മനുഷ്യക്കടത്ത്: ഓസ്ട്രേലിയയിലേക്ക് കടന്നവരുടെ ദൃശ്യങ്ങൾ പുറത്ത്; സൂത്രധാരൻമാരെ തിരിച്ചറിഞ്ഞു

By Web TeamFirst Published Jan 15, 2019, 11:13 AM IST
Highlights

ചെറായിയിലെ ഒരു സ്വകാര്യ റിസോർട്ടിൽ നിന്നുള്ള ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. കുട്ടികളും സ്ത്രീകളുമടക്കമുള്ളവർ സംഘത്തിലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 

കൊച്ചി: ചെറായിയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കടന്നെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. സ്ത്രീകളും കുട്ടികളും സംഘത്തിലുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ചെറായിയിലെ ഒരു സ്വകാര്യറിസോർട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഈ മാസം അഞ്ചാം തീയതിയാണ് ഇവർ ചെറായിയിലെ റിസോർട്ടിൽ എത്തിയത്. ഒരാഴ്ച ഇവർ റിസോർട്ടിൽ താമസിച്ചു. റിസോർട്ടിൽ നൽകിയിരിക്കുന്നത് വ്യാജമേൽവിലാസമാണ്. ഈ ദൃശ്യങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.  

മുനമ്പം വഴി ഇവരെ കടത്തിയ ബോട്ട് വാങ്ങിയ രണ്ട് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ശ്രീകാന്തൻ, സെൽവം എന്നിവരാണ് ബോട്ട് വാങ്ങിയതെന്നാണ് പൊലീസിന് വിവരം കിട്ടിയിരിക്കുന്നത്. കുളച്ചൽ സ്വദേശിയാണ് ശ്രീകാന്തൻ. സെൽവം ഏത് നാട്ടുകാരനാണെന്ന വിവരം പൊലീസിന് കിട്ടിയിട്ടില്ല. തിരുവനന്തപുരം സ്വദേശി അനിൽകുമാറിൽ നിന്നാണ് ഇവർ ബോട്ട് വാങ്ങിയത്.

ഒരു കോടി രണ്ട് ലക്ഷം രൂപ നൽകിയാണ് ഇവർ അനിൽകുമാറിൽ നിന്ന് ബോട്ട് വാങ്ങിയത്. ഒന്നിൽ കൂടുതൽ ബോട്ടുകൾ കൊച്ചിയിൽ നിന്ന് പോയെന്നും വിവരമുണ്ട്. കഴിഞ്ഞയാഴ്ച  ശ്രീകാന്തൻ കൊടുങ്ങല്ലൂരെത്തിയിരുന്നു. ഇവിടുത്തെ ഒരു ലോഡ്ജിലാണ് ഇയാള്‍ താമസിച്ചത്.  കാര്യങ്ങൾ ഏകോപിപ്പിച്ചതും ശ്രീകാന്തൻ ആണെന്നാണ് സൂചന. ഇയാളുടെ മൊബൈൽ ഫോൺ നിലവിൽ പ്രവർത്തന രഹിതമാണ്. 

രണ്ടുദിവസം മുമ്പാണ് 42 പേരടങ്ങുന്ന സംഘം കൊച്ചി തീരത്തുനിന്ന് മൽസ്യബന്ധനബോട്ടിൽ പുറപ്പെട്ടത്. മുനമ്പത്തുനിന്നും കൊടുങ്ങല്ലൂരിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗുകളാണ് മനുഷ്യക്കടത്തിനെപ്പറ്റി സൂചന നൽകിയത്. ഓസ്ട്രേലിയയിൽ നിന്ന് 1538 നോട്ടിക്കൽ മൈൽ അകലെയുളള ക്രിസ്തുമസ് ദ്വീപിലേക്കാണ് ഇവർ പോയെതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഓസ്ട്രേലിയയിലേക്കുളള അനധികൃത കുടിയേറ്റത്തിന്‍റെ ഇടനാഴിയാണ് ഈ ദ്വീപ്. 

തമിഴ്നാട്ടിൽ ശ്രീലങ്കൻ അഭയാർഥി ക്യാപുകളിൽ കഴിയുന്നവരാണ് ജയമാതാ എന്ന പേരുള്ള ബോട്ടിൽ കൊച്ചി തീരം വിട്ടതെന്നും സംശയിക്കുന്നു. ഇത്തരം ക്യാംപുകളിലെ നിരവധിപ്പേർ മുമ്പും കൊച്ചി വഴി സമാനരീതിയിൽ ഓസ്ട്രേലിയയിലേക്ക് പോയതാണ് ഇത്തരമൊരു സംശയത്തിന് കാരണം. തമിഴ്നാട്ടിലെ ഈ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവരെ അനധികൃത കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്ന രാജ്യാന്തര റാക്കറ്റുതന്നെയാണ് മുനമ്പത്ത് എത്തിയതെന്നും കരുതുന്നു.

കടന്നവരിൽ ദില്ലിയിൽ നിന്നുള്ളവരും?

ദില്ലി അംബേദ്കർ നഗറിൽ നിന്നുള്ള തമിഴ് വംശജരും സംഘത്തിലുണ്ടായിരുന്നെന്ന് അയൽവാസികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അംബേദ്കർ നഗറിലെ സി,എച്ച് ബ്ലോക്കുകളിൽ നിന്നായി ഇരുന്നൂറിലേറെപ്പേർ ബോട്ട് മാർഗ്ഗം  വിദേശത്തേക്ക് പോകാനായി തമിഴ് നാട്ടിലും കേരളത്തിലുമായി എത്തി. ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഏജന്‍റെത്തിയാണ് ഇവരെ കൊണ്ടുപോയത്. മുനമ്പത്ത് നിന്ന് ഇത്തവണ പോകാൻ കഴിയാതിരുന്നവർ തിരിച്ചുവരുമെന്നും അറിയിച്ചതായി അയൽവാസികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇടനിലക്കാരൻ കഴിഞ്ഞിരുന്നത് തിരുവനന്തപുരത്ത്

ഓസ്ട്രേലിയയിലേക്ക് ആളുകളെ കടത്തിയെന്ന് സംശയിക്കുന്ന ശ്രീകാന്തൻ തിരുവനന്തപുരത്തെ വെങ്ങാനൂർ പരുത്തിവിളയിലാണ് കഴിഞ്ഞിരുന്നതെന്ന് പൊലീസിന് വിവരം കിട്ടി. രണ്ട് വർഷമായി ഇയാൾ ഇവിടെ താമസിക്കുകയായിരുന്നു. നെല്ലിമൂടുൾപ്പടെയുള്ള സ്ഥലങ്ങളിൽ ഇയാൾ ഭൂമി വാങ്ങിയിട്ടുണ്ട്. എന്നും വീട്ടിൽ വരാറില്ലെന്നും, വല്ലപ്പോഴും വന്ന് താമസിക്കുകയാണ് പതിവെന്നും അയൽവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കുറച്ചുദിവസം മുൻപ് തമിഴ് സംസാരിക്കുന്ന ചിലർ വീട്ടിൽ വന്നിരുന്നെന്നും ഇപ്പോൾ കുറച്ചുദിവസമായി വീട് അടഞ്ഞുകിടക്കുകയാണെന്നും അയൽവാസികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ശ്രീകാന്തൻ കൊടുങ്ങല്ലൂരിലെ 'ഇന്ദ്രപ്രസ്ഥം' എന്ന സ്വകാര്യ ഹോട്ടലിലാണ് താമസിച്ചിരുന്നത്. 23 മുതൽ 28 വരെയാണ് ഇവിടെ കഴിഞ്ഞിരുന്നത്..ചാത്തൻസേവയ്ക്ക് വന്നതാണെന്നാണ് ഹോട്ടലധികൃതരെ ഇയൾ ധരിപ്പിച്ചത്. 12-ാം തീയതി വരെ ഇയാൾ ഫോൺ ഉപയോഗിച്ചിരുന്നെന്നും എന്നാൽ പിന്നീട് ഫോൺ ഓഫായെന്നും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. 

click me!