മൂന്നാറില്‍ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കല്‍; ചിന്നക്കനാലിലെ അനധികൃത നിര്‍മാണം ഒഴിപ്പിച്ചു

By Web DeskFirst Published Sep 23, 2017, 10:36 AM IST
Highlights

ഇടുക്കി:  മൂന്നാറില്‍ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കല്‍. ചിന്നക്കനാലില്‍ സര്‍ക്കാര്‍ ഭൂമി കെയ്യേറി നടത്തിവന്നിരുന്ന അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ റവന്യൂസംഘം ഒഴിപ്പിച്ചു. 2007ല്‍ കയ്യേറ്റക്കാരില്‍ നിന്നും തിരിച്ച് പിടിച്ച് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ച ഭൂമിയാണിത്. ചിന്നക്കനാല്‍ വില്ലേജില്‍ ഉള്‍പ്പെട്ട സര്‍വേ നമ്പര്‍ 539 ല്‍ പെട്ട എഴുപതേക്കര്‍ റവന്യൂ ഭൂമിയിലെ കെയ്യേറ്റങ്ങളാണ് ദേവികുളം സബ് കലക്ടര്‍ വി.ആര്‍. പ്രേംകുമാറിന്റെ നേതൃത്വത്തില്‍ ഒഴിപ്പിച്ചത്.

ഒന്‍പത് വര്‍ഷം മുമ്പ് കയ്യേറ്റക്കാരില്‍ നിന്ന് ഒഴിപ്പിച്ചെടുത്ത ഭൂമി വനംവകുപ്പിന് കെമാറുന്നതിനുള്ള നടപടികള്‍ തുടരുന്നതിനിടയിലാണ് ഇവിടെ വീണ്ടും കൈയ്യേറ്റം നടന്നത്. അഞ്ചേക്കറോളം സ്ഥലം പ്ലോട്ടുകളായി തിരിച്ച് പാറപൊട്ടിച്ച് കല്‍ക്കെട്ടുകള്‍ പണിയുന്ന ജോലികള്‍ നടന്നുവരുന്നതിനിടയിലാണ് റെവന്യൂ സംഘം സ്ഥലം ഏറ്റെടുത്തത്. 

സര്‍ക്കാര്‍ ഭൂമിയിലൂടെ അരകിലോമീറ്റര്‍ ദൂരത്തില്‍ റോഡും നിര്‍മിച്ചിരുന്നു. കൈയ്യേറ്റമൊഴിപ്പിക്കുവാന്‍ റവന്യൂ സംഘം സ്ഥലത്തെത്തിയപ്പോള്‍ ആരും ഉണ്ടായിരുന്നില്ലെന്നും ആരാണ് കൈയ്യറ്റം നടത്തിയതെന്ന് അന്വേഷിക്കുമെന്നുമാണ്  ഉടുമ്പന്‍ചോല തഹസില്‍ദാരുടെ വിശദീകരണം. ശാന്തമ്പാറ പൊലീസ് കേസെടുത്തിട്ടുണ്ട്.

വനഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന 70 ഏക്കറോളം വരുന്ന വിസ്തൃതമായ സര്‍ക്കാര്‍ ഭൂമിയിലാണ് കൈയ്യേറ്റം നടന്നത്. നേരത്തെ  സര്‍ക്കാര്‍ സ്ഥാപിച്ച ബോര്‍ഡ് കൈയ്യേറ്റക്കാര്‍ വികൃതമാക്കിയിട്ടുണ്ട്. ഉടുമ്പന്‍ ചോല സ്‌പെഷല്‍ തഹസില്‍ദാര്‍ക്കൊപ്പം, ഭൂസംരക്ഷണ സേനാംഗങ്ങള്‍ തുടങ്ങിയ സംഘമാണ് നടപടികള്‍ക്കു നേതൃത്വം നല്‍കുന്നത്. കയ്യേറ്റം സംബന്ധിച്ച് റിപ്പോര്‍ട്ട് സബ് കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്

click me!