കാസര്‍കോട് ഇരട്ടക്കൊലപാതകം: ഉദുമ എംഎല്‍എയുടെ പങ്ക് അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി

By Web TeamFirst Published Feb 21, 2019, 2:59 PM IST
Highlights

കൊലപാതകത്തില്‍ ഉദുമ എംഎൽഎ കെ കുഞ്ഞിരാമന് പങ്കുണ്ടെന്ന പ്രസ്താവന ഞെട്ടിക്കുന്നതാണെന്ന് മുല്ലപ്പള്ളി

കാസര്‍കോട്: വാളെടുത്തവൻ വാളാൽ എന്ന ആപ്തവാക്യം മുഖ്യമന്ത്രി ഓർക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. 29 കൊലപാതകങ്ങൾ നടത്തിയതാണ് സർക്കാരിന്റെ നേട്ടം. കാസര്‍കോട് ഇരട്ടക്കൊലപാതകത്തിലെ അന്വേഷണത്തില്‍ തൃപ്തിയില്ല. യഥാർത്ഥ പ്രതികൾ അറസ്റ്റിലായിട്ടില്ല. കൊലപാതകത്തില്‍ ഉദുമ എംഎൽഎ കെ കുഞ്ഞിരാമന് പങ്കുണ്ടെന്ന പ്രസ്താവന ഞെട്ടിക്കുന്നതാണ്. എംഎല്‍എയുടെ പങ്കും അന്വേഷിക്കണം. കേസ് നടത്താൻ അഭിഭാഷക സംഘത്തെ നിയോഗിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. 

എംഎൽഎ തെളിവ് നശിപ്പിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം ശക്തമാണ്. കുഞ്ഞിരാമന്‍ നേരത്തെ കൊലവിളി പ്രസംഗം നടത്തിയിരുന്നു എന്നും എംഎൽഎയുടെ പ്രചോദനം ഇല്ലാതെ കൊലപാതകം നടക്കില്ല എന്നും കൊല്ലപ്പെട്ട ശരത് ലാലിന്‍റെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞിരുന്നു.

കൊലപാതകത്തിന്‍റെ പിറ്റേദിവസം പാക്കത്തിനടുത്തെ വിജനമായ സ്ഥലത്ത് പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെത്തിയെന്നും  കസ്റ്റഡിയിലെടുക്കാൻ പൊലീസ് എത്തിയപ്പോൾ കെ കുഞ്ഞിരാമൻ എംഎൽഎയും സിപിഎം പ്രവർത്തകരും തടഞ്ഞെന്നാണ് ആരോപണം. വാഹനമുടമയായ സജി ജോർജിനെ കസ്റ്റഡിയിലെടുക്കാനും സമ്മതിച്ചില്ലെന്നും ശരതിന്‍റെ അച്ഛന്‍ സത്യനാരായണന്‍ ആരോപിച്ചിരുന്നു.

കൊലപാതകത്തിൽ ഉദുമ എംഎൽഎ കെ കുഞ്ഞിരാമനും മുൻ എംഎൽഎ കെ വി കുഞ്ഞിരാമനും പങ്കുണ്ടെന്ന് ആദ്യം മുതൽ ആരോപണം ഉയർന്നിരുന്നു. പ്രദേശത്ത് സിപിഎം ഓഫീസിന് കല്ലേറുണ്ടായപ്പോൾ സ്ഥലത്തെത്തിയ എംഎൽഎ കൊലവിളിനടത്തിയതായി സത്യനാരായണൻ പറഞ്ഞു. എംഎൽഎയുടെ പ്രചോദനമില്ലാതെ പീതാംബരന് കൊലപാതകം നടത്താനാകില്ലെന്നാണ് കുടുംബം ആവര്‍ത്തിക്കുന്നത്.

click me!