
ദില്ലി: ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ കമ്പനി ഒറ്റ വര്‍ഷം കൊണ്ട് 16,000 ഇരട്ടി വരുമാനം ഉണ്ടാക്കിയെന്ന വാര്‍ത്ത പുറത്ത് വിട്ട മാധ്യമപ്രവര്‍ത്തകയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് വെബ്സൈറ്റിന്‍റെ പത്രാധിപരും റിപ്പോര്‍ട്ടറും ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരെ ജയ് ഷാ മാനനഷ്ടക്കേസ് നല്‍കിയിരുന്നു.
മറ്റു മാധ്യമപ്രവര്‍ത്തകര്‍ എന്ത് ചെയ്യണമെന്ന് വ്യക്തമാക്കുന്ന ഒരു ധര്‍മ്മോപദേശം എഴുതാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് രോഹിണി സിംഗ് പോസ്റ്റ് ആരംഭിക്കുന്നത്. താന്‍ എനിക്കു വേണ്ടിയാണ് സംസാരിക്കുന്നത് എന്നും തന്‍റെ ആത്യന്തികമായ ലക്ഷ്യം അധികാരത്തിനെതിരെ സത്യം വിളിച്ചു പറയലാണെന്നും, നിലവിലുള്ള ഗവണ്‍മെന്‍റിനെ ചോദ്യം ചെയ്യലാണെന്നും പോസ്റ്റില്‍ രോഹിണി പറയുന്നു.
2011 ഡിഎല്‍എഫുമായി റോബര്‍ട്ട് വാധ്ര യ്ക്കുള്ള കരാറിനെ കുറിച്ച് വാര്‍ത്ത എഴുതിതയപ്പോള്‍ ഇന്ന് ഉണ്ടാകുന്നത്പോലെയുള്ള ആക്രമണങ്ങള്‍ നേരിട്ടിരുന്നില്ല എന്നും ഇവര്‍ സൂചിപ്പിക്കുന്നുണ്ട്. അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന എന്താണോ അതാണ് വാര്‍ത്തയെന്നും ബാക്കിയെല്ലാം പരസ്യങ്ങളുമാണെന്ന പ്രശസ്തമായ വരികള്‍ താന്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു എന്നും രോഹിണി പോസ്റ്റില്‍ പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ മലയാള പരിഭാഷ
മറ്റുള്ള പത്രപ്രവർത്തകർ എന്ത് ചെയ്യണമെന്നതിനേക്കുറിച്ച് ധാർമ്മികതാനാട്യത്തോടെയുള്ള ഒരു കുറിപ്പ് എഴുതാൻ ഞാനാഗ്രഹിക്കുന്നില്ല. എന്റെ കാര്യങ്ങൾ സംസാരിക്കാനേ എനിക്ക് കഴിയൂ. അധികാരത്തെ നോക്കി സത്യത്തിന്റെ ശബ്ദമുയർത്തുക എന്നതാണ് എന്റെ പ്രാഥമികമായ ജോലി. അതത് കാലത്തെ സർക്കാരുകളെ ചോദ്യം ചെയ്യുക എന്നതും. 2011ൽ റോബർട്ട് വധേരയുടെ ഡിഎൽഎഫ് ബന്ധങ്ങളെക്കുറിച്ച് ഞാൻ ലേഖനമെഴുതിയപ്പോൾ ഇപ്പോഴത്തേത് പോലുള്ള പ്രത്യാക്രമണം ഉണ്ടായതായി ഞാനോർക്കുന്നില്ല.
"ഇനിമുതൽ വാട്ട്‌സ്‌ആപ്പ് വഴിയോ ഫേസ്‌ടൈം ഓഡിയോ വഴി മാത്രമേ സംസാരിക്കാൻ പറ്റുകയുള്ളൂ" എന്ന് വാർത്താ ഉറവിടങ്ങളിൽ നിന്നുള്ള സന്ദേശമുണ്ടായിരുന്നില്ല. ഭൂഗർഭ അറകളെ അനുസ്മരിപ്പിക്കുന്ന കുടുസ്സ് കഫേകളിലേക്ക് എന്റെ കൂടിക്കാഴ്ചകളുടെ വേദി മാറ്റുന്നതിനേക്കുറിച്ചുള്ള അഭ്യർത്ഥനകൾ ഉണ്ടായിരുന്നില്ല. ഒരു മുതിർന്ന ബിജെപി നേതാവിനോട് അടുപ്പമുള്ള ഒരാൾ എന്റെ കോൾ റെക്കോർഡ് വിവരങ്ങൾ പാർട്ടി നേതാക്കളുടെ പക്കലെത്തിയിട്ടുണ്ടെന്ന് മേനിപറഞ്ഞ് ഓർമ്മപ്പെടുത്തുന്നു (നല്ല കാര്യമായിപ്പോയി എന്നേ എനിക്കവരോട് പറയാനുള്ളൂ). ഓൺലൈൻ മാധ്യമങ്ങളിലെ തരം താണ നിലവാരത്തിലെ അധിക്ഷേപങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ.
ഭീഷണിയും പീഡനങ്ങളും അധികാരം കയ്യാളുന്നവർ മാധ്യമപ്രവർത്തകരെ വരച്ച വരയിൽ നിർത്താനുപയോഗിക്കാറുള്ള പതിവ് ഉപകരണങ്ങളാണ്. പ്രശസ്തനായ ആരോ മുൻപ് പറഞ്ഞത് ഞാനെന്റെ ഓർമ്മയിൽ നിന്നെടുത്ത് പറയട്ടെ, ആരൊക്കെയോ മൂടിവെക്കാൻ ആഗ്രഹിക്കുന്നതെന്തോ അതാണ് വാർത്ത, മറ്റെല്ലാം വെറും പരസ്യം മാത്രമാണ്. എനിക്ക് മറ്റുള്ളവരുടെ കാര്യം അറിയില്ല, അതിന്റെ പിന്നാലെ പോയി ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാനും ഞാനാഗ്രഹിക്കുന്നില്ല. എനിക്ക് ചുറ്റിലും ഇപ്പോൾ പൊതുവിൽ കണ്ടുവരുന്ന റിപ്പോർട്ടിംഗ് രീതി അവലംബിക്കുന്നതിനേക്കാൾ മാധ്യമപ്രവർത്തനം അവസാനിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
ഇവിടെ പലരും എന്നോട് അങ്ങേയറ്റം ദയാവായ്പോടെ പെരുമാറുകയും എനിക്ക് ഒരുപക്ഷേ ഇല്ലാത്ത ഒരുപാട് ഗുണങ്ങൾ എനിക്കുണ്ടെന്ന മട്ടിൽ പ്രതീക്ഷകളർപ്പിച്ചിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ചെയ്യുന്ന തരം വാർത്തകൾ ഞാൻ ചെയ്യുന്നത് ഞാനൊരു അപാര ധൈര്യശാലി ആയതുകൊണ്ടൊന്നുമല്ല, ഞാനത് ചെയ്യുന്നത് അതാണ് മാധ്യമപ്രവർത്തനം എന്നത് കൊണ്ട് മാത്രമാണ്.
- രോഹിണി സിംഗ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam