മുല്ലയ്ക്കല്‍ ചിറപ്പ് ;  ആലപ്പുഴ നഗരസഭയും പൊതുമരാമത്ത് വകുപ്പും തമ്മില്‍ വാക്കേറ്റം

Published : Dec 16, 2017, 07:34 PM ISTUpdated : Oct 05, 2018, 12:56 AM IST
മുല്ലയ്ക്കല്‍ ചിറപ്പ് ;  ആലപ്പുഴ നഗരസഭയും പൊതുമരാമത്ത് വകുപ്പും തമ്മില്‍  വാക്കേറ്റം

Synopsis

ആലപ്പുഴ: ആലപ്പുഴയുടെ സാംസ്‌കാരികോത്സവമായ മുല്ലയ്ക്കല്‍ ചിറപ്പ് അലങ്കോലമാക്കാന്‍ പൊതുമരാമത്ത് വകുപ്പ് ശ്രമിക്കുകയാണെന്ന് ആലപ്പുഴ നഗരസഭയുടെ ആരോപണം. ചിറപ്പിന്റെ മറവില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍ കോടികള്‍ തട്ടിക്കുന്നുവെന്ന് പരസ്യമായി ആക്ഷേപിച്ച് മന്ത്രി ജി. സുധാകരനും രംഗത്ത്. ഇതോടെ ചിറപ്പ് മഹോത്സവ നടത്തിപ്പ് അനിശ്ചിതത്വത്തിലാക്കി മന്ത്രിയും നഗരസഭാ ചെയര്‍മാനും നേര്‍ക്ക് നേര്‍ പോരാട്ടത്തില്‍. 

ചിറപ്പ് മഹോത്സവത്തിനായി നഗരസഭ ലേലം ചെയ്ത താത്ക്കാലിക കടകള്‍ പൊതുവഴി കൈയേറിയെന്നാരോപിച്ച് പൊതുമരാമത്ത് വകുപ്പ് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചതോടെയാണ് പൊതുമരാമത്ത് - നഗരസഭാ തര്‍ക്കം തെരുവിലെത്തിയത്. സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ വന്‍ പൊലീസ് സന്നാഹത്തോടെയാണ് പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥര്‍ അനധികൃതമായി റോഡ് കൈയേറിയ കടകള്‍ പൊളിച്ചുനീക്കാനെത്തിയത്. ഇതിനെത്തുടര്‍ന്ന് മണിക്കൂറുകളോളം പ്രദേശത്ത് ഗതാഗത സ്തംഭനവുമുണ്ടായി.

നേരത്തെ കടകള്‍ ലേലം ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. ആദ്യം പൊതുമാരമത്ത് വകുപ്പ് ലേലം നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നഗരസഭാ ചെയര്‍മാന്‍ മന്ത്രി ജി. സുധാകരനുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ നഗരസഭ ലേലം നടത്തുകയായിരുന്നു. എന്നാല്‍ ചിറപ്പ് തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ് പൊതുമരാമത്ത് വകുപ്പ് ജെ.സി.ബിയുമായെത്തി. കടപൊളിക്കുന്നതിനെതിരെ  പ്രതിഷേധവുമായി നഗരസഭ ചെയര്‍മാനും കൗണ്‍സിലരും കച്ചവടക്കാരും രംഗത്തെത്തിയതോടെ നഗരത്തില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. കിടങ്ങാംപറമ്പ് മുതല്‍ സീറോ ജംഗ്ഷന്‍ വരെയുള്ള പ്രദേശങ്ങളില്‍ നഗരസഭ അനുവദിച്ച സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന കടകളാണ് അനധികൃതമെന്ന് പൊതുമരാമത്ത് വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 

ചിറപ്പ് മഹോത്സവത്തിനായി ഇതര സംസ്ഥാനങ്ങളില്‍ നിന്ന്  ഉള്‍പ്പെടെയുള്ളവരുടെ നൂറോളം സ്റ്റാളുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്നു. ഇവര്‍ പത്ത് ദിവസത്തേക്കായി ലക്ഷങ്ങള്‍ നഗരസഭക്ക് വാടകയിനത്തില്‍ നല്‍കിയാണ് ഇവ സ്ഥാപിച്ചിരുന്നത്. എന്നാല്‍ റോഡിന്റെ പുറം പോക്കും ഫുഡ് പാത്തും തങ്ങളുടെ അധീനതയിലുള്ള പ്രദേശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ വിനുവിന്റെ നേതൃത്വത്തിലുള്ള സംഘം കടകള്‍ പൊളിക്കാന്‍ എത്തിയത്. ഇതിനിടെ നഗരസഭ ചെയര്‍മാന്റെ നേതൃത്വത്തിലുള്ള കൗണ്‍സിലര്‍മാരും സ്ഥലത്ത് എത്തിയതോടെ ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമായി. നഗരസഭയുടെ അനുമതിയോടെ നിയമനുസൃതം പ്രവര്‍ത്തിക്കുന്ന കടകള്‍ പൊളിക്കരുതെന്നും അനധികൃതമായി പ്രവര്‍ത്തിക്കുന്നവ പൊളിച്ചോളാനും ചെയര്‍മാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഫുഡ്പാത്ത് ഉള്‍പ്പെടെ തങ്ങളുടെ അധീനതയിലാണെന്നും എല്ലാകടകളും ഒഴിപ്പിക്കുമെന്ന നിലപാടാണ് പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചത്. ഇതിനിടെ എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും കുറ്റപ്പെടുത്തി ബി.ജെ.പി രംഗത്തെത്തി.

കോടതിയെ സമീപിക്കുമെന്ന് നഗരസഭ

നഗരസഭ ലേലം ചെയ്തു നല്‍കിയ സ്ഥലത്തെ കടകള്‍ പൊളിച്ചു നീക്കിയതിന് പിന്നില്‍ ചിറപ്പ് മഹോത്സവം തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി വീണ്ടും ഹൈക്കോടതിയെ സമീപിക്കും. പതിറ്റാണ്ടുകളായി തുടരുന്ന കീഴ്‌വഴക്കങ്ങള്‍ തുടരാനുള്ള കോടതി വിധിയുള്ളപ്പോഴാണ് പൊതുമരാമത്ത് വകുപ്പിന്റെ ഈ നടപടി. ജില്ലയിലെ മെയിന്‍ റോഡിന്റെ വശങ്ങളില്‍ വഴിവാണിഭം നടത്തുന്നതിനായി സ്ഥലം ലേലം ചെയ്യാന്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടെന്നിരിക്കെ പൊലീസിന്റെ സഹായത്തോട് കൂടിയുള്ള പൊളിച്ചു നീക്കല്‍ പ്രതിഷേധാര്‍ഹമാണ്. പൊതുവഴിയിലെ കച്ചവടങ്ങള്‍ കൈയേറ്റമാണെന്ന് പറയുന്ന പൊതുമരാമത്ത് എന്തുകൊണ്ട് എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കുന്നില്ല. പൊതുവഴിയുടെ അരികുവശങ്ങള്‍ ലേലം ചെയ്യാന്‍ പൊതുമരാമത്ത് വകുപ്പിനാണ് അനുമതിയെന്ന് വാദിക്കുന്നവര്‍ 40 ശതമാനം വിഹിതം തന്നാല്‍ അനുമതി നല്‍കാം എന്നു പറയുന്നതില്‍ തന്നെ ദുഷ്ടലാക്ക് വ്യക്തമാണ്. മന്ത്രി അറിഞ്ഞുകൊണ്ടുള്ള ഈ ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. 

കടകള്‍ പുനര്‍ലേലം നടത്തുമെന്ന് മന്ത്രി ജി. സുധാകരന്‍

ആലപ്പുഴ നഗരത്തില്‍ മുല്ലയ്ക്കല്‍ ചിറപ്പിനോടനുബന്ധിച്ച് കോടതി ഉത്തരവ് ലംഘിച്ച് കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന അനധികൃത കടകള്‍ നീക്കം ചെയ്യുമെന്നും പുനര്‍ലേലം നടത്തുമെന്നും പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ ഓഫീസ് അറിയിച്ചു. ചില കൗണ്‍സിലര്‍മാരടക്കം ബിനാമിയായി ലേലത്തില്‍ പങ്കെടുത്ത് സ്ഥലം മറിച്ച് കൊടുക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. വ്യാപാരി വ്യവസായികള്‍ തങ്ങളുടെ കടയുടെ മുന്നില്‍ കടകള്‍ സ്ഥാപിക്കുന്നതിനെതിരെ കോടതിയെ സമീപിച്ച് അനുകൂല വിധി വാങ്ങിയിട്ടുണ്ട്. ഇത്തരം കോടതി വിധികള്‍ ഉള്ളപ്പോള്‍ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി കൗണ്‍സിലിലെ മുഴുവന്‍ അംഗങ്ങളുടെയും പിന്തുണയില്ലാതെ ചിലയാളുകള്‍ സാമ്പത്തിക ലാഭത്തിന് വേണ്ടി നടത്തുന്ന ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

നഗരം  പൊതുമരാമത്ത് വൃത്തിയാക്കട്ടെ

നഗരസഭ ലേലം ചെയ്ത സ്ഥലങ്ങള്‍ പൊതുമരാമത്ത് പൊളിച്ചുമാറ്റിയതിനെ തുടര്‍ന്ന് ചിറപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നിലും ഇനി ഇടപെടില്ലെന്നും നഗരം വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ളവ പൊതുമരാമത്ത് ചെയ്യട്ടെയെന്നും നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി. മെഹബൂബ്. നഗരത്തിലെ കാനകളും പൊതുനിരത്തുകളും ഇനി മുതല്‍ നഗരസഭ വൃത്തിയാക്കില്ല. പൊതുമരാമത്തിന്റെ അധീനതയില്‍ വരുന്ന സ്ഥലങ്ങളാണെങ്കില്‍ അവര്‍ തന്നെ വൃത്തിയാക്കിയാല്‍ മതി. പൊതുസ്ഥലങ്ങള്‍ ലേലം ചെയ്തു കൊടുക്കേണ്ട ചുമതല നഗരസഭയ്ക്കാണ്. വര്‍ഷങ്ങളായി ഈ വിധത്തിലാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. നടപ്പാതകള്‍ പൊതുമരാമത്തിന്റെ ഉടമസ്ഥതയില്‍ വരുന്നതാണെങ്കില്‍ എന്തുകൊണ്ട് ഈ നിലപാട് എല്ലാ കടക്കാരോടും കാണിക്കുന്നില്ല. വര്‍ഷങ്ങളായി നടപ്പാതകള്‍ കൈയേറിയുള്ള കച്ചവടങ്ങള്‍ നഗരത്തിലുണ്ട്. എന്നാല്‍ അതൊന്നും ഒഴിപ്പിക്കാതെ ചിലര്‍ രാഷ്ടീയ താത്പര്യത്തിന് വേണ്ടി ചിറപ്പ് മഹോത്സവത്തെ അലങ്കോലമാക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

'രാജ്യത്തിന് ഒരു ഫുൾ ടൈം പ്രതിപക്ഷ നേതാവ് വേണം, ജനവിരുദ്ധ ബില്ല് പാർലമെൻ്റിൽ പരിഗണിക്കുമ്പോൾ രാഹുൽഗാന്ധി BMW ബൈക്ക് ഓടിക്കുന്നു ' : ജോണ്‍ ബ്രിട്ടാസ്
ശബരിമല സ്വർണക്കൊള്ള കേസ് ഇനി ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്