കുംഭമാസ പൂജയ്ക്കൊരുങ്ങി ശബരിമല; ഭക്തരെ കയറ്റി തുടങ്ങി, വന്‍ പൊലീസ് സന്നാഹം

By Web TeamFirst Published Feb 12, 2019, 1:10 PM IST
Highlights

വൈകുന്നേരം 5 മണിക്കാണ് നട തുറക്കുക. സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങൾ ഇത്തവണയും ഉണ്ടാകാനിടയുണ്ടെന്ന് ഇന്‍റലിജൻസ് റിപ്പോർട്ടുകളുണ്ട്. 

പമ്പ: കുംഭമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ തുറക്കാനിരിക്കെ ഭക്തരെ മല കയറ്റി തുടങ്ങി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഭക്തരെ മല കയറാന്‍ അനുവദിച്ചത്. ഇത്തവണ മല കയറാനെത്തിയവരില്‍ കൂടുതലും ഇതര സംസ്ഥാനത്തുനിന്നുള്ള ഭക്തരാണ്. യുവതികൾ ദർശനത്തിനെത്തിയാൽ പ്രതിഷേധം ഉണ്ടാകുമെന്ന നിലപാടുമായി ശബരിമല കർമ്മ സമിതി രംഗത്തെത്തിയ സാഹചര്യത്തിൽ വലിയ സുരക്ഷാ സംവിധാനമാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളത്. 

വൈകുന്നേരം 5 മണിക്കാണ് നട തുറക്കുക. സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങൾ ഇത്തവണയും ഉണ്ടാകാനിടയുണ്ടെന്ന് ഇന്‍റലിജൻസ് റിപ്പോർട്ടുകളുണ്ട്. ഇതേ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് കലക്ടർക്ക് കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരുന്നു. 17 ന് നട അടക്കുന്നത് വരെ നാല് സ്ഥലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. 

സന്നിധാനം, പമ്പ, നിലക്കൽ, എന്നീ മൂന്ന് കേന്ദ്രങ്ങളിലും ഓരോ എസ് പിമാർക്കാണ് സുരക്ഷാ ചുമതല. സന്നിധാനത്ത് വി അജിത്ത്, പമ്പയിൽ എച്ച് മഞ്ചുനാഥ്, നിലക്കലിൽ പി കെ മധു എന്നിവരുടെ കീഴിലാണ് സുരക്ഷ ഉറപ്പ് വരുത്തിയിരിക്കുന്നത്. 2000ത്തോളം പൊലീസ് സേനാംഗങ്ങളും സുരക്ഷക്കുണ്ട്. നവോത്ഥാന കേരളം ശബരിമലക്ക് എന്ന സമൂഹ മാധ്യമ കൂട്ടായ്മ കുംഭമാസ പൂജക്ക് ശബരിമലക്ക് പോകാൻ യുവതികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. 

നേരത്തെ പ്രതിഷേധത്തെ തുടർന്ന് മടങ്ങിയ യുവതികളും ഇത്തവണ എത്താൻ ഇടയുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതു കൂടെ കണക്കിലെടുത്ത് പ്രതിഷേധം ശക്തമാക്കാനാണ് സംഘപരിവാർ സംഘടനകളുടെ തീരുമാനം. ദേവസ്വം ബോർഡ് കേസിൽ എടുത്ത നിലപാട് മാറ്റവും പ്രതിഷേധത്തിന് ശക്തികൂട്ടും. ശബരിമല പുനഃപരിശോധനാ ഹർജികളിൽ കോടതി വിധി വരുന്നത് വരെ വിഷയം സജീവമായി നിർത്താൻ പരിവാർ സംഘനകൾ തയ്യാറെടുക്കുമ്പോൾ സർക്കാർ എടുക്കുന്ന നിലപാടും നിർണായകമാവും. 

click me!