കളക്‌ടര്‍ ബ്രോയെ മാറ്റി; കോഴിക്കോട്ടുകാര്‍ക്ക് ഇനി പുതിയ കളക്‌ടര്‍

By Web DeskFirst Published Feb 15, 2017, 12:37 AM IST
Highlights

കോഴിക്കോട്: കോഴിക്കോട് കളക്‌ടര്‍ എന്ന നിലയില്‍ ഏറെ ജനപ്രിയനായിരുന്ന എന്‍ പ്രശാന്തിനെ സ്ഥാനത്തുനിന്ന് മാറ്റി. പകരം ടൂറിസം ഡയറക്‌ടര്‍ യു വി ജോസിനെ പുതിയ കളക്‌ടറായി നിയമിച്ചു. എന്‍ പ്രശാന്ത് കോഴിക്കോട് കളക്‌ടറായിരുന്ന കാലത്ത് നിരവധി വിവാദങ്ങള്‍ ഉണ്ടായിരുന്നു. വികസന ഫണ്ടിന്റെ പേരില്‍ കോഴിക്കോട് എം പി എംകെ രാഘവനെതിരെ പ്രസ്താവന നടത്തിയായിരുന്നു വിവാദങ്ങളുടെ തുടക്കം . എംപിയോട് മാപ്പ് അപേക്ഷിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കുന്നംകുളം മാപ്പിന്റെ പടം ഫെയ്‌സ് ബുക്കിലിട്ടു . ഇതും വാവദമായി . പിന്നീട് എംപിയോട് മാപ്പ് പറഞ്ഞ്  പ്രശ്‌നം പരിഹരിച്ചെങ്കിലും ചീഫ് സെക്രട്ടറി ഇക്കാര്യത്തില്‍ പ്രശാന്തിനോട് വിശദീകരണം ചോദിച്ചിരുന്നു . ജേക്കബ് തോമസ് വിഷത്തില്‍ ഐ എ എസുകാരുടെ സമരത്തില്‍ പങ്കെടുക്കാതിരുന്നതും  പ്രശാന്തിന് തിരിച്ചടിയായി  .

ഏറ്റവുമൊടുവില്‍ സര്‍ക്കാര്‍ വാഹനം സ്വന്തം ആവശ്യങ്ങള്‍ക്കുപയോഗിച്ചെന്ന പരാതിയും  പ്രശാന്തിനെതിരെ ഉയര്‍ന്നു . എന്നാല്‍  പണം നല്‍കിയാണ് താന്‍ വാഹനങ്ങള്‍ ഉപയോഗച്ചതെന്നായിരുന്നു പ്രശാന്തിന്റെ വിശദീകരണം . ഇതിനു മുന്പ് പലതവണ കലക്ടറെ മാറ്റുമെന്ന് അഭ്യൂഹമുയര്‍ന്നെങ്കിലും അന്നൊന്നും അത് ഉണ്ടായില്ല

എന്നാല്‍ ജനപ്രിയ നടപടികളിലൂടെ പൊതുജനങ്ങള്‍ക്ക് ഏറെ സ്വീകാര്യനായിരുന്നു എന്‍ പ്രശാന്ത്. ഭരണനിര്‍വ്വഹണത്തിന് സോഷ്യല്‍മീഡിയ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെയും എന്‍ പ്രശാന്ത് ശ്രദ്ധ നേടിയിരുന്നു.

click me!