
മെൽബൺ: മെൽബണില്‍ മലയാളിയായ സാം എബ്രഹാമിനെ സയനൈഡ് കൊടുത്തു കൊലപ്പെടുത്തിയ കേസിൽ സാമിന്‍റെ ഭാര്യ സോഫിയയ്ക്കും കാമുകൻ അരുൺ കമലാസനനും കോടതി ജയിൽശിക്ഷ വിധിച്ചു. അരുൺ കമലാസനന് 27 വർഷം തടവാണ് കോടതി വിധിച്ചിരിക്കുന്നത്. സോഫിയക്ക് 22 വർഷമാണ് തടവുശിക്ഷ. 2015 ഒക്ടോബർ 14നായിരുന്നു കൊല്ലം പുനലൂർ സ്വദേശിയായ സാം എബ്രഹാമിനെ മെൽബൺ എപ്പിംഗിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
എന്നാല്‍ സാം വധത്തില്‍ ഭാര്യ സോഫിയയേയും കാമുകന്‍ അരുണിനെയും കുടുക്കിയത് ഓസ്‌ട്രേലിയന്‍ പോലീസിന്‍റെ ശാസ്ത്രീയമായ അന്വേഷണമാണ്. പോലീസിന്‍റെ ചോദ്യം ചെയ്യലില്‍ കൊലപാതകം നടന്ന ദിവസം സംഭവിച്ച കാര്യങ്ങളെക്കുറിച്ച് അരുണ്‍ വിശദമായി തന്നെ പറഞ്ഞു. ഇതിന്‍റെ ശബ്ദരേഖ പോലീസ് തെളിവായി കോടതിയില്‍ ഹാജരാക്കി.
സോഫിയയും അരുണും ചേര്‍ന്ന് ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തിയാണു സാമിനു നല്‍കിയത്. മയക്കി കിടത്താനുള്ള മരുന്ന് അവക്കാഡോ ഷെയ്ക്കില്‍ കലര്‍ത്തി നല്‍കിയ ശേഷം ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തി നല്‍കുകയായിരുന്നു. ഓറഞ്ച് ജ്യൂസില്‍ സയനൈഡ് വളരെ വേഗത്തില്‍ കലരുമെന്നതിനാലാണു സാമിനു നല്‍കാന്‍ ഓറഞ്ച് ജ്യൂസ് തന്നെ തിരഞ്ഞെടുത്തത് എന്ന് അരുണ്‍ കമലാസന്‍ പോലീസിനോടു സമ്മതിച്ചു.
കൊല്ലപ്പെടുന്നതിനു തലേദിവസം രാത്രി 10 മണി മുതല്‍ വെളുപ്പിനെ 3.30 വരെ സാമിന്റെ വീട്ടു പരിസരത്ത് ഒളിച്ചു നിന്ന ശേഷമാണ് അരുണ്‍ കൃത്യം നിര്‍വഹിച്ചത്. സാം മരിക്കുന്നതിനു മുമ്പ് സോഫിയയും അരുണും കോമണ്‍വെല്‍ത്ത് ബാങ്കില്‍ ജോയിന്‍റ് അക്കൗണ്ട് തുടങ്ങി എന്നത് ഇവര്‍ക്കെതിരെ പ്രധാന തെളിവായി കണക്കാക്കി.
ഇതു കൂടാതെ അരുണിന്റെ പേരില്‍ ഉണ്ടായിരുന്ന സിം ഉപയോഗിച്ചിരുന്നത് സോഫിയ ആയിരുന്നു. ഇതിലെ കോള്‍ ലിസ്റ്റും ഇരുവര്‍ക്കും എതിരെ ഉള്ള സുപ്രധാന തെളിവായി. സാമിന്റെ മരണശേഷം ഇവര്‍ ഒരുമിച്ച് പുറത്തു പോകുന്നതിന്റെയും ഒരേ മേശയില്‍ ഇരുന്ന് ഉച്ച ഭക്ഷണം കഴിച്ചതിന്‍റെ ചിത്രങ്ങള്‍ രഹസ്യന്വേഷ ഉദ്യോഗസ്ഥര്‍ എടുത്തിരുന്നു. ഇതു പ്രധാന തെളിവായി കോടതി പരിഗണിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam