
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിന്‍റെ ഭാഗമായി ഉണ്ടായിരുന്നത് ഒരേയൊരു വനിതാ ഉദ്യോഗസ്ഥയായിരുന്നു. ഡെപ്യൂട്ടി സൂപ്രണ്ടായ ശ്വേതാംബ്രി ശര്‍മ. ഒരു തെളിവും ഇല്ലായിരുന്ന അവസ്ഥയില്‍ നിന്നും കേസിന് തുമ്പുണ്ടാക്കിയതിനും പ്രതികളെ അറസ്റ്റ് ചെയ്തതിനും അന്വേഷണസംഘം ഏറെ പ്രകീര്‍ത്തിക്കപ്പെടുമ്പോഴും അന്വേഷണകാലത്തെ അനുഭവങ്ങള്‍ കയ്പേറിയതാണെന്നാണ് ശ്വേതാബ്രി ശര്‍മ പറയുന്നത്. ദി ക്വിന്‍റിന് നല്‍കിയ അഭിമുഖത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് അവര്‍ നടത്തുന്നത്.
" അതി ക്രൂരമായ പീഡനവും കൊലപാതവും നടത്തിയ പ്രതികളും അവരുടെ ബന്ധുക്കളും സഹായികളും അഭിഭാഷകരും അടക്കം എല്ലാവരും ശ്രമിച്ചത് അന്വേഷണം മുടക്കാനും വഴിതിരിച്ച് വിടാനുമായിരുന്നു. അവര്‍ അവരുടെ പരമാവധി കര്യങ്ങള്‍ ഇതിനായി ചെയ്തുകൊണ്ടേയിരുന്നു. ഇതിനിടയില്‍ ഞങ്ങളെ ഏറെ നിരാശപ്പെടുത്തിയത് ഹിരാനഗര്‍ പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ തെളിവ് നശിപ്പിക്കാനായി കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലായിരുന്നു.
ഇയാള്‍ പെണ്‍കുട്ടിയുടെ വസ്ത്രം അലക്കി ക്ഷേത്രത്തിലെ ചെളി കഴുകി കളഞ്ഞതായും കണ്ടത്തി. എന്നാല്‍ ഇതൊന്നും തന്നെ പ്രതികളെ രക്ഷിക്കാന്‍ സഹായിച്ചില്ല. കേസിലെ ദുരൂഹതകള്‍ നീങ്ങി സുപ്രധാന കണ്ടെത്തലുകള്‍ നടത്തിയത് ഒരു നവരാത്രി ആഘോഷ ദിനത്തിലായിരുന്നു. ഈ കേസില്‍ എന്തോ ഒരു അദൃശ്യ ശക്തി സഹായത്തിനെത്തിയെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നുണ്ട്. അന്വേഷണത്തില്‍ ദുര്‍ഗാ ദേവിയുടെ അനുഗ്രഹം ഞങ്ങള്‍ക്ക് മേല്‍ ഉണ്ടായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.
പ്രതികള്‍ എന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു, നമ്മള്‍ എല്ലാം ഒരേ ജാതിയില്‍ പെട്ട ആളുകളാണ്. പ്രതികളാക്കപ്പെട്ടവരും നമ്മുടെ ജാതിയാണ്. ഒരു മസ്ലിമിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്‍റെ പേരില്‍ സ്വന്തം ജാതിക്കാരായ അവരെ പ്രതികളാക്കരുത് അവരെ സഹായിക്കണമെന്ന തരത്തിലും ബന്ധുക്കളും പ്രതികളുടെ സുഹൃത്തുക്കളും എന്നെ സമീപിച്ചു. ജമ്മു കശ്മീരിലെ പൊലീസ് ഉദ്യോഗസ്ഥ എന്ന നിലയില്‍ എനിക്ക് ഒരു ജാതിയും, ഒരു മതവുമേ ഉള്ളൂ അത് എന്‍റെ പൊലീസ് യൂണിഫോമാണ്, എന്നും ഞാന്‍ അവര്‍ക്ക് മറുപടി നല്‍കി.
ഇത്തരം എല്ലാ സ്വാധീന ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍, അവര്‍ ഭീഷണിയുമായി എത്തി. അന്വേഷണ ഉദ്യോഗസ്ഥരില്‍ പലരേയും അവര്‍ നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തി. പലപ്പോഴും അന്വേഷണസംഘത്തെ പലയിടങ്ങളിലും ഭീഷണി മുഴക്കുന്ന മുദ്രാവാക്യങ്ങളുമായി അവര്‍ തടഞ്ഞു. അവസാനം കോടതിയില്‍ പോലും ഇത്തരം നടപടികളുണ്ടായി. ഇതൊന്നും മുഖവിലയ്ക്കെടുത്തില്ലെങ്കിലും ദുര്‍ഗ ഭക്തരായ പ്രതികള്‍ക്ക് ഇത്തരമൊരു ക്രൂരകൃത്യം എങ്ങനെ ചെയ്തു എന്ന് തെളിയിക്കുന്നതായിരുന്നു വെല്ലുവിളി.
ഈ വെല്ലുവിളിയും ഇല്ലാതാക്കിയത് ദുര്‍ഗാ ദേവിയുടെ അദൃശ്യ ശക്തിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവരോട് ഓരോ ചോദ്യം ചോദിക്കുമ്പോഴും അത് എന്‍റെ മനസില്‍ തോന്നിക്കുകയായിരുന്നു. അന്വേഷണ കാലഘട്ടത്തില്‍ ഉറങ്ങാന്‍ സാധിച്ചിട്ടില്ല, ഭര്‍ത്താവിനൊപ്പവും, കുട്ടികളോടൊപ്പവും സമയം ചെലവഴിച്ചിട്ടില്ല. എല്ലാം ഇതിനായി സമര്‍പ്പിച്ചിരിക്കുകയായിരുന്നു. ജുഡീഷ്യറിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. ശാസ്ത്രീയവും സാങ്കേതികവുമായ തെളിവുകളാണ് കോടതിക്ക് മുന്നിലുള്ളത്. അതുകൊണ്ടുതന്നെ പ്രതികള്‍ രക്ഷപ്പെടില്ലെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.- ശ്വേതാബ്രി ശര്‍മ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam