മണിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു; സ്വാഭാവിക മരണത്തിന്റെ സാധ്യത തള്ളി പരിശോധനാ ഫലം

By Web DeskFirst Published Jun 14, 2016, 6:06 AM IST
Highlights

ഹൈദരാബാദ്: കലാഭവന്‍ മണിയുടെ മരണത്തില്‍ സ്വാഭാവിക മരണത്തിന്റെ സാധ്യത തള്ളി കേന്ദ്ര ലാബിലെ പരിശോധനാ ഫലം. 45 മില്ലി ഗ്രാം മെഥനോളാണ് മണിയുടെ ശരീരത്തില്‍ കണ്ടെത്തിയത്. ഇത് ബിയര്‍ കഴിച്ചാല്‍ ശരീരത്തിലെത്താവുന്നതിലധികമാണെന്ന് അന്വേഷണ സംഘത്തിന് മെഡിക്കല്‍ സംഘത്തിന്റെ വിദഗ്ധോപദേശം.

ഹൈദരാബാദ് കേന്ദ്ര ലാബില്‍ നടത്തിയ ആന്തരീകാവയവങ്ങളുടെ പരിശോധനാ ഫലം മുന്‍ നിര്‍ത്തിയാണ് മരണകാരണമായ അളവില്‍ മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ അംശം ഉണ്ടായിരുന്നെന്ന നിഗമനത്തില്‍ മെഡിക്കല്‍ സംഘം എത്തിയത്. കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ മെഥനോളിനേക്കാള്‍ ഇരട്ടിയാണിത്. ബിയര്‍ കഴിക്കുന്നയാളുടെ ശരീരത്തില്‍ അടിഞ്ഞു കൂടുന്നതിനേക്കാള്‍ കൂടിയ അളവ് മെഥനോള്‍ മണിയുടെ ശരീരത്തിലുണ്ടായിരുന്നു. ഇതോടെ സ്വാഭാവിക മരണത്തിനുള്ള സാധ്യത കുറയുന്നതായാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍.

ഗുരുതരമായ കരള്‍ രോഗമുണ്ടായിരുന്ന  കലാഭവന്‍ മണിയെ അവസാന നാളുകളിലെ അമിത ബിയര്‍ ഉപയോഗം മരണത്തിലേക്ക് തള്ളിവിട്ടതാകാമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനങ്ങളില്‍ ഒന്ന്. മെഡിക്കല്‍ സംഘത്തിന്റെ വിദഗ്ധോപദേശത്തിന്റെ വെളിച്ചത്തില്‍ ഈ സാധ്യത ഇല്ലാതായി. ഇനി അറിയേണ്ടത് കൂടിയ അളവില്‍ എങ്ങനെ മണിയുടെ ശരീരത്തില്‍ മെഥനോളെത്തി എന്നതാണ്.

മണിയുടെ ഔട്ട് ഹൗസായ പാഡിയിലെത്തിയവരെ വിശദമായി ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി മണിയുടെ സഹോദരന്‍ രംഗത്തെത്തി. അന്വേഷണം സിബിഐയ്‌ക്ക് വിട്ടെങ്കിലും മണിയുടെ ശരീരത്തില്‍ മരണ കാരണമായ അളവില്‍ മെഥനോള്‍ എങ്ങനെ എത്തി എന്ന ചോദ്യത്തിന് ഉത്തരം നിലവിലെ അന്വേഷണ സംഘം നല്‍കുമെന്നാണ് മണിയുടെ കുടുംബത്തിന്റെ പ്രതീക്ഷ.

click me!