ഷിബിന്‍ വധം; കോടതി വെറുതെ വിട്ട മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

By Web DeskFirst Published Aug 12, 2016, 12:17 AM IST
Highlights

കോഴിക്കോട്: ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ കോടതി വെറുതെ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിബിനെ വധിച്ച കേസില്‍ കോടതി വെറുതെ വിട്ട താഴെകുനിയില്‍ അസ്ലമാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അസ്ലമിന് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വടകരയില്‍ നിന്ന് നാദാപുരത്തേക്ക് ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പിന്നാലെയെത്തിയ  സംഘം കക്കം വെള്ളിയില്‍ വച്ച് ബൈക്ക് തടഞ്ഞു നിര്‍ത്തി വെട്ടുകയായിരുന്നു. തലയ്ക്കും കൈകാലുകള്‍ക്കും  വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അസ്ലം രാത്രി ഒമ്പത് മണിയോടെയാണ് മരിച്ചത്. ഇന്നോവയിലെത്തിയ സംഘമാണ് കൊല നടത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ഷിബിന്‍ വധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂണിലാണ് മാറാട് കോടതി പതിനേഴ് പേരെ വെറുതെ വിട്ടത്. കേസിലെ മൂന്നാംപ്രതിയായിരുന്നു കൊല്ലപ്പെട്ട അസ്ലം. രാഷ്ട്രീയ വിരോധമാണ് ഷിബിന്‍വധത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് നാദാപുരം തൂണേരി മേഖല ഏറെക്കാലം സംഘര്‍ഷഭരിതമായിരുന്നു. പ്രദേശത്ത് ഇപ്പോഴും പോലീസ് കാവലുണ്ട്.
അസ്ലമിന്‍റെ കൊലപാതകത്തിനു പിന്നില്‍ സിപിഎം ആണെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. എന്നാല്‍ സിപിഎം ആരോപണം നിഷേധിച്ചു.

സംഭവത്തെ തുടര്‍ന്ന് നാദാപുരം മേഖലയില്‍ അതീവജാഗ്രതയിലാണ് പൊലീസ്. അസ്ലമിന്‍റെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്കു മാറ്റി. വടകര താലൂക്കില്‍ നാളെ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

click me!