
തിരുവനന്തപുരം: ശബരിമലയെ കലാപഭൂമിയാക്കിയത് മുഖ്യമന്ത്രിയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമലയില്‍ യുദ്ധസമാനമായ സാഹചര്യം ഉണ്ടാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
റോമസമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണവായിച്ചു രസിച്ച നീറോ ചക്രവര്‍ത്തിയെപ്പോലെയാണ് മുഖ്യമന്ത്രി. അദ്ദേഹം കുടുംബസമേതം ഗള്‍ഫ് രാജ്യങ്ങളില്‍ വിനോദയാത്ര നടത്തുകയാണ്. ജാഗ്രതയുള്ള ഭരണാധികരിയെപ്പോലെ പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിക്കു കഴിയുന്നില്ല. തികച്ചും അസമയത്താണ് അദ്ദേഹത്തിന്റെ ഗള്‍ഫ് പര്യടനമെന്നു മുല്ലപ്പള്ളി പറഞ്ഞു.
ശബരിമലയെ മറ്റൊരു അയോധ്യയാക്കാനാണ് സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നതെന്ന യാഥാര്‍ത്ഥ്യവും നാം തിരിച്ചറിയണം. പൊലീസിനെയും പട്ടാളത്തെയും വച്ച് വിശ്വാസത്തെ തച്ചുടയ്ക്കാന്‍ നോക്കരുത്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ സര്‍ക്കാരും പൊലീസും കിണഞ്ഞു ശ്രമിക്കുകയാണ്. ഇതു തീക്കളിയാണ്. ഇനിയും പിടിവാശി വെടിഞ്ഞ് സര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിനു ശ്രമിക്കണം. അല്ലെങ്കില്‍ സംഭവിക്കാന്‍ പോകുന്നത് ദുരന്തം തന്നെയായിരിക്കും. ചരിത്രത്തോടും കാലത്തോടും മുഖ്യമന്ത്രി കയ്യും കെട്ടിനിന്ന് കണക്കു പറയേണ്ടി വരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോണ്‍ഗ്രസ് അവസാന ശ്വാസംവരെ വിശ്വാസികള്‍ക്കൊപ്പം നിലയുറപ്പിക്കും. മഹാത്മഗാന്ധിയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവും സ്വീകരിച്ച നിലപാടാണിത്. ഇതല്ലാതെ മറ്റൊരു മാര്‍ഗവും കോണ്‍ഗ്രിസിന്റെ മുന്നിലില്ല.
ശബരിമലയില്‍ സമാധാനം പുലരാനും വിശ്വാസം സംരക്ഷിക്കാനുമുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് എല്ലാ സമാധാനസ്‌നേഹികളും പിന്തുണ നല്‍കണമെന്നും മുല്ലപ്പള്ളി അഭ്യര്‍ത്ഥിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam