എംപിയുടെ നിരാഹാരവും പാഴായി; പള്ളിക്കര മേല്‍പ്പാലം നിര്‍മ്മാണം വൈകും

web desk |  
Published : May 05, 2018, 05:45 PM ISTUpdated : Jun 08, 2018, 05:47 PM IST
എംപിയുടെ നിരാഹാരവും പാഴായി; പള്ളിക്കര മേല്‍പ്പാലം നിര്‍മ്മാണം വൈകും

Synopsis

പി. കരുണാകരന്‍ എംപിയുടെ നിരാഹാര സമരം രാഷ്ട്രീയ ഗിമ്മിക്ക് മാത്രമാണെന്നും കീഴാറ്റൂര്‍ വയല്‍ നികത്തി ദേശീയപാതാ ബൈപ്പാസ് ഉണ്ടാക്കാന്‍ തിരക്കു കൂട്ടുന്ന സിപിഎം എന്തുകൊണ്ടാണ് പള്ളിക്കര മേല്‍പ്പാലത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് കാണുക്കുന്നതെന്നും നാട്ടുകാര്‍ ചോദിക്കുന്നു. 

നീലേശ്വരം (കാസര്‍കോട്):   കേരളത്തിലെ ഏക ദേശീയപാതാ ലെവല്‍ക്രോസായ കാസര്‍കോട് ജില്ലയിലെ നീലേശ്വരം പള്ളിക്കര മേല്‍പ്പാല നിര്‍മ്മാണം വീണ്ടും വൈകും. ദേശീയ പാതയ്ക്കായി ഏറ്റെടുത്ത ഭൂമി റവന്യൂ വകുപ്പ് ദേശീയപാതാ വികസന അഥോറിറ്റിക്ക് വിട്ടുനല്‍കാത്തതാണ് നിര്‍മ്മാണം വൈകാന്‍ കാരണം. മേല്‍പാലം നിര്‍മാണത്തിനാവശ്യമായ നീലേശ്വരം, പേരോല്‍ വില്ലേജുകളിലായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വൈകുന്നതാണ് ഇതിന് കാരണം.

നീലേശ്വരം വില്ലേജില്‍ 28 കുടുംബങ്ങളുടേയും, പേരോല്‍ വില്ലേജില്‍ 16 കുടുംബങ്ങളുടേയും ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. അതില്‍ നീലേശ്വരം വില്ലേജിലെ 25 കുടുംബങ്ങളുടെ ഭൂമി ഏറ്റെടുത്ത് നഷ്ടപരിഹാര തുകയുടെ ചെക്ക് കൈമാറിയിട്ടുണ്ട്. ഒരു കുടുംബം രേഖകള്‍ ഹാജരാക്കാത്തതിനാല്‍ തുക കൈമാറി ഭൂമി ഏറ്റെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ശേഷിക്കുന്ന രണ്ട് കുടുംബങ്ങളുടെ ഭൂമി ഏറ്റെടുക്കാന്‍ ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയതേയുള്ളൂ. പേരോല്‍ വില്ലേജിലെ 16 കുടുംബങ്ങളുടെ ഭൂമി ചെക്ക് കൈമാറി ഇതിനകം തന്നെ ഏറ്റെടുത്തിട്ടുണ്ട്. 

ആദ്യം നിശ്ചയിച്ചത് കൂടാതെ പുതിയതായി നീലേശ്വരം, പേരോല്‍ വില്ലേജുകളിലായി രണ്ട് കുടുംബങ്ങളുടെ ഭൂമി കൂടി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനാവശ്യമായ ഫണ്ട് ഇതുവരെയായും ലഭ്യമായിട്ടുമില്ല. മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് കഴിഞ്ഞാല്‍ മാത്രമേ റവന്യൂ വകുപ്പിന് മേല്‍പാലത്തിനാവശ്യമായ ഭൂമി ദേശീയപാതാ അഥോറിറ്റിക്ക് കൈമാറാന്‍ കഴിയൂ. 
ആഗസ്റ്റ് അവസാന വാരത്തോടെ മാത്രമേ ഇത് സാധ്യമാകൂവെന്നാണ് റവന്യൂ വിഭാഗത്തില്‍ നിന്നും ലഭിക്കുന്ന വിവരം. റവന്യൂ വിഭാഗത്തില്‍ നിന്ന് ഭൂമി കൈമാറിയതിന് ശേഷം തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി ദേശീയപാതാ അഥോറിറ്റി, ടെന്‍ഡര്‍ എടുത്ത കൊച്ചി ആസ്ഥാനമായ ഇ.കെ.കെ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് ഭൂമി കൈമാറിയാല്‍ മാത്രമേ മേല്‍പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാന്‍ കഴിയൂ.

മാര്‍ച്ച് 16 നാണ് ടെന്‍ഡര്‍ അംഗീകരിച്ചത്. ടെന്‍ഡര്‍ ലഭിച്ച് 45 ദിവസത്തിനകം കരാര്‍ വച്ച് പ്രവര്‍ത്തി തുടങ്ങണമെന്നാണ് നിയമം. എന്നാല്‍ ഭൂമി വിട്ടുകൊടുക്കാത്തതിനാല്‍ കരാറുകാരന് പ്രവര്‍ത്തി തുടങ്ങാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. നേരത്തേ ഏപ്രില്‍ 14 ന് നിശ്ചയിച്ചിരുന്ന തറക്കല്ലിടലും മാറ്റി വച്ചിരുന്നു. ദേശീയപാതയില്‍ ഗോവ കഴിഞ്ഞാലുള്ള ഏക റെയില്‍വേ ഗേറ്റാണ് പളളിക്കരയിലേത്. 52.67 കോടി രൂപയാണ് മേല്‍പാലത്തിനായി വകയിരുത്തിയത്. ഭൂമി ഏറ്റെടുത്ത് കൈമാറല്‍ വൈകുന്നതോടെ പളളിക്കരയില്‍ മേല്‍പാലം പണി നീളും.

പള്ളിക്കരയിലെ മേല്‍പ്പാല നിര്‍മ്മാണം നിരവധി വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്. കാസര്‍കോട് ജില്ലയിലെ മറ്റ് മേല്‍പ്പാലങ്ങളോടൊപ്പം പദ്ധതി പ്രഖ്യാപനം നടത്തിയതാണെങ്കിലും ഇതുവരെയായും പദ്ധതിക്കായി തറക്കല്ലിടാന്‍ പോലും കഴിഞ്ഞിട്ടില്ല. പദ്ധതി വൈകുന്നതില്‍ പ്രതിഷേധിച്ച് പി.കരുണാകരന്‍ എം.പി.നടത്തിയ രാപകല്‍ സമരത്തിലൂടെയാണ് കഴിഞ്ഞ വര്‍ഷം വീണ്ടും മേല്‍പ്പാല ആവശ്യം ശക്തമായി ഉയര്‍ന്നു. 

കഴിഞ്ഞ സെപ്റ്റംബര്‍ മാസം പതിനെട്ടിനാണ് പള്ളിക്കര മേല്‍പ്പാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.കരുണാകരന്‍ എം.പി.അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗം കൂടിയായ പി.കരുണാകരന്‍ നടത്തിയ സമരം രണ്ട് ദിവസം കൊണ്ട് ഫലം കണ്ടു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ച്ച യോഗത്തില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, പൊതുമരാമത്ത് മന്ത്രി സ:ജി.സുധാരന്‍, കെ.കുഞ്ഞിരാമന്‍ എം.എല്‍.എ., നാഷ്ണല്‍ ഹൈവേ വിഭാഗം 
, നാഷ്ണല്‍ ഹൈവേ അഥോറിറ്റി വിഭാഗം എന്നിവയുടെ ഉന്നത ഉദ്യോഗസ്ഥര്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഡോ:വി.പി.പി.മുസ്തഫ എന്നീവര്‍ പങ്കെടുത്തിരുന്നു. യോഗത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പള്ളിക്കര മേല്‍പ്പാലത്തിന് ഭരണാനുമതി നല്‍കുകയായിരുന്നു. നിരാഹാര സമരം അവസാനിപ്പിച്ച പി.കരുണാകരന്‍ എം.പി. സെപ്റ്റംബര്‍ മാസം 20ന് തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ പള്ളിക്കര മേല്‍പ്പാലവുമായി് ബന്ധപ്പെട്ട് ഇട്ട പോസ്റ്റ് വൈറല്‍ ആയിരുന്നു. 

യോഗത്തിലെ തീരുമാന പ്രകാരം രണ്ട് മാസത്തിനകം 60 കോടി രൂപ രൂപ ചിലവില്‍ നാലുവരി മേല്‍പാലം നിര്‍മ്മിക്കാന്‍ ടെണ്ടര്‍ നല്‍കും. അഞ്ച് മാസത്തിനകം നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിക്കും എന്നിങ്ങനെയായിരുന്നു. എന്നാല്‍ യോഗം ചേര്‍ന്ന് ആറ് മാസം കഴിഞ്ഞിട്ടും മേല്‍പ്പാല നിര്‍മ്മാണ കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. പി. കരുണാകരന്‍ എംപിയുടെ നിരാഹാര സമരം രാഷ്ട്രീയ ഗിമ്മിക്ക് മാത്രമാണെന്നും കീഴാറ്റൂര്‍ വയല്‍ നികത്തി ദേശീയപാതാ ബൈപ്പാസ് ഉണ്ടാക്കാന്‍ തിരക്കു കൂട്ടുന്ന സിപിഎം എന്തുകൊണ്ടാണ് പള്ളിക്കര മേല്‍പ്പാലത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് കാണുക്കുന്നതെന്നും നാട്ടുകാര്‍ ചോദിക്കുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാങ്ങിയത് 36000 രൂപയുടെ ഫോൺ, 2302 രൂപ മാസത്തവണ; മൂന്നാമത്തെ അടവ് മുടങ്ങി; താമരശേരിയിൽ യുവാവിന് കുത്തേറ്റു
പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം