
ആലപ്പുഴ: ആലപ്പുഴ നഗരത്തിന് ഉത്സവനാളുകള്‍ സമ്മാനിച്ച് പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന മുല്ലയ്ക്കല്‍ ചിറപ്പ് മഹോത്സവത്തിന് 16 ന് തുടക്കമാവും. ചിറപ്പ് മഹോത്സവത്തിന് സ്വാഗതമരുളുന്ന കൂറ്റന്‍ ഗോപുരങ്ങള്‍ എ.വി.ജെ, കിടങ്ങാംപറമ്പ് ജംഗ്ഷനുകളില്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. സീറോ ജംഗ്ഷന്‍ മുതല്‍ കിടങ്ങാംപറമ്പ് ക്ഷേത്രത്തിന് സമീപംവരെ റോഡിന്റെ ഇരുവശങ്ങളിലും താല്‍ക്കാലിക കച്ചവടക്കാര്‍ എത്തിതുടങ്ങി. അന്യസംസ്ഥാനത്തുനിന്നുള്ള കളിക്കോപ്പുകളുമായി കാലേകൂട്ടി തന്നെ കച്ചവടക്കാര്‍ എത്തി. മുല്ലയ്ക്കല്‍ നഗരം തിളങ്ങുന്ന തോരണങ്ങളാല്‍ അലംകൃതമായി. ഇക്കുറി രണ്ട് കാര്‍ണിവലുകള്‍ ഉത്സവത്തിന് ഹരം പകരും. വിവിധ റൈഡുകളും രംഗത്തെക്കഴിഞ്ഞു. വൈഎംസിഎ പാലത്തിന് തെക്ക്‌വശത്തെ മഹേശ്വരി ഗ്രൗണ്ടിലും മുല്ലയ്ക്കല്‍ ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ സ്ഥലത്തുമാണ് കാര്‍ണിവല്‍ ഒരുങ്ങുന്നത്.
മുല്ലയ്ക്കല്‍, കിടങ്ങാംപറമ്പ് ക്ഷേത്രങ്ങളില്‍ പ്രത്യേക കലാപരിപാടികളും നടക്കും. 16 മുതല്‍ വൈകുന്നേരങ്ങളില്‍ നഗരം ജനനിബിഡമാകും. സുരക്ഷയുടെ ഭാഗമായി നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ പ്രത്യേക പോലീസ് സേനാംഗങ്ങളെ വിന്യസിക്കുന്നതോടൊപ്പം ക്യാമറാ നിരീക്ഷണത്തിലുമായിരിക്കും. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി ഷാഡോ പോലീസും രംഗത്തുണ്ടാവും. ചിറപ്പ് ആരംഭം മുതല്‍ വൈകിട്ട് മൂന്ന് മണിക്ക് ശേഷം ജില്ലാ കോടതി പാലം മുതല്‍ സീറോ ജംഗ്ഷന്‍ വരെ വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. 22 മുതല്‍ 28 വരെ എസ്.ഡി.വി മൈതാനത്ത് നടക്കുന്ന കാര്‍ഷിക വ്യാവസായിക പ്രദര്‍ശനവും കൂടിയാകുമ്പോള്‍ ആലപ്പുഴ നഗരം അക്ഷരാര്‍ത്ഥത്തില്‍ ഉത്സവലഹരിയിലമരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam