
കൊടനാട് എസ്റ്റേറ്റിലെ മോഷണ കൊലപാതക കേസുകളില്‍ അന്വേഷണം ഉന്നതരിലേക്ക് നീളാന്‍ സാധ്യത. എസ്റ്റേറ്റില്‍ നിന്ന് ജയലളിതയുടെയും ശശികലയുടെയും സ്വത്തുക്കള്‍ സംബന്ധിച്ച രേഖകളും കവര്‍ന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് പ്രതിപക്ഷവും രംഗത്തെത്തി
800 ഏക്കറിലേറെ പരന്നു കിടക്കുന്ന കോടനാട് ഏസ്റ്റേറ്റിലെ ബംഗ്ലാവിലാണ് വേനല്‍ക്കാലത്ത് ജയലളിതയും ശശികലയും താമസിച്ചിരുന്നത്. ജയലളിത മരിക്കുകയും ശശികല ജയിലിലുമായതോടെ ഏതാനും ജീവനക്കാര്‍ മാത്രമാണ് എസ്റ്റേറ്റില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ജയലളിതയുടെയും ശശികലയുടെയും പേരിലുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ സംബന്ധിച്ച രേഖകള്‍ ഇവിടെ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
മൂന്ന് സ്യൂട്ട് കേസുകളിലെ രേഖകള്‍ എസ്റ്റേറ്റില്‍ നിന്ന് കവര്‍ന്നിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നിരവധി വസിതകളും മറ്റ് സ്വത്തുക്കളും ജയലളിക്ക് ഉണ്ടായിരുന്നതിനാല്‍ കൃത്യമായി ഏതൊക്കെ രേഖകളാണ് കൊടനാട് ഉണ്ടായിരുന്നതെന്നോ ഏതൊക്കെയാണ് കവര്‍ന്നതെന്നോ പോലീസിന് കണ്ടെത്താനായിട്ടില്ല. ജയലളിതയുടെ പേരില്‍ സെക്കന്തരാബാദിലുണ്ടായിരുന്ന വസതി ശശികലയുടെ പേരിലേക്ക് മാറ്റിയതായി പിന്നീട് കണ്ടെത്തിയിരുന്നു. ശശികലക്കും അടുത്ത ബന്ധുക്കള്‍ക്കും ഒഴികെ മറ്റാര്‍ക്കും ജയലളിതയുടെ സ്വത്തുക്കളെക്കുറിച്ച് കാര്യമായ അറിവില്ലെന്നാണ് പൊലീസിന്‍റെ നിഗമനം.
ഈ സാഹചര്യത്തില്‍ കൊലപാതകത്തിനും മോഷണത്തിനും പിന്നില്‍ ഉന്നതബന്ധമുണ്ടോ എന്നും പരിശോധിക്കുകയാണ്. സുരക്ഷ ജീവനക്കാരന്‍റെ കൊലപാതകത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് പനീര്‍ശെല്‍വം രണ്ട് ദിവസം മുമ്പ് തന്നെ ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമല്ലെന്ന് ഡിഎംകെയും കുറ്റപ്പെടുത്തി. എന്നാല്‍ അണ്ണാ ഡിഎംകയുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം ഇതുവരെ ഉണ്ടായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam