ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ലുകൾ ഇത്തവണയും വീട് നിർമാണത്തിനായി ശേഖരിക്കുമെന്ന് തിരുവനന്തപുരം കോർപറേഷൻ അറിയിച്ചു. 

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ലുകൾ ഇത്തവണയും ശേഖരിക്കുമെന്ന് തിരുവനന്തപുരം കോർപറേഷൻ മേയർ വി വി രാജേഷ്. വീട് നിർമാണത്തിന് ഉപയോഗിക്കുമെന്നാണ് മേയർ അറിയിച്ചത്. അതേസമയം ആറ്റുകാൽ പൊങ്കാലയ്ക്ക് കുടിവെള്ളം മുട്ടിയ്ക്കുകയാണ് പിണറായി സർക്കാരെന്ന് ആരോപിച്ച് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍റെ ഔദ്യോഗിക വസതിക്ക് മുമ്പിൽ കുടം തലയിൽ കമഴ്ത്തി കുത്തി ഇരിപ്പ് സമരം നടത്തി.

Add Asianetnews as a Preferred SourcegooglePreferred

"ചുടുകല്ല് മുൻ വർഷങ്ങളിലേതു പോലെ ചെയ്യാനാണ് തീരുമാനം. അതിന് എല്ലാ ക്രമീകരണവും ചെയ്തിട്ടുണ്ട്. ചുടുകല്ല് ശേഖരിച്ച് വീട് നിർമാണത്തിന് നൽകും. ചുടുകല്ല് ആവശ്യപ്പെട്ട് കത്തുകൾ ലഭിക്കുന്നുണ്ട്. കോർപറേഷനുമായി ബന്ധപ്പെട്ട് പല പദ്ധതികളിലും വീട് നിർമാണം നടക്കുന്നുണ്ട്. അതിൽ ഈ കല്ലുകൾ ഉപയോഗിക്കും. രണ്ട് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം കല്ലാണ് കഴിഞ്ഞ വർഷം കൊടുത്തത്. ഇത്തവണയും അതുപോലെ കൊടുക്കും"- വി വി രാജേഷ് അറിയിച്ചു.

അതിനിടെ ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ക്രമീകരണങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലാണ് ക്രമീകരണങ്ങളൊരുക്കിയത്. പൊങ്കാല ദിവസം 10 പോയിന്റുകളില്‍ മെഡിക്കല്‍ ടീമും ആംബുലന്‍സുകളും സജ്ജമാക്കി. ഇത് കൂടാതെ പൊങ്കാല ദിവസം രാവിലെ 5 മണി മുതല്‍ പൊങ്കാല കഴിയുന്നത് വരെ 10 പോയിന്റുകളില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷന്‍ ഉള്‍പ്പെടെ 108 ആംബുലന്‍സുകളുടെ സേവനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പെട്ടെന്ന് വൈദ്യ സഹായം ലഭ്യമാക്കാന്‍ 4 ബൈക്ക് ഫസ്റ്റ് റെസ്‌പോണ്‍സ് ടീം, ഗൂര്‍ഖ ആംബുലന്‍സ്, ബൈക്ക് ഫീഡര്‍ ആംബുലന്‍സ് എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസിലും ആറ്റുകാല്‍ ക്ഷേത്ര പരിസരത്തും പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കളക്റ്ററേറ്റിലെ കണ്‍ട്രോള്‍ റൂമിലും ആരോഗ്യ പ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ട്.