
വയനാട്: രാഷ്ട്രീയ-ഉദ്യോഗസ്ഥ തലങ്ങളിൽ വലിയ വിവാദമുയർത്തിയ മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ സർക്കാർ തലത്തിൽ ശ്രമം നടക്കുന്നതായി സംശയമുണ്ടെന്ന് പ്രകൃതി സംരക്ഷണ സമിതി. മുൻ സർക്കാരിൻ്റെ കാലത്തും കേസ് അട്ടിമറിക്കാനുള്ള സമാനമായ നീക്കങ്ങൾ നടന്നിരുന്നതായി സമിതി ഭാരവാഹികൾ ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട നിർണായക ഫയലുകൾ സർക്കാർ പ്ലീഡർ ആവശ്യപ്പെട്ടിട്ടും സൗത്ത് വയനാട് ഡി.എഫ്.ഒ നൽകാൻ തയ്യാറാകാത്തത് ഉദ്യോഗസ്ഥന് മേലുള്ള ശക്തമായ രാഷ്ട്രീയ സമ്മർദ്ദം മൂലമാണെന്നാണ് ആക്ഷേപം. സർക്കാരിൻ്റെ മൗനാനുവാദമോ പിന്തുണയോ ഇല്ലാതെ ഒരു ഉദ്യോഗസ്ഥന് ഇത്തരത്തിൽ രേഖകൾ നൽകാതിരിക്കാൻ കഴിയില്ലെന്ന് പ്രകൃതി സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി.
മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത മരങ്ങൾ ലേലം ചെയ്യാനുള്ള വനംവകുപ്പിൻ്റെ നീക്കം കഴിഞ്ഞ ദിവസം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കോടതിയിൽ വനംവകുപ്പ് കൃത്യമായ രേഖകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടതാണ് കേസിന് തിരിച്ചടിയായത്.ഇത് ബോധപൂർവ്വമാണെന്നുമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. മുട്ടിലിൽ മുറിച്ച മരങ്ങൾ വനംവകുപ്പിന്റേതല്ലെന്ന വനം മന്ത്രിയുടെ വിചിത്രവാദം കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. സർക്കാർ ഇത്തരം കള്ളക്കളികളിൽ നിന്നും ഗൂഢാലോചനകളിൽ നിന്നും ഉടനടി പിന്മാറണമെന്നും പ്രകൃതി സംരക്ഷണ സമിതി എൻ.ബാദുഷ പ്രസിഡൻ്റ് വ്യക്തമാക്കി.
പ്രതികളെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനും വനംവകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരും ഭരണനേതൃത്വവും ഒത്തുകളിക്കുകയാണെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആക്ഷേപം. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ സർക്കാരിനെതിരെ കൂടുതൽ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകാനാണ് പരിസ്ഥിതി സംഘടനകളുടെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam