രണ്ട് വര്‍ഷം മുമ്പ് മരിച്ച മകന്റെ ഇരട്ടക്കുട്ടികളെ അമ്മയ്ക്ക് സമ്മാനിച്ച് ശാസ്ത്രം

By Web DeskFirst Published Feb 15, 2018, 2:27 PM IST
Highlights

പൂനെ: ചെറിയ പ്രായത്തില്‍ ക്യാന്‍സറിനെ തുടര്‍ന്ന് മരിച്ച മകന്റെ വിയോഗത്തില്‍ വിഷമിച്ചിരുന്ന അമ്മയ്ക്ക് ശാസ്ത്രം സമ്മാനിച്ചത് മകന്റെ ഇരട്ടക്കുട്ടികളെ. പൂനെ സ്വദേശിയായ പ്രതമേഷ് പാട്ടില്‍ ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് രണ്ട് വര്‍ഷം മുന്‍പാണ് മരിച്ചത്. കാന്‍സര്‍ രോഗത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു പ്രതമേഷില്‍ രോഗം തിരിച്ചറിഞ്ഞത്. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഏറെ മിടുക്കനായ പ്രതമേഷിനെ നഷ്ടപ്പെടുന്നത് രാജശ്രീ പാട്ടീലിന് താങ്ങാവുന്നതിന് അപ്പുറമായിരുന്നു. 

പ്രതമേഷിന്റെ മരണത്തിന്റെ ആഘാതം രാജശ്രീ താങ്ങുമോയെന്ന സംശയം ഉണ്ടായപ്പോളാണ് ആശുപത്രി അധികൃതര്‍ മകന്റെ ബീജം സൂക്ഷിച്ച് വക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചത്.  ഇതിനെ തുടര്‍ന്നാണ് പ്രതമേഷിന്റെ ബീജം ശീതീകരിച്ച് സൂക്ഷിച്ച് വക്കുന്നത്. മകന്റെ കുഞ്ഞിനെ ഗര്‍ഭം ധരിക്കാമെന്ന രാജശ്രീയുടെ ആഗ്രഹം ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വാടക ഗര്‍ഭപാത്രത്തിന്റെ സഹായത്തോടെ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കുകയായിരുന്നു. പ്രതമേഷിനെ കൂടാതെ ഒരു പെണ്‍കുട്ടി കൂടിയുണ്ട് രാജശ്രീയ്ക്ക്. 

ഇരട്ടക്കുട്ടികളിലെ ആണ്‍കുട്ടിയക്ക് മകന്റെ പേര് തന്നെയാണ് രാജശ്രീ നല്‍കിയത്, പെണ്‍കുട്ടിയ്ക്ക് പ്രീഷയെന്നും. സഹോദരന്റെ മരണത്തോടെ വിഷാദത്തിന് അടിപ്പെട്ടുപോയ രാജശ്രീയുടെ മകളും ഇരട്ടക്കുട്ടികളുടെ വരവോടെ ഏറെ സന്തോഷത്തിലാണ്. ഐവിഎഫ് മാര്‍ഗത്തിലൂടെയാണ് മകന്റെ മരണത്തിന് രണ്ട് വര്‍ഷത്തിന് ശേഷം മകന്റെ ഇരട്ടക്കുട്ടികള്‍ രാജശ്രീയ്ക്ക്  ലഭിക്കുന്നത്. 

click me!