മുരുകന്റെ മരണം: ആശുപത്രികള്‍ക്ക് വീഴ്ച പറ്റിയെന്ന് പൊലീസ്

By Web DeskFirst Published Aug 11, 2017, 11:09 PM IST
Highlights

ചികിത്സ കിട്ടാതെ ഇതര സംസ്ഥാന തൊഴിലാളി മുരുകന്‍ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്കും നാലു സ്വകാര്യ ആശുപത്രികള്‍ക്കും വീഴ്ച പറ്റിയെന്ന് പൊലീസ് റിപ്പോര്‍ട്ട്. എല്ലായിടത്തും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്ക് എതിരെ കേസെടുത്തേക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോര്‍ട്ടബിള്‍ വെന്റിലേറ്ററുണ്ടായിട്ടും മുരുകനെ തിരിച്ചയച്ചുവെന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത പൊലീസ് സ്ഥിരീകരിച്ചു.

ഡോക്ടര്‍മാരുടെ വീഴ്ചകള്‍ എണ്ണിയെണ്ണി പറയുന്നതാണ്  അന്വേഷണ റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ ഉണ്ടായിട്ടും ഉപയോഗിച്ചില്ല. കൊല്ലം മെഡിട്രീനയിലും മെഡിസിറ്റി ആശുപത്രിയിലും ന്യൂറോ സര്‍ജന്മാരുണ്ടായിട്ടും മുരുകനെ തിരിഞ്ഞു നോക്കിയില്ല.  അസീസിയ മെഡിക്കല്‍ കോളേജ് അധികൃതര്‍ ഒരു കാരണവും പറയാതെ കയ്യൊഴിഞ്ഞു, ഉള്ളൂര്‍ എസ് യുടി റോയല്‍ ചികിത്സ നല്‍കാനും വിസമ്മതിച്ചു. ആശുപത്രികളിലെ രേഖകളടക്കം പൊലീസ് പരിശോധിച്ചു. വെന്റിലേറ്ററുകളുടെ കണക്കുകള്‍ സൂക്ഷിക്കുന്ന രജിസ്റ്ററും പൊലീസ് പരിശോധിച്ചിരുന്നു.

ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും തെറ്റ് പറ്റിയിട്ടില്ല എന്നു വരുത്താനുള്ള ശ്രമവും ഊര്‍ജ്ജിതമാണ്. ആരോഗ്യവകുപ്പും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയും സ്വന്തം നിലയില്‍ അന്വേഷണം നടത്തി. പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ ഇല്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ തെറ്റായ വിവരം നല്‍കിയ ഡപ്യൂട്ടി സൂപ്രണ്ട് ഡോക്ടര്‍ ജോബി ജോണാണ് സമിതിയുടെ അദ്ധ്യക്ഷന്‍. പൊലീസ് കണ്ടെത്തലിന് വിരുദ്ധമായി, വെന്‍റിലേറ്റര്‍ ഒഴിവുണ്ടായിരുന്നില്ലെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അന്വേഷണ സംഘങ്ങള്‍ക്ക് മൊഴി നല്‍കിയിട്ടുള്ളത് .

വീഴ്ച വരുത്തിയ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാനുള്ള നിയമ സാധുതയും പൊലീസ് പരിശോധിക്കുന്നുണ്ട്.

 

click me!