
കൊച്ചി: സിപിഎം നേതാവ് സൈമൺ ബ്രിട്ടോയുടെ മരണത്തിൽ വ്യക്തതയില്ലെന്ന് ഭാര്യ സീന ഭാസ്കർ. ബ്രിട്ടോയുടെ പെട്ടെന്നുള്ള മരണത്തെക്കുറിച്ച് ഇപ്പോഴും കൃത്യമായ വിവരങ്ങളില്ലെന്ന് സീന കൊച്ചിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം ബ്രിട്ടോയ്ക്ക് കൃത്യസമയത്ത് ചികിത്സ കിട്ടാൻ വൈകിയതാണ് മരണകാരണമായതെന്ന് ചികിത്സിച്ച ഡോക്ടർ അബ്ദുൾ അസീസും വെളിപ്പെടുത്തി. എന്നാൽ ദുരൂഹതയില്ലെന്ന് തോന്നിയതുകൊണ്ടാണ് പോസ്റ്റ് മോർട്ടം വേണ്ടെന്ന് എഴുതിക്കൊടുത്തതെന്നും പാർട്ടിയോട് ആലോചിച്ച് എടുത്ത തീരുമാനമാണതെന്നും സിപിഎം പ്രാദേശികനേതൃത്വവും പറയുന്നു.
ഡിസംബർ 31-ന് തൃശൂരിൽ വച്ചാണ് സൈമൺ ബ്രിട്ടോ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചത്. എന്നാൽ മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് പോലെ സൈമൺ ബ്രിട്ടോയ്ക്ക് ഹൃദ്രോഗമുണ്ടായിരുന്നില്ലെന്നാണ് ഭാര്യ സീന ഭാസ്കർ പറയുന്നത്. 'മെഡിക്കൽ റിപ്പോർട്ടിലെ പല വിവരങ്ങളും തെറ്റാണ്. പ്രായം പോലും ശരിയായല്ല രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിലെ സത്യാവസ്ഥ ഇപ്പോഴും അറിയില്ല. പാർട്ടിയ്ക്കേ ഇതിലെ സത്യാവസ്ഥ വെളിപ്പെടുത്താനാകൂ' - സീന പറയുന്നു.
സീനയുമായുള്ള അഭിമുഖത്തിന്‍റെ പൂർണരൂപം കാണാം - വീഡിയോ:
സീന ഭാസ്കറിന്‍റെ ആരോപണങ്ങൾ ശരിവയ്ക്കുകയാണ് ബ്രിട്ടോയെ ചികിത്സിച്ച തൃശൂരിലെ ആശുപത്രി അധികൃതരും ഡോക്ടർമാരും. 12 മണിക്കൂർ വൈകിയാണ് ബ്രിട്ടോയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ബ്രിട്ടോയുടെ മരണം സംഭവിച്ചിരുന്നുവെന്നും ചികിത്സിച്ച ഡോക്ടർ അബ്ദുൾ അസീസ് പറഞ്ഞു.
മരണത്തിൽ ദൂരൂഹതയില്ലാത്തതിനാൽ പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾ വേണ്ടെന്ന് കാണിച്ച് കൂടെയുണ്ടായിരുന്നവർ എഴുതി നൽകിയ കത്തും പുറത്ത് വന്നിട്ടുണ്ട്. ബ്രിട്ടോയുടെ മരണം സംഭവിച്ച് ഒരു മാസം തികയുമ്പോൾ പുറത്തുവരുന്ന വെളിപ്പെടുത്തൽ പാർട്ടിയേയും പ്രതിരോധത്തിലാക്കുകയാണ്.
അതേസമയം, മരണത്തിൽ ദുരൂഹതയില്ലെന്ന് തോന്നിയതിനാലാണ് പോസ്റ്റ്മോർട്ടം വേണ്ടെന്ന് വച്ചതെന്നും ഇത് പാർട്ടി നേതൃത്വത്തോട് ആലോചിച്ച് തന്നെയാണ് തീരുമാനിച്ചതെന്നും സിപിഎം കൂർക്കഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി വ്യക്തമാക്കി. രാവിലെ മുതൽ ആശുപത്രിയിൽ കൊണ്ടു പോകാൻ ശ്രമിച്ചതാണ്. ബ്രിട്ടോ സമ്മതിക്കാത്തതു കൊണ്ടാണ് ആശുപത്രിയിൽ കൊണ്ടു പോകാതിരുന്നത്. വൈകുന്നേരം 5 മണിക്കാണ് ആശുപ ത്രിയിൽ കൊണ്ടു പോയത്. സീന ഇപ്പോൾ എന്താണ് ഇങ്ങനെ പറയുന്നത് എന്നറിയില്ലെന്നും പ്രാദേശികനേതാക്കൾ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam