ജയാ ബച്ചന് സീറ്റ് നല്‍‍കിയതില്‍ പ്രതിഷേധം; നരേഷ് അഗര്‍വാൾ ബിജെപിയില്‍ ചേര്‍ന്നു

By Web DeskFirst Published Mar 12, 2018, 8:02 PM IST
Highlights
  • നരേഷ് അഗര്‍വാൾ സമാജ് വാദി പാര്‍ട്ടി വിട്ടു
  • നരേഷ് അഗര്‍വാൾ ബി.ജെ.പിയിൽ ചേര്‍ന്നു
  • പാര്‍ടിയിൽ എത്തിയ ഉടൻ ബി.ജെ.പിയെ വെട്ടിലാക്കി നരേഷ് അഗര്‍വാൾ

ദില്ലി: ജയാബച്ചന് സമാജ് വാദി പാര്‍ട്ടി രാജ്യസഭ സീറ്റ് നൽകിയതിനെതിരെ ബി.ജെ.പിയിൽ ചേര്‍ന്ന ഉടൻ നരേഷ് അഗര്‍വാൾ നടത്തിയ പരാമര്‍ശം വിവാദമായി. സീനിമയിലെ ആട്ടകാരിക്ക് സീറ്റ് നൽകിയെന്നായിരുന്നു നരേഷ് അഗര്‍വാളിന്‍റെ വിവാദ പരാമര്‍ശം. നരേഷ് അര്‍വാളിന്‍റെ പരാമര്‍ശം മോശമായിപ്പോയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.

ബി.ജെ.പി ആസ്ഥാനത്ത് വിളിച്ച പ്രത്യേക വാര്‍ത്ത സമ്മേളനത്തിൽ കേന്ദ്രമന്ത്രി  പിയൂഷ് ഗോയലാണ് സമാജ് വാദി പാര്‍ടിയുടെ പ്രമുഖ നേതാവായ നരേഷ് അഗര്‍വാൾ ബി.ജെ.പിയിൽ ചേര്‍ന്നതായി പ്രഖ്യാപിച്ചത്. തന്നെ ഒഴിവാക്കി ജയബച്ചന് രാജ്യസഭ സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു നരേഷ് അഗര്‍വാൾ സമാജ് വാദി പാര്‍ടി വിട്ടത്. ഇതേകുറിച്ചുള്ള ചോദ്യങ്ങൾക്കിടയെയാണ് ജയബച്ചനെ അപമാനിക്കുന്ന പരാമര്‍ശം നരേഷ് അഗര്‍വാൾ നടത്തിയത്.

നരേഷ് അഗര്‍വാളിന്‍റെ പരാമര്‍ശം ബി.ജെ.പിയെയും പ്രതിസന്ധിയിലാക്കി. നരേഷ് അഗര്‍വാളിനെ സ്വാഗതം ചെയ്യുന്നുവെങ്കിലും ജയബച്ചനെതിരെയുള്ള പരാമര്‍ശം മോശമായിപ്പോയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജ് പ്രതികരിച്ചു. സുഷസ്വരാജിന് പിന്നാലെ നരേഷ് അഗര്‍വാളിനെ വിമര്‍ശിച്ച് ബി.ജെ.പിയിൽ നിന്ന് പല നേതാക്കളും രംഗത്തെത്തി. ബി.ജെ.പിക്കെതിരെ കഴിഞ്ഞ കാലയങ്ങളിൽ നരേഷ് അഗര്‍വാൾ നടത്തിയ പരാമര്‍ശങ്ങളും ഇതോടെ ചര്‍ച്ചയവുകയാണ്. ദേശീയ രാഷ്ട്രീയത്തിൽ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷ നീക്കത്തിന്‍റെ മുൻപന്തിയിൽ നിന്ന നേതാവായിരുന്നു നരേഷ് അര്‍വാൾ.

ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് നരേഷ് അഗര്‍വാളിനെ ഒപ്പം കൊണ്ടുവരാനായത് നേട്ടമായെന്ന് വിലയിരുത്തൽ വരുന്നതിനിടെയാണ് ജയബച്ചനെതിരെയുള്ള പരാമര്‍ശത്തിലൂടെ നരേഷ് അഗര്‍വാൾ ബി.ജെ.പിയെ വെട്ടിലാക്കിയത്. ഈമാസം 23ന് 58 രാജ്യസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കാൻ പോകുന്നത്. അതിലേക്കായി ബി.ജെ.പി നേതാവ് വി.മുരളിധരൻ, രാജീവ് ചന്ദ്രശേഖര്‍, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എം.പി.വീരേന്ദ്രകുമാര്‍, യു.ഡി.എഫ് ബി.ബാബുപ്രസാദ് എന്നിവര്‍ നാമനിര്‍ദ്ദേശ പത്രിക നൽകി.

click me!