ചമ്പക്കുളം വള്ളംകളി: നടുഭാഗം ചുണ്ടന് രാജാപ്രമുഖന്‍ ട്രോഫി

By Web DeskFirst Published Jun 20, 2016, 2:13 PM IST
Highlights

ആലപ്പുഴ: ചമ്പക്കുളം മൂലം ജലോത്സവത്തിന്റെ അവേശകരമായ ഫൈനലില്‍ നടുഭാഗം ചുണ്ടന്‍ ചാമ്പന്‍മാരായി. പമ്പയാറ്റില്‍ നടന്ന വള്ളംകളിയില്‍ സെന്റ് പയസിനാണ് രണ്ടാം സ്ഥാനം. കഴിഞ്ഞ രണ്ട് വര്‍ഷവും തമ്മില്‍ത്തല്ലില്‍ കലാശിച്ച ചമ്പക്കുളം മൂലം വള്ളംകളി ഇത്തവണ കാണാനെത്തിയവരെ നിരാശരാക്കിയില്ല.

ആറു ചുണ്ടന്‍വള്ളങ്ങള്‍ മല്‍സരിച്ച വള്ളംകളിയില്‍ മൂന്നെണ്ണമാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. നടുഭാഗവും സെന്റ് പയസ്സും ചമ്പക്കുളവും. ഓളപ്പരപ്പിലെ ആവേശം വാനോളം ഉയര്‍ന്ന ഫൈനല്‍ മല്‍സരത്തില്‍ ഫിനിഷിംഗ് പോയിന്റിലേക്ക് അടുക്കുമ്പോള്‍ മൂന്ന് വള്ളങ്ങളും ഏതാണ്ട് ഒപ്പത്തിനൊപ്പം. അവസാനം നടുഭാഗം ചുണ്ടന്‍ മറ്റ് രണ്ട് വള്ളങ്ങളെയും പിന്നിലാക്കി ഒന്നാമതായി ഫിനിഷ് ചെയ്തു.

രണ്ടാമതായി ഫിനിഷ് ചെയ്ത സെന്റ് പയസ്സും മൂന്നാമതായെത്തിയ ചമ്പക്കുളവും ഒപ്പത്തിനൊപ്പമാണ് ഫിനിഷിംഗ് പോയിന്റ് വരെ നീങ്ങിയത്. വെപ്പ് എ ഗ്രേഡ് വിഭാഗത്തില്‍ ചെത്തിക്കാടനും ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തില്‍ മാമ്മൂടനും ജേതാക്കളായി.

ചമ്പക്കുളം മൂലം വള്ളംകളിയാണ് ഈ സീസണിലെ ആദ്യത്തേത്. കഴിഞ്ഞ രണ്ട് വര്‍ഷവും സ്റ്റാര്‍ട്ടിംഗ് പോയിന്റിലെ പ്രശ്‌നങ്ങളെത്തുടര്‍ന്ന് തമ്മില്‍ത്തല്ലിലാണ് കലാശിച്ചതെങ്കില്‍ ഇത്തവണ കര്‍ശന സംവിധാനങ്ങള്‍ സംഘാടകരും പോലീസും ഒരുക്കിയതോടെ മൂലം വള്ളംകളി അതിന്റെ ഗാംഭീര്യത്തോടെ തന്നെ അവസാനിച്ചു.

click me!