പതിനൊന്ന് വർഷം മുൻപ് നിർമാണം തുടങ്ങിയ കോട്ടയം ആകാശപാത പദ്ധതി ഇന്നും എങ്ങുമെത്താതെ നഗരത്തിന് നാണക്കേടായി തുടരുന്നു. തുരുമ്പിച്ച തൂണുകൾ പൊളിച്ചുനീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുമ്പോൾ, പദ്ധതി പൂർത്തിയാക്കുമെന്ന് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണനും ഇതിനെതിരെ സിപിഎമ്മും രംഗത്തെത്തിയതോടെ വിഷയം വീണ്ടും രാഷ്ട്രീയ ചർച്ചയായിരിക്കുകയാണ്.

കോട്ടയം: ഈ സാധനമെങ്ങാനും പൊട്ടി താഴെ വീഴുമോ... കോട്ടയം നഗരത്തിന്‍റെ ഹൃദയ ഭാഗത്ത് കൂടി പോകുമ്പോൾ നഗരസഭ ഓഫീസിന് അടുത്തെത്തിയാൽ എല്ലാവരും ആശങ്കയോടെ ഒന്ന് മുകളിലോട്ട് നോക്കിപ്പോകും. മറ്റ് ജില്ലക്കാർക്ക് നഗരത്തിന്‍റെ ഒത്ത നടക്കുള്ള പടവലം പന്തൽ എന്നൊക്കെ കളിയാക്കാം. പക്ഷേ കോട്ടയംകാർക്ക് ഇത് വർഷങ്ങളായി നാണക്കേടും ആശങ്കയുമാണ്. നിർമാണം തുടങ്ങി 11 വർഷം ആകുമ്പോഴും എങ്ങുമെത്താതെ നിൽക്കുകയാണ് കോട്ടയം പട്ടണത്തിലെ ആകാശപാത പദ്ധതി. ആകാശപാതയ്ക്കായി കെട്ടി ഉയർത്തിയ ഇരുമ്പ് പൈപ്പുകളാതെ തുരുമ്പിച്ച് കിടക്കുമ്പോഴും പദ്ധതി നടക്കുമെന്നോ ഇല്ലെന്നോ പറയാൻ ഉത്തരവാദപ്പെട്ടവർക്കാർക്കും കഴിയുന്നില്ല. വെറുതെ കെട്ടിപ്പൊക്കിയിട്ടിരിക്കുന്ന ഇരുമ്പ് തൂണുകൾ പൊളിച്ചു നീക്കിക്കൂടേയെന്ന് ഹൈക്കോടതി മുതൽ നാട്ടിലെ സാധാരണക്കാർ വരെ ചോദിച്ചു കാലമേറെയായിട്ടും പക്ഷികൾക്ക് കൂട് വയ്ക്കാനുള്ള ഇടം മാത്രമായി ആ തുരുമ്പിച്ച ഇരുമ്പിൻ കൂട് അവിടെ തന്നെ നിൽക്കുന്നു.

കോട്ടയം ആകാശപാതയെന്നു പേരിട്ട പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞത് അഞ്ച് മാസം കൊണ്ട് ആകാശ പാത പൂർത്തിയാക്കുമെന്നാണ്. എല്ലാവരുടേയും സഹകരണവും തേടി. എന്നാൽ ഇപ്പോൾ വര്‍ഷങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും നാട്ടുകാരുടെ ക്ഷമ പരീക്ഷിച്ച് ഇതിങ്ങനെ പാതിവഴിയില്‍ നില്‍ക്കുകയാണ്. കോട്ടയത്തെ പട്ടണവാസികള്‍ക്ക് ആകാശപാതയെ കുറിച്ചു പറയുമ്പോള്‍ കടുത്ത അമർഷമാണ്. ആകാശപാത തന്നെ പൊളിച്ചു മാറ്റണം എന്നാണ് നാട്ടുകാരുടെ ആവശ്യം. ജനത്തിന് ശല്യം അല്ലാതെ ഇതുകൊണ്ട് ഒരു ഉപയോഗവും ഇല്ല. ഇതല്ല വികസനം, ജനങ്ങൾക്ക് ഉപയോഗം ഉള്ള കാര്യം ചെയ്യണം, എത്രയും പെട്ടെന്ന് പൊളിച്ചുമാറ്റണമെന്നും നാട്ടുകാർ ഒരേ സ്വരത്തിൽ പറയുന്നു.

2015ൽ ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്താണ് കോട്ടയം നഗരത്തിന്‍റെ മുഖമുദ്രയായിരുന്ന ശീമാട്ടി റൗണ്ടാന പൊളിച്ച് ആകാശപാതയുടെ നിർമാണം ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ 5.18 കോടി രൂപ പദ്ധതിക്കായി അനുവദിച്ചു. കിറ്റ്‌കോയാണ് ആദ്യഘട്ടത്തിൽ ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തത്. 2016ൽ എൽഡിഎഫ് സർക്കാർ വന്നതോടെ സാങ്കേതിക പ്രശ്നങ്ങൾ കാരണം നിർമാണം നിലച്ചു. പിന്നെയുള്ള വർഷങ്ങൾ മഴയും വെയിലുമേറ്റ് തൂണുകൾ തുരുമ്പെടുത്തു. ഒടുവിൽ പദ്ധതിക്കായി സ്ഥാപിച്ച തൂണുകൾ തുരുമ്പെടുത്ത് നശിക്കുന്ന അവസ്ഥയിലാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. പാലക്കാട് ഐഐടി, ചെന്നൈയിലെ സ്ട്രക്ചറൽ എഞ്ചിനീയറിങ് റിസർച്ച് സെന്റർ എന്നിവർ നടത്തിയ ബലപരിശോധനയിൽ തൂണുകൾ ഒഴികെയുള്ള ഭാഗങ്ങൾക്ക് ബലക്ഷയം കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ആകാശപാത പൊളിച്ചുനീക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പ്രഖ്യാപിച്ചിരുന്നു. പക്ഷേ, ഇന്നും തുരുമ്പെടുത്ത് ആ തൂണുകളെല്ലാം അവിടെ തന്നെയുണ്ട്.

പിന്നോട്ടില്ലെന്ന് എംഎല്‍എ

ആകാശപാത എന്ന തന്‍റെ സ്വപ്ന പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്നാണ് എംഎല്‍എയും കോൺഗ്രസിന്‍റെ മുതിർന്ന നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വന്ന്, ഡിസംബറിന് മുൻപായി കോട്ടയത്തെ ആകാശപാത ജനങ്ങൾക്ക് സമർപ്പിക്കുമെന്നുമാണ് അദ്ദേഹത്തിന്‍റെ അവകാശവാദം. യുഡിഎഫിന്‍റെ ലക്ഷ്യമാണ് ആകാശപാത പൂർത്തീകരണം. വിവിധ സർക്കാർ വിഭാഗങ്ങളുടെ പിന്തുണ അതിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോളുള്ള ടവറിന്‍റെ മുകളിൽ ഗാന്ധിമണ്ഡപം സ്ഥാപിക്കും. അതിന്‍റെ മുകളിൽ നിന്നാൽ കോട്ടയം മുഴുവൻ കാണാനാകും. 15 കൊല്ലം മുൻപത്തെ പദ്ധതി ആയതിനാൽ നിലവിൽ അത് പുതുക്കേണ്ടതുണ്ടെന്നും നഗരം മുഴുവൻ കാണത്തക്ക വിധത്തിൽ ആകാശപാത പൂർത്തീകരിക്കുമെന്നും തിരുവഞ്ചൂർ വ്യക്തമാക്കി. പദ്ധതി നിര്‍വഹണത്തില്‍ നിന്ന് കിറ്റ്‌കോയെ മാറ്റി ഊരാളുങ്കലിനെ നിര്‍മ്മാണ ചുമതല ഏല്‍പ്പിക്കണമെന്ന പിടിവാശിയാണ് എല്ലാത്തിനും കാരണമെന്ന ആക്ഷേപവും എംഎല്‍എ ഉന്നയിക്കുന്നുണ്ട്.

വെല്ലുവിളിച്ച് സിപിഎം

എന്നാല്‍, എംഎല്‍എയോട് ആകാശപാതയുടെ കാര്യത്തില്‍ പരസ്യസംവാദത്തിന് വെല്ലുവിളിച്ചിരിക്കുകയാണ് സിപിഎം. ആശകാപാതയുടെ മുകളില്‍ നിന്നാല്‍ കോട്ടയം മുഴുവന്‍ കാണാവുന്ന ടവര്‍ ഉണ്ടാക്കുമെന്നാണ് എംഎല്‍എ പറയുന്നത്. സംസ്ഥാന പാതയുടെ നടുവിലാണോ ടവര്‍ ഉണ്ടാക്കുന്നതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ ചോദിച്ചു. ആശകാപാതയ്ക്ക് എവിടെ ലിഫ്റ്റ് പണിയുമെന്ന ഒറ്റ കാര്യത്തിൽ എങ്കിലും എംഎല്‍എ ഒരു മറുപടി പറയുമോ എന്നും അവിടെ വന്നാല്‍ അത് കാണിച്ച് തരാമോയെന്നും അനിൽകുമാര്‍ ചോദിച്ചു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും കോട്ടയത്തെ ഏറ്റവും വലിയ ചർച്ചകളിൽ ഒന്നായി മാറിയിരിക്കുകയാണ് ആകാശപാത.