
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി രൂപീകരിച്ച ഉപസമിതിയുടെ അണക്കെട്ട് പരിശോധനയ്‍ക്ക് ശേഷമുള്ള യോഗം റദ്ദാക്കി. തമിഴ്‍നാടിന്റെ നിസ്സഹകരണം മൂലമാണ് യോഗം വേണ്ടെന്നു വച്ചത്. അണക്കെട്ടിന്റെ 10,11 ബ്ലോക്കുകള്‍ക്കിടയിലുണ്ടായിരുന്ന ചോര്‍ച്ച ഇപ്പോഴും ചെറിയ തോതില്‍ തുടരുന്നതായി ഉപസമിതിയുടെ പരിശോധനയില്‍ കണ്ടെത്തി.
കനത്ത മഴ മൂലം മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഒരു ദിവസം കൊണ്ട് ആറടിയിലധികം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഉപസമിതി അണക്കെട്ട് പരിശോധിക്കാന്‍ തീരുമാനിച്ചത്. കേരളത്തിന്റെ ആവശ്യ പ്രകാരമായിരുന്നു പരിശോധന. കേന്ദ്ര ജല കമ്മിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി രാജേഷ് അധ്യക്ഷനായി ഉപ സമിതിയില്‍ കേരളത്തിന്‍റെയും തമിഴ്‍നാടിന്റെയും രണ്ടു പ്രതിനിധികള്‍ വീതമാണുള്ളത്. പരിശോധന പെട്ടെന്ന് തീരുമാനിച്ചതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് തമിഴ്‍നാട് അധ്യക്ഷനെ അറിയിച്ചു. എന്നാല്‍ സ്ഥിതി ആശങ്കാ ജനകമായിതിനാല്‍ പരിശോധന വേണമെന്ന് സമിതി അധ്യക്ഷന്‍ ഉറച്ച നിലപാടെത്തതോടെയാണ് തമിഴ്‍നാട് അംഗങ്ങളില്‍ ഒരാളെ അയച്ചത്. മറ്റൊരംഗമായ തമിഴ്‍നാട് പൊകുമരാമത്ത് വകുപ്പ് എക്‍സിക്യൂട്ടിവ് എന്‍ജിനീയര്‍ സുബ്രഹ്‍മണ്യന്‍ പരിശോധനയുമായി സഹകരിച്ചില്ല. നാലു പേരടങ്ങുന്ന സംഘം ഉച്ചയോടെ പരിശോധന പൂര്‍ത്തിയാക്കി. സീപ്പേജ് വെള്ളത്തിന്റെ അളവും രേഖപ്പെടുത്തി. മിനിറ്റില്‍ 66.42 ലിറ്റര്‍ വെള്ളമാണ് സീപ്പേജായി പുറത്തേക്ക് വരുന്നത്. അണക്കെട്ടില്‍ കഴിഞ്ഞ തവണത്തെ പരിശോധനയില്‍ കണ്ടെത്തിയ ചോര്‍ച്ച ഇപ്പോഴും തുടരുന്നതായും കണ്ടെത്തി. പരിശോധനയ്‍ക്ക് ശേഷമാണ് സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താറുള്ളത്. അംഗങ്ങളില്‍ ഒരാളില്ലാത്തതിനാല്‍ യോഗം ഒഴിവാക്കണമെന്ന് തമിഴ്‍നാട് അവശ്യപ്പെട്ടിരുന്നു. ജലിനിരപ്പ് ഉയരുന്നതുള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ വിലിരുത്താന്‍ സമിതി അധ്യക്ഷന്‍ ഒരു ദിവസം കൂടി കുമളിയില്‍ ക്യാമ്പു ചെയ്യും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam