പിണറായി വീണ്ടും മുഖ്യമന്ത്രിയാകുമെന്ന പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി മണിശങ്കർ അയ്യർ. സർക്കാരിന്റെ ഭരണനേട്ടങ്ങൾ കേട്ടറിഞ്ഞാണ് അങ്ങനെയൊരു അഭിപ്രായം പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. തരൂരിനെ ഓന്തെന്നും കെ സി വേണുഗോപാലിനെ ഗുണ്ടയെന്നും വിശേഷിപ്പിച്ചു

തിരുവനന്തപുരം: പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകുമെന്നുള്ള പ്രസ്താവനയിൽ ഉറച്ച് മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യർ. കോൺഗ്രസ് നേതാക്കൾ വിമർശനം കടുപ്പിച്ചതിന് പിന്നാലെയാണ് മണി ശങ്കർ അയ്യർ നിലപാടിലുറച്ച് രംഗത്തെത്തിയത്. ഗാന്ധിയൻ എന്ന നിലയിൽ തനിക്ക് സത്യം പറഞ്ഞേ മതിയാകൂ എന്നാണ് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് കേട്ടതിന് ശേഷമാണ് പിണറായി വീണ്ടും അധികാരത്തിൽ വരുമെന്ന് പറഞ്ഞത്. അല്ലാതെ വെറുതേ പറഞ്ഞതല്ല. ഇത്രയും കാര്യങ്ങൾ ചെയ്ത സർക്കാർ എങ്ങനെ വീണ്ടും അധികാരത്തിൽ വരാതിരിക്കുമെന്ന ചോദ്യവും മണിശങ്കർ അയ്യർ ഉന്നയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'കെസി ഗുണ്ട, തരൂർ ഓന്ത്'

കോൺഗ്രസ് നേതാക്കളുടെ വിമർശനത്തിനും അയ്യർ മറുപടി പറഞ്ഞു. ശശി തരൂർ ഓന്താണെന്നും കെ സി വേണുഗോപാൽ ഗുണ്ടയാണെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ചെന്നിത്തലയേക്കാൾ മുതിർന്ന നേതാവ് ആണ് താനെന്ന് പറഞ്ഞ അയ്യർ, ചെന്നിത്തലയാണോ കോൺഗ്രസിന്റെ പി ആർ എന്നും ചോദിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സോഷ്യലിസ്റ്റും സെക്യുലറുമാണ്. സതീശനെ കോൺഗ്രസ് മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ പിണറായി വരുമെന്ന് ഉറപ്പാണ്. യു ഡി എഫ് അധികാരത്തിൽ വരണമെങ്കിൽ മൂല്യങ്ങൾ ഉള്ളയാൽ വേണം. ചെന്നിത്തലയെയോ, തരൂരിനെയോ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയാൽ കോൺഗ്രസിന് ജയിക്കാനാവില്ലെന്നും അയ്യർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.