ഉത്തേജക മരുന്ന് വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് നര്‍സിങ് യാദവ്

By Web DeskFirst Published Aug 22, 2016, 7:16 AM IST
Highlights

ഗുസ്തിയില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന നര്‍സിങ് യാദവിന് റിയോയില്‍ മത്സരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഉത്തേജക മരുന്ന് വിവാദത്തില്‍ നര്‍സിങ് യാദവിനെ കുറ്റവിമുക്തനാക്കിയ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ നടപടി രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതി റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് റിയോയില്‍ ഇടിക്കൂട്ടില്‍ ഇറങ്ങാന്‍ പറ്റാതെ പോയത്. തനിക്ക് മത്സരിക്കാന്‍ പറ്റാത്തതിനാല്‍ ഇന്ത്യക്ക് ഒരു മെഡല്‍ നഷ്‌ടമായെന്ന് നര്‍സിങ് യാദവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്ത്യയിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു പ്രതികരണം.

ഉത്തേജകമരുന്ന് വിവാദത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ട്. ഇക്കാര്യം പുറത്തുവരാന്‍ സിബിഐ അന്വേഷണം വേണം. സഹായം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിക്കുമെന്നും നര്‍സിംഗ് യാദവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 74 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തി മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു നര്‍സിംഗിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള വിധി വന്നത്. ഇന്ത്യന്‍ താരത്തെ കുറ്റവിമുക്തനാക്കിയ നാഡയുടെ തീരുമാനത്തിനെതിരെ അന്തര്‍ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതിയെ  സമീപിച്ചത്. 

click me!