അമ്മയുടെ കണ്ണുകള്‍ ഗോകുലിന് വെളിച്ചമേകും

Published : Feb 12, 2018, 05:19 PM ISTUpdated : Oct 05, 2018, 01:52 AM IST
അമ്മയുടെ കണ്ണുകള്‍ ഗോകുലിന് വെളിച്ചമേകും

Synopsis

ആലപ്പുഴ: അമ്മയുടെ കണ്ണ് ഇനി മകന് വെളിച്ചമേകും. ജീവന്‍ രക്ഷിയ്ക്കാനുള്ള ശ്രമത്തിനിടയില്‍ മകന്റെ ഇടത് കണ്ണ് കൈയ്യബദ്ധത്തില്‍ നഷ്ടപ്പെടുത്തിയ അമ്മ തന്നെ മരണാനന്തരം മകന് കണ്ണ് തിരിച്ചു നല്‍കി. ബൈക്കപകടത്തില്‍ മരിച്ച അമ്മയുടെ കണ്ണുകളിലൂടെ ഇനി മുതല്‍ മകന്‍ ലോകം കാണും.

താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി കണ്ണുചാരേത്ത് കൃഷ്ണഗാഥയില്‍ രാജന്‍ പിള്ളയുടെ ഭാര്യ രമാദേവി (50) ആണ് മൂത്ത മകന്‍ ബിഎസ്‌സി നഴ്‌സിംഗ് ബിരുദധാരി ഗോകുല്‍ രാജിന് (27) കാഴ്ചശക്തി തിരികെ നല്‍കിയത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന ശസ്ത്രക്രിയയില്‍ അമ്മയുടെ കണ്ണ് ഗോകുല്‍ രാജിലേക്ക് മാറ്റിവച്ചു. 

കഴിഞ്ഞ ഫെബ്രുവരി 6 ന് വൈകിട്ട് 5 ന് ഇളയ മകന്‍ കാട്ടാക്കട വിജ്ഞാന്‍ കോളേജ് ബിസിഎ വിദ്യാര്‍ത്ഥി രാഹുല്‍ രാജിനൊപ്പം (23) ബൈക്കിന് പുറകില്‍ സഞ്ചരിക്കുമ്പോളാണ് ഹമ്പില്‍ കയറി തെറിച്ചു വീണ് രമാദേവിയ്ക്ക് അപകടമുണ്ടായത്. കുടുംബം പുലര്‍ത്താന്‍ ഭാഗവത പാരായണം നടത്തി തിരികെ വരുമ്പോള്‍ ചുനക്കര തെക്ക് എന്‍എസ്എസ് സ്‌കൂളിന് മുന്നില്‍ വച്ചാണ് ദുരന്തമുണ്ടായത്.  രമാദേവിയെ കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തല്‍ക്ഷണം മരണമടഞ്ഞു.

ഒന്നര മണിക്കൂറിനുള്ളില്‍ വണ്ടാനം മെഡിക്കല്‍ കോളേജിലെ നേത്ര വിഭാഗം ഡോ: ഗീതുവിന്റെ നേതൃത്വത്തിലുള്ള സംഘം കായംകുളത്തെത്തി രമാദേവിയുടെ ഇരുകണ്ണുകളും നീക്കം ചെയ്തു. ഇതിലൊരെണ്ണമാണ് മകന്റെ നഷ്ടപ്പെട്ട കണ്ണിന് പകരമാകുന്നത്. ആറാം വയസ്സിലാണ് ഗോകുല്‍ രാജിന് ഇടത് കണ്ണ് നഷ്ടമാകുന്നത്. പശു വളര്‍ത്തലിലൂടെയാണ് രമാദേവി അക്കാലത്ത് കുടുംബം പുലര്‍ത്തിയിരുന്നത്. ഒരു ദിവസം പശുവിനേയും കൊണ്ട് വരുമ്പോള്‍ രമാദേവിയുടെ കൈയ്യില്‍ നിന്ന് കയര്‍ വിട്ട് പശു കുതറിയോടി. ഈ സമയം വീട്ടുമുറ്റത്ത് ഗോകുല്‍ രാജ് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. 

മകനെ ആക്രമിക്കുമെന്ന ഭീതിയില്‍ രമാദേവി പശുവിനെ കല്ലുകള്‍ വാരിയെറിഞ്ഞ് ഓടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിലൊരു കല്ല് കളിച്ചു കൊണ്ടിരുന്ന ഗോകുല്‍ രാജിന്റെ കണ്ണില്‍ കൊണ്ടു. തുടര്‍ന്ന് ചികിത്സ നടത്തിയെങ്കിലും  ഗോകുല്‍ രാജിന്റെ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു. കാഴ്ച ലഭിക്കാന്‍ കണ്ണ് മാറ്റി വയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഇതിന്‍ പ്രകാരം സര്‍ക്കാരിന്റെ അവയവദാന സെല്ലില്‍ അപേക്ഷ നല്‍കി കാത്തിരുന്നുവെങ്കിലും ഗോകുല്‍ രാജിന് ഇതുവരെ ഊഴം ലഭിച്ചില്ല. ജീവിച്ചിരിക്കുമ്പോള്‍ തന്റെ ഒരു കണ്ണ് മകന് നല്‍കാമെന്ന് അമ്മ രമാദേവി പലപ്പോഴും മകനോട് പറഞ്ഞിരുന്നു. എന്നാല്‍ പ്രിയപ്പെട്ട അമ്മയുടെ കണ്ണ് വാങ്ങി കാഴ്ച വേണ്ട എന്ന നിലപാടിലായിരുന്നു ഗോകുല്‍ദാസ്.

കണ്ണുകളെടുത്ത ശേഷം രമാദേവിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി മോര്‍ച്ചറിയിലേക്കു മാറ്റിയപ്പോഴും കണ്ണ് മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് ഗോകുല്‍ ഒന്നും പറഞ്ഞിരുന്നില്ല. രമാദേവിയുടെ സംസ്‌കാരം നടക്കുമ്പോഴും കണ്ണ് ഏറ്റുവാങ്ങാന്‍ ഗോകുല്‍ രാജ് സന്നദ്ധത കാട്ടിയില്ല. ഒരു കാരണവശാലും മാനസിക ബുദ്ധിമുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന ഗോകുല്‍ രാജില്‍ ഉണ്ടാകരുതെന്ന ഡോക്ടര്‍മാരുടെ കര്‍ശന നിര്‍ദ്ദേശവും ഉണ്ടായിരുന്നു. 

ഓടുവില്‍ ഗോകുല്‍ രാജിന്റെ സുഹൃത്തുക്കളുടെ പരിശ്രമം വിജയം കണ്ടു. രമാദേവിയുടെ സംസ്‌കാരം നടന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞ് സുഹൃത്തുക്കളാണ് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി ഗോകുല്‍ രാജിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. രമാദേവിയുടെ കഠിനാധ്വാനമായിരുന്നു നിര്‍ധന കുടുംബത്തെ നില നിര്‍ത്തിയിരുന്നത്. രമാദേവിയുടെ ഒരു കണ്ണ് അവയവദാന രജിസ്റ്ററിലെ മുന്‍ഗണനാ പ്രകാരം പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നല്‍കുമെന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

എൻഎസ്എസ്-എസ്എൻഡിപി ഐക്യ നീക്കത്തിന് പിന്നിൽ ചതി, എല്ലാം വെള്ളാപ്പള്ളി കൂടി അറിഞ്ഞുകൊണ്ടെന്ന് ഗണേഷ് കുമാർ
'ഇരകൾ പ്രമുഖ കോളേജുകളിലെ സമ്പന്നരായ പെൺകുട്ടികൾ', ബെംഗളൂരു കൂട്ടബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ, ഇരകളുടെ എണ്ണം 19