ഈ വർഷത്തെ നിയമസഭാ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. ദൃശ്യ മാധ്യമ വിഭാഗത്തിൽ സി. അച്ച്യുത മേനോൻ അവാർഡിന് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഞ്ജു രാജും കെ.ആർ. ഗൗരിയമ്മ നിയമസഭാ മാധ്യമ അവാർഡിന് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ കെ.എം ബിജുവും അർഹനായി

തിരുവനന്തപുരം: ഈ വർഷത്തെ നിയമസഭാ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് രണ്ട് അവാർഡുകൾ ലഭിച്ചു. ദൃശ്യ മാധ്യമ വിഭാഗത്തിൽ സി. അച്ച്യുത മേനോൻ നിയമസഭാ മാധ്യമ അവാർഡിന് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഞ്ജു രാജ് അർഹനായി. മേളപ്പെരുമയുടെ നെറ്റിപ്പട്ടങ്ങൾ എന്ന പരിപാടിക്കാണ് അവാർഡ്. കെ.ആർ. ഗൗരിയമ്മ നിയമസഭാ മാധ്യമ അവാർഡിന് ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ ബിജു കെ. എം അർഹനായി. നീതി ആര് നൽകും എന്ന റിപ്പോർട്ടിനാണ് അവാർഡ്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ അവാർഡും. ജേതാക്കൾക്കുള്ള പുരസ്‌കാര വിതരണം കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിന്‍റെ വേദിയിൽ സ്പീക്കർ നിർവഹിക്കും. മലയാള ഭാഷയുടെയും സംസ്‌കാരത്തിന്‍റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമ പ്രവർത്തനം, പൊതുസമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത അന്വേഷാത്മക മാധ്യമ പ്രവർത്തനം, നിയമസഭാ നടപടികളുടെ റിപ്പോർട്ടിംഗ് എന്നീ മേഖലകളിൽ ദൃശ്യ - അച്ചടി മാധ്യമ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികൾക്കാണ് നിയമസഭാ പുരസ്കാരം.

Add Asianetnews as a Preferred SourcegooglePreferred

അച്ചടി മാധ്യമ വിഭാഗത്തിൽ ആർ. ശങ്കരനാരായണൻ തമ്പി നിയമസഭാ മാധ്യമ അവാർഡ് സൂരജ് ടി, മാതൃഭൂമി യാത്ര മാഗസീൻ (കപാലിയുടെ നൃത്തം, മത്തവിലാസം കൂത്ത് എന്ന ഫീച്ചർ), ഇ.കെ.നായനാർ നിയമസഭാ മാധ്യമ അവാർഡ് - പി. വി. ജിജോ, ദേശാഭിമാനി (മാലിന്യമല്ല മാണിക്യം എന്ന റിപ്പോർട്ട്), ജി. കാർത്തികേയൻ നിയമസഭാ മാധ്യമ അവാർഡ് - എം. ബി. സന്തോഷ്, മെട്രോവാർത്ത (സഭയിലെ ചോദ്യങ്ങൾ, ഉത്തരങ്ങളും എന്ന ലേഖനം) എന്നിവരും അര്‍ഹരായി. കേരള മീഡിയ അക്കാദമി ചെയർമാൻ ആർ. എസ്. ബാബു. ചെയർമാനും പി. എസ്.രാജശേഖരൻ, ആലങ്കോട് ലീലാകൃഷ്ണൻ, സരസ്വതി നാഗരാജൻ, കെ. കെ. ഷാഹിന എന്നിവർ അംഗങ്ങളും നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.