും, നിലവിൽ മാനസിക നിലയക്ക് തകരാറില്ലെന്നാണ് പൊസീസ് പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam