നവോത്ഥാന പോരാട്ടങ്ങള്‍ നടന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനിക്കും മുമ്പ്: മുല്ലപ്പള്ളി

Published : Oct 25, 2018, 09:22 PM IST
നവോത്ഥാന പോരാട്ടങ്ങള്‍ നടന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനിക്കും മുമ്പ്: മുല്ലപ്പള്ളി

Synopsis

നവോത്ഥാന പോരാട്ടങ്ങളുമായി കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വിദൂരബന്ധം പോലുമില്ല. 1936ല്‍ നടന്ന ക്ഷേത്രപ്രവേശനവിളംബരം, അതിനു മുന്നോടിയായി നടന്ന വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങള്‍ തുടങ്ങിയവ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേതാക്കി ഹൈജാക്ക് ചെയ്യാനാണ് ശ്രമം. നിര്‍ഭാഗ്യവശാല്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി 1939ല്‍ കേരളത്തില്‍ രൂപീകൃതമാകുന്നതിനു മുമ്പേ നടന്നവയാണ് ഈ പ്രക്ഷോഭങ്ങള്‍. 

തിരുവനന്തപുരം: ചരിത്രത്തെ വളച്ചൊടിച്ച് ശബരിമല പ്രശ്‌നത്തെ നവോത്ഥാന പോരാട്ടങ്ങളുമായി കൂട്ടിക്കെട്ടാനും അവയെ തങ്ങളുടേത് ആക്കാനുമുള്ള സിപിഎമ്മിന്റെ  ശ്രമം അപഹാസ്യമാണെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നവോത്ഥാന പോരാട്ടങ്ങളുമായി കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വിദൂരബന്ധം പോലുമില്ല. 1936ല്‍ നടന്ന ക്ഷേത്രപ്രവേശനവിളംബരം, അതിനു മുന്നോടിയായി നടന്ന വൈക്കം, ഗുരുവായൂര്‍ സത്യഗ്രഹങ്ങള്‍ തുടങ്ങിയവ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേതാക്കി ഹൈജാക്ക് ചെയ്യാനാണ് ശ്രമം. നിര്‍ഭാഗ്യവശാല്‍, കമ്യൂണിസ്റ്റ് പാര്‍ട്ടി 1939ല്‍ കേരളത്തില്‍ രൂപീകൃതമാകുന്നതിനു മുമ്പേ നടന്നവയാണ് ഈ പ്രക്ഷോഭങ്ങള്‍. 

ഇതിന്റെയെല്ലാം തലപ്പത്ത് ഉണ്ടായിരുന്നത് കോണ്‍ഗ്രസ് നേതാക്കളും പ്രക്ഷോഭകാരികള്‍ കോണ്‍ഗ്രസുകാരുമായിരുന്നു. നവോത്ഥാന മുന്നേറ്റം കോണ്‍ഗ്രസ് എന്ന വടവൃക്ഷത്തിന്റെ ശിഖരങ്ങളായിരുന്നെന്നു ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. വൈക്കം, ഗുരുവായൂര്‍ പ്രക്ഷോഭങ്ങളുടെ അമരക്കാരന്‍ കെപിസിസി പ്രസിഡന്റായിരുന്ന കെ. കേളപ്പനാണ്. 1924ല്‍ മൗലാന മുഹമ്മദ് അലിയുടെ അധ്യക്ഷതയില്‍ കാക്കിനടയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ടി.കെ മാധവന്‍, കെപി കേശവമേനോന്‍ എന്നിവര്‍ അയിത്തോച്ചാടനത്തെയും ക്ഷേത്രപ്രവേശനത്തേയും അനുകൂലിച്ച് അവതരിപ്പിച്ച പ്രമേയം അംഗീകരിക്കപ്പെട്ടു. 

ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി അയിത്തോച്ചാടനത്തിനായി രൂപീകരിച്ച രണ്ടു കമ്മിറ്റികളുടെയും അധ്യക്ഷന്‍ കേളപ്പനായിരുന്നു. കേരള ഗാന്ധിയെന്ന് അറിയപ്പെടുന്ന അദ്ദേഹം കോണ്‍ഗ്രസ് രൂപീകരിച്ച അയിത്തോച്ചാടന കമ്മിറ്റിയുടെ അധ്യക്ഷന്‍ കൂടിയായിരുന്നു. അയിത്തോച്ചാടനത്തിന്റെ ഭാഗമായി അവര്‍ണര്‍ക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി ആരംഭിച്ച വൈക്കം സത്യഗ്രഹത്തില്‍ അദ്ദേഹം 1924ല്‍ പങ്കെടുത്തു. ഇതിന് അദ്ദേഹത്തിന് ആറുമാസം ജയില്‍ശിക്ഷയും അനുഭവിക്കേണ്ടി വന്നു. 1931ല്‍ വടകരയില്‍ വച്ച് സെന്‍ഗുപ്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അഞ്ചാം പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഹൈന്ദവക്ഷേത്രങ്ങളില്‍ എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം നല്കണം എന്നാവശ്യപ്പെട്ടുള്ള പ്രമേയം പാസാക്കി. 

ഇത് വലിയൊരു രാഷ്ട്രീയസമരമായി രൂപാന്തരപ്പെട്ടു. കേളപ്പന്റെ നേതൃത്വത്തില്‍ 1931 നവം ഒന്നിന് ആരംഭിച്ച ഗരുവായൂര്‍ സത്യഗ്രഹം പത്തുമാസം നീണ്ടു. തുടര്‍ന്ന്  കേളപ്പന്‍ ആരംഭിച്ച നിരാഹാര സത്യഗ്രഹം ഗാന്ധിജി നേരിട്ട് ഇടപെട്ടതിനെ തുടര്‍ന്നാണ്  അവസാനിപ്പിച്ചത്. കോണ്‍ഗ്രസിന്റെ സന്നദ്ധ ഭട•ാര്‍ എന്ന നിലയിലാണ് എകെജിയും പി. കൃഷ്ണപിള്ളയും ഈ പരിപാടികളില്‍ പങ്കെടുത്തതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. 
1936ല്‍ തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശന വിളംബരം നടന്നതും 1947ല്‍ ക്ഷേത്രപ്രവേശന ഉടമ്പടിക്കുശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എല്ലാവര്‍ക്കും പ്രവേശനം ലഭിച്ചതും കേളപ്പനും കോണ്‍ഗ്രസും നടത്തിയ ഉജ്വലമായ പോരാട്ടങ്ങളുടെ സൃഷ്ടികളാണെന്നു ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ ഇന്നുവരെ ഒരു സംഭവത്തിന്റെയും 82-ാം വാര്‍ഷികം ആഘോഷിച്ചതായി കേട്ടിട്ടില്ല. ക്ഷേത്രപ്രവേശനവിളംബരത്തിന്റെ 82-ാം വാര്‍ഷികം ആഘോഷിക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നു ഇതില്‍ നിന്നു വ്യക്തമാണ്. എന്നാല്‍ കോണ്‍ഗ്രസ് ക്ഷേത്രപ്രവേശന വിളംബരം എല്ലാവര്‍ഷവും ആഘോഷിക്കാറുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാർട്ടി ഫണ്ട് വേണമെന്ന് ഡിസിസി അധ്യക്ഷൻ തന്നോട് ആവശ്യപ്പെട്ടുവെന്ന് ലാലി ജെയിംസ്; 'ഫണ്ട് കയ്യിലില്ലെന്ന് പറഞ്ഞ് താൻ കൈക്കൂപ്പി'
മൊബൈൽ ഫോണിൻ്റെ തിരിച്ചടവ് മുടങ്ങി; യുവാവിന് മർദനം, മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്