ഗോരക്ഷകരുടെ മർദ്ദനമേറ്റ് ഒരാൾ മരിച്ച സംഭവം; മാധ്യമസൃഷ്ടിയെന്ന കേന്ദ്രമന്ത്രി

By Web DeskFirst Published Apr 6, 2017, 12:55 PM IST
Highlights

ന്യൂഡല്‍ഹി: രാജസ്ഥാനിൽ ഗോരക്ഷകരുടെ മർദ്ദനമേറ്റ് ഒരാൾ മരിച്ച സംഭവം മാധ്യമസൃഷ്ടിയെന്ന കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വിയുടെ പ്രസ്താവന രാജ്യസഭയിൽ ബഹളത്തിനിടയാക്കി. അതേസമയം നിയമം കൈയിലെടുക്കാൻ ആരേയും അനുവദിക്കില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ലോക്സഭയിൽ വിശദീകരിച്ചത്..അതേസമയം ബീഫ് കൈവശം വച്ചതിന് അസമിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

രാജസ്ഥാനിലെ ആൾവാറിൽ ഗോരക്ഷകരുടെ മർദ്ദനമേറ്റ് പെഹ്‍ലു ഖാൻ എന്നയാൾ മരിച്ചസംഭവത്തിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി  പ്രതിപക്ഷം രംഗത്തെത്തിയപ്പോഴാണ് അത്തരമൊരു സംഭവം നടന്നിട്ടില്ലെന്നും അത് മാധ്യമസൃഷ്ടിയാണെന്നും കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‍വി മറുപടി നൽകിയത്.

മറുപടിയെ തുടർന്ന് സഭയിൽ പ്രതിപക്ഷം ബഹളം വച്ചെങ്കിലും സർക്കാരിന്റെ ഭാഗമേ വിശ്വസിക്കാനാകൂ എന്നും മാധ്യമങ്ങൾ നൽകുന്ന വാർത്ത വിശ്വസിക്കാനാകില്ലെന്നും രാജ്യസഭാ ഉപാധ്യക്ഷൻ പിജെ കുര്യൻ പറഞ്ഞു. എന്നാൽ പെഹ്‍ലു ഖാന്റെ മരണവുമായി ബന്ധപ്പെട്ട് ചില പ്രതികളെ പിടികൂടിയിട്ടുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ലോക്സഭയിൽ വിശദീകരിച്ചത്

ഗോരക്ഷകരുടെ മർദ്ദനമേറ്റ് ഒരാൾ മരിച്ച സംഭവം ഗുരുതര ക്രമസമാധാന തകർച്ചയെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി കുറ്റപ്പെടുത്തി..അതേസമയം അസമിൽ ബീഫ് കൈവശം വച്ചതിന് ഒരു പ്രായപൂർത്തിയാകാത്ത ആളടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു..മതവികാരം വൃണപ്പെടുത്തിയതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

click me!