മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം; പുതിയ ടെര്‍മിനല്‍ ചൊവ്വാഴ്ച തുറന്നുകൊടുക്കും

By Web DeskFirst Published Mar 19, 2018, 1:42 AM IST
Highlights
  • ചൊവ്വാഴ്ച വൈകിട്ട് 05.30ന് പുതിയ ടെര്‍മിനലില്‍ ആദ്യ വിമാനം പറന്നിറങ്ങും

മസ്‌കറ്റ്: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ ചൊവ്വാഴ്ച യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കും. വൈകിട്ട് 05.30ന് പുതിയ ടെര്‍മിനലില്‍ ആദ്യ വിമാനം പറന്നിറങ്ങും. പിന്നാലെ 06.50ന് ആദ്യ വിമാനം യാത്ര പുറപ്പെടുന്നതോടെ ടെര്‍മിനല്‍ പ്രവര്‍ത്തനം ആരംഭിക്കും.

പ്രതിവര്‍ഷം 20ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളതാണ് ടെര്‍മിനല്‍. പുതിയ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ മൂന്ന് മണിക്കൂര്‍ മുന്‍പ് ചെക്ക് ഇന്‍ കൗണ്ടറില്‍ എത്തിയിരിക്കണം. വിസ ക്യാന്‍സല്‍ ചെയ്ത് പോകുന്നവര്‍ നാല് മണിക്കൂര്‍ മുന്‍പും എത്തണമെന്നാണ് നിര്‍ദേശം. 

മൂന്ന് പുറപ്പെടല്‍ കവാടങ്ങളാണ് വിമാനത്താവളത്തില്‍ ഉള്ളത്. "എ" എന്ന കവാടത്തിലൂടെ എല്ലാ വിമാന കമ്പനികളുടെയും ബിസിനസ്സ്, ഫസ്റ് ക്ലാസ് യാത്രക്കാര്‍ക്കാണ് പ്രവേശനം. "ബി" യിലൂടെ ഒമാന്‍ എയര്‍ ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്കും, "സി" യിലൂടെ മറ്റ് വിമാന കമ്പനികളുടെ ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്കും ആയിരിക്കും പ്രവേശനം.

പട്ടണത്തിലൂടെ കടന്നു പോകുന്ന മൂന്ന് പ്രധാന റോഡുകളും വിമാനത്താവളത്തിലേക്കുള്ള പ്രധാന പാലവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്കായി സൂചനാ ബോര്‍ഡുകള്‍ റോഡുകളില്‍ സ്ഥാപിച്ചുകഴിഞ്ഞു. 2011ലാണ് പുതിയ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

click me!