യൂത്ത് ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകം: പ്രതികള്‍ റിമാന്‍റില്‍

By Web DeskFirst Published Feb 28, 2018, 11:35 PM IST
Highlights
  • യൂത്ത് ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകം: പ്രതികള്‍ റിമാന്‍റില്‍

മണ്ണാർക്കാട്: യൂത്ത് ലീഗ് പ്രവർത്തകൻ സഫീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് പ്രതികളെ മാർച്ച് 13 വരെ റിമാന്‍റ് ചെയ്തു. കൊലപാതകത്തിനായി ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു.  സഫീറിനെ കൊലപ്പെടുത്തിയ കേസിൽ ബഷീർ, ഷർജിൽ, റാഷിദ്, സുബ്ഹാൻ, അജീഷ് എന്നിങ്ങനെ അഞ്ച് പ്രതികളെ  ചൊവ്വാഴ്ച രാവിലെ മണ്ണാർക്കാട് പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു. 

ഒന്നാം പ്രതിയായ ബഷീറിനെ തെളിവെടുപ്പിനായി കൊണ്ടുപോയി. ബഷീർ ആണ് കൊല്ലപ്പെട്ട സഫീറിന്റെ വസ്ത്രവിലപ്പന ശാലയിൽ കയറി സഫീറിനെ കത്തി കൊണ്ടു കുത്തിയത്. കുന്തിപുഴ ബൈപാസിന് സമീപമുള്ള പുഴയോരത്ത് നിന്ന് കുത്താനുപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു.

തുടർന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം വൈകിട്ടോടെ പ്രതികളെ മണ്ണാർക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം മണ്ണാർക്കാട് നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത പോലീസ് സുരക്ഷയിലാണ് പ്രതികളെ കോടതിയിൽ എത്തിച്ചത്. പ്രതികളെ കോടതി മാർച്ച് 13 വരെ റിമാൻഡ് ചെയ്തു. 

കൊലപാതക കുറ്റത്തിന് പുറമെ, മർദനം, സംഘം ചേരൽ എന്നി കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടില്ല എന്നാണ് സൂചന. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് എംഎം ഹസൻ എന്നിവർ മരിച്ച സഫീറിന്റെ വീട് സന്ദർശിച്ചു.

click me!