നൂറ് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഈ നഗരങ്ങൾ വെള്ളത്തിനടയിലാകുമെന്ന് നാസ

By Web DeskFirst Published Nov 17, 2017, 9:45 AM IST
Highlights

ദില്ലിയിലെ വിഷപ്പുകയെ തുടർന്ന് രാജ്യം പരിസ്ഥിതി പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായി നാസയുടെ റിപ്പോർട്ട്. ആഗോള താപനത്തിന്റെ ഭാഗമായി മഞ്ഞുരുകി വെള്ളത്തിനടിയിലാകാൻ പോകുന്ന നഗരങ്ങളുടെ പട്ടിക വ്യക്തമാക്കി നാസ പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യയിലെ രണ്ട് പ്രധാന നഗരങ്ങളും ഉള്‍പ്പെട്ടു. തീരദേശ പ്രദേശങ്ങളായ മംഗളൂരുവും മുംബൈയുമാണ് നൂറുവർഷത്തിനുള്ളിൽ സമുദ്ര നിരപ്പ് ഉയർന്ന് വെള്ളത്തിനടിയിലാകാൻ സാധ്യതയുള്ള ഇന്ത്യയിലെ രണ്ട് നഗരങ്ങൾ. ഇതിൽതന്നെ മംഗളൂരുവിനാണ് കൂടുതൽ സാധ്യതയെന്നും നാസയുടെ പഠനത്തിൽ വ്യക്തമാക്കുന്നു.

അടുത്ത നൂറ് വർഷത്തിനുള്ളിൽ മംഗളുരുവിലെ സമുദ്ര നിരപ്പ് 15.98 സെന്റീമീറ്റർ ഉയരും. അതേസമയം തീരദേശ പ്രദേശങ്ങളായ മുംബൈയുടേത് 15.26 സെന്റീമീറ്ററും അമേരിക്കയിലെ ന്യൂയോർക്കിന്റേത് 10.65 സെന്റീമീറ്ററുമായിരിക്കും ഉയരുകയെന്നും റിപ്പോർട്ടിൽ പറയുന്നു.

നാസ പുതിയതായി വികസിപ്പിച്ച കാലാവസ്ഥാ ഉപകരണമായ ഗ്രേഡിയന്റ് ഫിൻഗർ പ്രിന്റ് മാപ്പിംഗിന്റെ (ജിഎഫ്പി) സഹായത്തോടെയാണ് ഈ കണ്ടെത്തൽ. മഞ്ഞുരുകൽ ലോകത്തെ പ്രധാന 293 തീരദേശങ്ങളിലെ സമുദ്ര നിരപ്പിനെ എങ്ങനെ ബാധിക്കുമെന്ന് കണ്ടെത്താൻ സഹായിക്കുന്നവയാണ് ജിഎഫ്പി. മാംഗളൂരു, മുംബൈ, ആന്ധ്രാപ്രദേശിലെ കാക്കിനട എന്നീ പ്രദേശങ്ങൾ ജിഎഫ്പിയുടെ നിരീക്ഷണ പരിധിയിൽ വരും.

യുഎൻ റിപ്പോർട്ട് പ്രകാരം 2050 ഓടെ ഇന്ത്യയിലെ 4 കോടി ജനങ്ങളെയാണ് സമുദ്രനിരപ്പ് ഉയരുന്നത് ബാധിക്കുക. മുംബൈ, കൊൽക്കത്ത എന്നീ നഗരങ്ങള്‍ക്കാണ് ഇത് നാശം വിതയ്ക്കുക എന്നും യുഎൻ പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാിയിരുന്നു. ഇന്ത്യയുടെ 14000 ചതുരശ്ര കിലോമീറ്റർ പ്രദേശം നഷ്ടമാകുമെന്നും കണക്കാക്കുന്നു.

പരിസ്ഥിതി നാശത്തെ കുറിച്ചുള്ള പുതിയ പഠനങ്ങൾ പുറത്തുവരുമ്പോഴും പാരീസ് ഉടമ്പടിയിൽ ഇതുവരെയും അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങൾ ഉദാസീന നിലപാട് തുടരുകയാണ്. പാരിസ്ഥിതിക വിഷയങ്ങളിൽ ജാഗ്രത പുലർത്തണമെന്നാണ് നാസയുടെ ഒടുവിലത്തെ പഠനവും വെളിപ്പെടുത്തുന്നത്.

click me!