
മോസ്കോ: ചാമ്പ്യന്‍സ് ലീഗ് ഫെെനലില്‍ റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസിന്‍റെ ചലഞ്ചില്‍ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഗോള്‍ മിഷ്യന്‍ മുഹമ്മദ് സലാ ഈജിപ്ത് ടീമിനൊപ്പം ചേര്‍ന്നു. കഴിഞ്ഞ ദിവസം മുതല്‍ ലോകകപ്പിനായി അവസാനവട്ട ഒരുക്കങ്ങള്‍ നടത്തുന്ന ടീമിന്‍റെ കൂടെ പരിശീലനത്തിനെത്തിയെങ്കിലും സലാ കളത്തിലിറങ്ങിയിട്ടില്ല. ലോകകപ്പിനുള്ള ഈജിപ്ത് ടീം റഷ്യയിലേക്ക് ഇന്ന് യാത്ര തിരിക്കുമെന്നാണ് ടീം അധികൃതര്‍ അറിയിച്ചത്.
സലാ പരിശീലനം നടത്താത്തത് ആരാധകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സലാ ആദ്യ മത്സരം കളിക്കുമെന്ന പ്രതീക്ഷയാണ് ടീം പുലര്‍ത്തുന്നത്. എങ്കിലും, പരിശീലനം ആരംഭിക്കാന്‍ സാധിക്കാത്തത് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു. ഉറുഗ്വെയ്ക്ക് എതിരെയുള്ള ആദ്യ മത്സരത്തിന് മുമ്പ് സലായ്ക്ക് പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കുന്ന കാര്യം സംശയത്തിലാണെന്ന് ടീം ഡോക്ടർ മൊഹമ്മദ് അബു എൽ എലയും വ്യക്തമാക്കി.
ഗ്രൂപ്പിലെ ഏറ്റവും കരുത്തര്‍ ലാറ്റിനമേരിക്കന്‍ വമ്പന്മാരായ ഉറുഗ്വെയാണ്. ഈ മത്സരം നഷ്ടപ്പെട്ടാലും അടുത്ത് വരുന്ന റഷ്യ, സൗദി അറേബ്യ എന്നിവര്‍ക്കെതിരെയുള്ള മത്സരങ്ങളാണ് ടീം നിര്‍ണായകമായി കാണുന്നത്. ഈ പോരാട്ടങ്ങളില്‍ സലായെ മുന്നില്‍ നിര്‍ത്തി വിജയം നേടിയെടുക്കുകയാണ് ഈജിപ്തിന്‍റെ ലക്ഷ്യം. ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ തന്നെ കളിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സലായും. മത്സരം അടുക്കുമ്പോള്‍ മാത്രമേ കളിക്കുന്ന കാര്യം കൂടുതല്‍ ഉറപ്പിക്കാനാകുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈജിപ്ത് ലോകകപ്പിന് യോഗ്യത നേടുന്നത്. ഏഴു വട്ടം ആഫ്രിക്കന്‍ ചാമ്പ്യന്മാരായിട്ടും ലോകകപ്പ് യോഗ്യത ലഭിക്കാത്തതിന്‍റെ നിരാശകള്‍ മായ്ച്ചു കളയാന്‍ മികച്ച പ്രകടനം ലക്ഷ്യമിട്ടാണ് ടീം റഷ്യയിലെത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam