ഭര്‍ത്താവിന്‍റെ മരണത്തില്‍ ദൂരൂഹതയെന്ന് ഭാര്യ; മ്യതദേഹം കുഴിച്ചെടുത്ത് പോസ്റ്റുമാട്ടത്തിനൊരുങ്ങി പൊലീസ്

By Web DeskFirst Published Jan 11, 2018, 9:29 PM IST
Highlights

ഇടുക്കി: മൂന്നാര്‍ എല്ലപ്പെട്ടി എസ്റ്റേറ്റില്‍ ഒരുവര്‍ഷം മുമ്പ് മരിച്ചനിലയില്‍ കണ്ടെത്തിയ ഭര്‍ത്താവ് ഗണേഷന്റെ (38) മരണത്തില്‍ ദുരൂഹയുള്ളതായി ഭാര്യ ഹേമലത. ഭര്‍ത്താവിന്റെ മ്യതദേഹം കുഴിമാടത്തില്‍ നിന്നും പുറത്തെടുത്ത് പോസ്റ്റുമാട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് ഹേമലത നല്‍കിയ പരാതിയില്‍ മൂന്നാര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മൂന്നാര്‍ സി.ഐ സാംജോസിന്റെ നേത്യത്വത്തില്‍ എസ്.ഐ ലൈജുമോന്‍ എസ്‌റ്റേറ്റിലെത്തി അന്വേഷണം നടത്തി. ഒരാഴ്ചക്കുള്ളില്‍ മ്യതദേഹം കുഴയില്‍ നിന്നും പുറത്തെടുത്ത് പോസ്റ്റുമാട്ടം ചെയ്യുമെന്ന് അധിക്യതര്‍ പറഞ്ഞു.

2016 ഡിസംബര്‍ ആറിനാണ് എല്ലപ്പെട്ടി എസ്റ്റേറ്റിലെ ഫാക്ടറിക്ക് സമീപത്തെ പുല്‍മേട്ടില്‍ ഗണേഷനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രി ഒന്‍പതിന് ഫാക്ടറിലേക്ക് ജോലിക്കുപോയ ഗണേഷനെ പുലര്‍ച്ചെ  പുല്‍മേട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മരണവാര്‍ത്ത ഭാര്യ ഹേമലത അറിയുന്നത് പുലര്‍ച്ചെ മൂന്നിനാണ്. വീട്ടില്‍ നിന്നും എത്തിയ ഹേമലത കടുത്ത തണുപ്പിലും ഭര്‍ത്താവിന്റെ ദേഹത്ത് ചൂടുള്ളതായി ബോധ്യപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് എസ്റ്റേറ്റിലെ കമ്പനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍ അറിയിച്ചു.

മ്യതദേഹം പോസ്റ്റുമാട്ടം ചെയ്യാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും എസ്‌റ്റേറ്റിലെ ചിലര്‍ പണചിലവ് അധികമാകുമെന്ന് പറഞ്ഞ് ഹേമലതയെ പിന്‍തിരിപ്പിച്ചു. മ്യതദേഹം കുഴിച്ചിടുന്നതിന് പകരം ദഹിപ്പിക്കുവാന്‍ അദ്ദേഹത്തോടൊപ്പം ജോലിചെയ്തിരുന്ന ചിലര്‍ വാശിപിടിച്ചെങ്കിലും ഭാര്യ സമ്മതിക്കാതെവന്നതോടെ എസ്‌റ്റേറ്റ് സമീപത്തെ ചുടുകാട്ടില്‍ കുഴിച്ചിട്ടു. എന്നാല്‍ രാത്രിയില്‍ ജോലിക്കുപോയ ഗണേഷന്‍ രാത്രി പതിനൊന്നിന് വീട്ടിലേക്കുമടങ്ങിയതായി ജീവനക്കാര്‍ പറഞ്ഞതും, മ്യതദേഹം ദഹിപ്പിക്കാന്‍ സഹപ്രവര്‍ത്തകര്‍ നിര്‍ബന്ധം പ്രകടപ്പിച്ചതുമാണ് ഭാര്യയെ സംശയത്തിലാക്കിയത്.

ഭര്‍ത്താവ് മരിച്ച് മുന്നുമാസം പിന്നിട്ടതോടെ മരത്തിലെ ദുരൂഹത കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ- സംസ്ഥാന പോലീസിനും, മന്ത്രിമാര്‍ക്കും പരാതികള്‍ നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് മ്യതദേഹം പുറത്തെടുകത്ത് അന്വേഷണം നടത്താന്‍ പോലീസ് ശ്രമം ആരംഭിച്ചിരിക്കുന്നത്. ദേവികുളം ആര്‍.ഡി.ഒയുടെ അനുമതി ലഭിച്ചാലുടന്‍ മ്യതദേഹം പോസ്റ്റുമാട്ടം നടത്താനാണ് പോലീസിന്റെ തീരുമാനം. ഒരുവര്‍ഷം പിന്നിട്ടതിനാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കാന്‍ കഴിയില്ലെന്ന് നിലപാടിലാണ് അന്വേഷണ സംഘം. സഹപ്രവര്‍ത്തകരെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനും നീക്കമുണ്ട്.

click me!