
പത്തനംതിട്ട: ശബരിമല ശ്രീകോവിലിന് പുതിയ സ്വർണ്ണവാതിൽ സമർപ്പിച്ചപ്പോൾ തയ്യാറാക്കിയ മഹസറിലും അടിമുടി ദുരൂഹത. വിജയ് മല്യ രണ്ടര കിലോ സ്വർണ്ണം പൊതിഞ്ഞ പഴയ വാതിൽ മാറ്റിയാണ് 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റി പുതിയത് സമർപ്പിച്ചത്. എന്നാൽ മഹസറിൽ വെറും കതക് പാളികൾ എന്നാണ് മുരാരി ബാബു ഉൾപ്പെട്ട ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത്. ശ്രീകോവിൽ വാതിലിലെ സ്വർണ്ണവും കവർന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശമുണ്ട്.
2019 മാർച്ച് 11 നാണ് ശബരിമല ശ്രീകോവിലിന്‍റെ പഴയ വാതിൽ മാറ്റി പുതിയത് ഘടിപ്പിക്കുന്നത്. അതിന്‍റെ സ്ഥല മഹസറാണിത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പൂർണ്ണമായ സ്പോൺസർഷിപ്പിലായിരുന്നു സ്വർണ്ണം പൂശിയ പുതിയ വാതിൽ കൊണ്ടുവന്നത്. പുതിയ തേക്ക് തടിയിൽ ചെമ്പ് പൊതിഞ്ഞ് സ്വർണ്ണം പൂശിയാണ് പോറ്റി വാതിൽ കൊണ്ടുവന്നതെന് ഈ മഹസറിൽ കൃത്യമായി പറയുന്നു. എന്നാൽ സ്വർണ്ണം ഉണ്ടായിരുന്ന പഴയ വാതിൽ പാളിയെ "വെറും പാളികൾ " എന്നാണ് മഹസറിൽ എഴുതിയിരിക്കുന്നത്. പഴയ കതക് പാളികൾ അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന മുരാരി ബാബുവിനെ ഏൽപ്പിക്കുന്നതായും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ തയ്യാറാക്കിയ മഹസറിൽ പറയുന്നു.
സ്വർണം എന്നറിഞ്ഞിട്ടും ചെമ്പ് എന്ന വ്യാജ രേഖ ഉണ്ടാക്കിയത് പോലെ വാതിലിന്റെ മഹസറിലും മനപ്പൂർവം കൃത്രിമം നടത്തി എന്നതാണ് സംശയം. 315 പവൻ സ്വർണമാണ് 99 ൽ വിജയ് മല്യ ശ്രീകോവിൽ വാതിലിൽ പൊതിഞ്ഞത്. ഉണ്ണികൃഷ്ണൻ പോറ്റി 2019 ൽ പുതിയ വാതിൽ സമർപ്പിച്ചപ്പോൾ അതിൽ 40 പവൻ സ്വർണമാണ് പൂശിയത്. പുതിയ വാതിൽ വന്നപ്പോൾ ശബരിമല സന്നിധാനത്ത് സ്ട്രോങ്ങ് റൂമിലേക്ക് പഴയ കതക് മാറ്റിയിരുന്നു എന്നാണ് ദേവസ്വം ബോർഡിന്റെ വാദം. എന്നാൽ സ്വർണ്ണക്കോള്ള വിവാദം തുടങ്ങിയ സമയത്താണ് കതക് സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയതെന്നും അതുവരെ അഭിഷേക കൗണ്ടർ സമീപം ആലക്ഷ്യമായി ഇട്ടിരിക്കുകയായിരുന്നുവെന്നും എസ്ഐടി കണ്ടത്തി. മഹസറിലെ ഈ ദുരൂഹത ഉൾപ്പെടെ പരിഗണിച്ചാണ് പഴയ വാതിലിലെ സ്വർണവും പോറ്റിയും സംഘവും ചേർന്ന് കവർന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam