
തിരുവനന്തപുരം: ചികില്‍സ കിട്ടാതെ തമിഴ്നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചോ എന്ന് കണ്ടെത്താന്‍ പുതിയ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ഹൈക്കോടതി നിര്‍ദേശ പ്രകാരം ആരോഗ്യവകുപ്പ് സെക്രട്ടറിയാണ് ബോര്‍ഡ് രൂപീകരിച്ച് ഉത്തരവിറക്കിയത്. ന്യൂറോ സര്‍ജനും ശസ്ത്രക്രിയ ഡോക്ടറും രണ്ട് അനസ്തേഷ്യ ഡോക്ടര്‍മാരും അടങ്ങുന്ന നാലംഗ സംഘമാണ് ഡോക്ടര്‍മാർക്ക് പിഴവ് പറ്റിയോ എന്ന് അന്വേഷിക്കുക.
കോട്ടയം മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജന്‍ ഡോ.പി.കെ.ബാലകൃഷ്ണന്‍, കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ വിഭാഗം തലവന്‍ ഡോ.എംപി ശശി, കോട്ടയം, തൃശൂര്‍ മെഡിക്കല്‍ കോളേജുകളിലെ അനസ്തേഷ്യ വിഭാഗം തലവന്മാരായ ഡോ.എ.ശോഭ, ഡോ.ജി.മായ എന്നിവരടങ്ങുന്ന സംഘത്തെയാണ് സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്.
മരുകുന്‍റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ ആറ് ഡോക്ടര്‍മാര്‍ക്ക് ചികില്‍സ പിഴവ് ഉണ്ടായിട്ടുണ്ടോ എന്നതാകും മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കുക. ചികില്‍സ ലഭിക്കാതെ മരണം സംഭവിച്ചതിനാല്‍ നരഹത്യയ്ക്ക് കേസെടുക്കണമെന്ന പൊലീസ് വാദം തള്ളിയ കോടതി ഡോക്ടര്‍മാർക്ക് പിഴവ് പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ബോര്‍ഡ് രൂപീകരിച്ചത്. ഈ ബോര്‍ഡിന്‍റെ കണ്ടെത്തലുകള്‍ ആരോപണ വിധേയരായ ഡോക്ടര്‍മാര്‍ക്ക് അതി നിര്‍ണായകമാകും.
പിഴവ് ഉണ്ടെന്ന് കണ്ടെത്തിയാല്‍ അറസ്റ്റുള്‍പ്പെടെ നടപടികളിലേക്ക് പൊലീസ് കടക്കും . തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ.ശ്രീകാന്ത്, ഡോ.പാട്രിക്, കൊല്ലം മെഡിട്രീന ആശുപത്രിയിലെ ഡോ.പ്രീത, മെഡിസിറ്റി ആശുപത്രിയിലെ ഡോ.ബിലാല്‍ അഹമ്മദ്, കൊല്ലം അസീസീയ ആശുപത്രിയിലെ ഡോ.രോഹന്‍ , ഡോ.ആഷിക് എന്നിവരുടെ പേരുകളാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam