കുട്ടികളെ കായലില്‍ എറിഞ്ഞ് കൊന്ന കേസ്; അമ്മയ്ക്ക് ഇരട്ട ജീവപര്യന്തം

By Web DeskFirst Published Dec 16, 2017, 7:24 PM IST
Highlights

കൊച്ചി: നാലും ഏഴും വയസുള്ള മക്കളെ കായലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ഇരട്ട ജീവപര്യന്തം. എറണാകുളം പിഴല സ്വദേശി കൊച്ചുത്രേസ്യ എന്ന സിന്ധുവിനെയാണ് നോര്‍ത്ത് പറവൂർ സെഷൻസ് കോടതി ശിക്ഷിച്ചത്. ഇരട്ട ജീവപര്യന്തത്തിന് പുറമേ 5,000 രൂപ പിഴയും പ്രതി ഒടുക്കണം. ഇല്ലെങ്കിൽ പ്രതി അധിക തടവ് അനുഭവിക്കേണ്ടി വരും.  

മക്കളെ സംരക്ഷിക്കേണ്ട അമ്മ കുട്ടികളെ കൊലപ്പെടുത്തി, ആ കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു എന്ന് നീരീക്ഷിച്ചാണ് കോടതി കൊച്ചുത്രേസ്യ എന്ന സിന്ധുവിന് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2015 ഡിസംബറിലാണ് കേസിന് ആസ്പദമായി സംഭവം നടന്നത്. കുടുംബ വഴക്കിനെ തുടർന്ന് മക്കളായ ഏഴ് വയസ്സുള്ള ഷെറിയെയും നാല് വയസ്സുള്ള ഷോണിനെയും കൊച്ചുത്രേസ്യ മൂലംന്പള്ളി പാലത്തിൽ നിന്ന് കായലിലേക്ക് എറിയുകയായിരുന്നു. തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചെന്നായിരുന്നു കൊച്ചുത്രേസ്യയുടെ വാദം. 

കായലിലെ ചീനവല കുറ്റിയിൽ പിടിച്ച് കിടന്ന നിലയിലാണ് കൊച്ചുത്രേസ്യയെ കണ്ടെത്തിയത്. 30 അടി ഉയരത്തിൽ നിന്നുള്ള പാലത്തിൽ നിന്ന് ചാടിയാൽ നീന്തലറിയാത്ത കൊച്ചുത്രേസ്യ ഉടനടി മരിക്കേണ്ടതാണ്. എന്നാൽ പാലത്തിൽ നിന്ന് ചാടിയതിന്‍റെയോ 10 മണിക്കൂറോളം വെള്ളത്തിൽ കിടന്നതിന്‍റെയോ യാതൊരു ലക്ഷണങ്ങളും ശരീരത്തിൽ ഉണ്ടായിരുന്നില്ല എന്ന ഡോക്ടർമാരുടെ മൊഴി കൊച്ചുത്രേസ്യയ്ക്ക് തിരിച്ചടിയാവുകയായിരുന്നു. പറവൂർ പൊലീസായിരുന്നു കേസ് അന്വേഷിച്ചത്. 

click me!