എല്ലാ ജില്ലകളിലും മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം: മന്ത്രി ഇപി ജയരാജന്‍

By Web DeskFirst Published Sep 8, 2016, 11:08 AM IST
Highlights

തിരുവനന്തപുരം: എല്ലാ ജില്ലകളിലും മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍. റിയോ ഒളിംപിക്‌സില്‍ പങ്കെടുത്തു തിരിച്ചെത്തിയ മുഹമ്മദ് അനസിന് നല്‍കിയ സ്വീകരണത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

റിയോ ഒളിംപിക്‌സില്‍ രാജ്യത്തിനായി മത്സരിച്ച് തിരിച്ചെത്തിയ മുഹമ്മദ് അനസിന് നിലമേല്‍ ഗ്രാമപഞ്ചായത്തും ജന്മ നാടും ആവേശകരമായ സ്വീകരണമാണ് ഒരുക്കിയത്. കായിക താരങ്ങള്‍ക്ക് കേരളത്തില്‍ തന്നെ പരിശീലനത്തിനായി മികച്ച സൗകര്യങ്ങള്‍ ഒരുക്കുമെന്ന് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത കായികവകുപ്പ് മന്ത്രി വ്യക്തമാക്കി. 

2017 ലെ ഏഷ്യന്‍ ബീച്ച് ഗെയിംസ് കേരളത്തില്‍ നടത്താന്‍ ശ്രമം നടത്തും. എല്ലാ ജില്ലകളിലും ആധുനിക സൗകര്യങ്ങളോടെയുള്ള മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു.

കായിക പരിശീലനം ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നിലമേല്‍ പൗരാവലിയുടെ ഉപഹാരമായി സ്‌പോര്‍ട്‌സ് ബൈക്ക് അനസിന് സമ്മാനിച്ചു. അതേസമയം അനസിന്റെ ആദ്യകാല പരിശീലകന്‍ അന്‍സറിനെ സ്വീകരണ സമ്മേളനത്തിലേക്ക് ക്ഷണിക്കാതിരുന്നത് പ്രതിഷേധത്തിനിടയാക്കി.

click me!