റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് മാസങ്ങളായി സമ്മർദ്ദം ശക്തമായതോടെയാണ് വെള്ളിയാഴ്ച ഈ ഫയലുകൾ നീതിന്യായ വകുപ്പ് പുറത്ത് വിട്ടത്.
വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ഏറെ കാലമായി കാത്തിരുന്ന ചില ഫയലുകൾ പുറത്തുവിട്ട് യുഎസ് നീതിന്യായ വകുപ്പ്. സമീപ ആഴ്ചകളിൽ പുറത്തിറക്കിയ മറ്റ് രേഖകളിൽ നിന്നും ഫോട്ടോകളിൽ നിന്നും വ്യത്യസ്തതമായ ഇവ എപ്സ്റ്റീൻ ഫയലുകൾ എന്നാണ് അറിയപ്പെടുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് മാസങ്ങളായി സമ്മർദ്ദം ശക്തമായതോടെയാണ് വെള്ളിയാഴ്ച ഈ ഫയലുകൾ നീതിന്യായ വകുപ്പ് പുറത്ത് വിട്ടത്. ഇരകളുടെ വിവരങ്ങൾ മറച്ചുവച്ചാണ് എപ്സ്റ്റീൻ ഫയലുകൾ പുറത്ത് വിടുക. ക്രിമിനൽ അന്വേഷണവുമായി ബന്ധപ്പെട്ടായതിനാൽ രേഖകളിൽ തിരുത്തലുകൾ വന്നേക്കുമെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ ഫയലുകളിൽ പേരോ ചിത്രമോ ഉളളത് തെറ്റിന്റെ സൂചന അല്ലെന്നാണ് നീതിന്യായ വകുപ്പ് വിശദമാക്കുന്നത്. ജെഫ്രി എപ്സ്റ്റീനെതിരെ യുഎസ് നീതിന്യായ വകുപ്പ് നടത്തിയ രണ്ട് ക്രിമിനൽ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട ഫയലുകളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പുറത്ത് വന്നത് എപ്സ്റ്റീൻ ഫയലുകൾ
ഇരകളോടും സാക്ഷികളോടും അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ മൊഴിയെടുപ്പിന്റെ വിശദാംശങ്ങളും ജെഫ്രി എപ്സ്റ്റീന്റെ സ്വത്തുക്കളിൽ നടത്തിയ റെയ്ഡുകളിൽ നിന്ന് പിടികൂടിയവ ഉൾപ്പെടുന്ന വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. പുറത്ത് വന്ന ഫയലുകൾ പൂർണമാണോ ഭാഗികമാണോയെന്നതിൽ ഇനിയും വ്യക്തത വരാനുണ്ട്. ജെഫ്രി എപ്സ്റ്റീൻ എന്ന കോടീശ്വരനെക്കുറിച്ച് 2005ൽ ആണ് പരാതികൾ ലഭിച്ചത്. പ്രായപൂർത്തിയാകാത്ത പെൺ മക്കളെ ലൈംഗികാതിക്രമത്തിന് വിധേയരാക്കി എന്നായിരുന്നു ലഭിച്ച പരാതി. അന്വേഷിച്ച് ചെന്ന പൊലീസിന് പരാതിയെ സാധൂകരിക്കുന്ന തെളിവുകളും കിട്ടി.
പിന്നാലെ പരാതികളുടെ എണ്ണം കൂടി. കേസ് അട്ടിമറിക്കാനുള്ള ചില ശ്രമങ്ങളും നടന്നു. 2006 ൽ എപ്സ്റ്റീൻ അറസ്റ്റിലായി. 2009ൽ മോചിതനായെങ്കിലും 2019ൽ പിന്നെയും അറസ്റ്റിലായി. 2021 -ൽ കൂട്ടുപ്രതി ഗിസ്ലെയ്നും അറസ്റ്റിലായി. എപ്സ്റ്റീനെതിരായ പരാതിക്കാരിൽ പ്രമുഖയായിരുന്നു വിർജീനിയ ജുഫ്രേ. ഇവർ കോടതിയിലും എപ്സ്റ്റീനെതിരെ മൊഴി നൽകി. പക്ഷേ, 2025 ഏപ്രിലിൽ ഇവർ ആത്മഹത്യ ചെയ്തു. 2019ൽ എപ്സ്റ്റീനെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേസില്‍ ഉള്‍പ്പെട്ട എപ്സ്റ്റീന്റെ പെണ്‍സുഹൃത്തായ മാക്‌സ് വെല്ലിനെ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു.

