
തൃശൂര്‍: വാടക നൽകാൻ പണമില്ലാത്തതിനാൽ തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥയില്‍ ദേശീയ കായിക താരം പിഎ അതുല്യ. തൃശൂർ നാട്ടിക ഫിഷറീസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അതുല്യ ഇപ്പോൾ താമസിക്കുന്ന വീട് ഈ മാസം അവസാനത്തോടെ ഒഴിഞ്ഞ് കൊടുക്കണമെന്നാണ് ഉടമസ്ഥൻ അറിയിച്ചിരിക്കുന്നത്. പല തവണ അധികാരികൾക്ക് അപേക്ഷ നൽകിയിട്ടും ദേശീയ കായികതാരത്തിന് വീട് നൽകാൻ നടപടിയായില്ല.
ത്രോ ഇനങ്ങളിൽ അഞ്ചു തവണ സംസ്ഥാന റെക്കോർഡിട്ട കായിക താരമാണ് പിഎ അതുല്യ. പാലായിൽ ഇക്കഴിഞ്ഞ സ്കൂൾ മീറ്റിലും സ്വന്തം റെക്കോർഡ് അതുല്യ പുതുക്കി. ദേശീയ സ്കൂൾ മീറ്റിൽ തുടർച്ചയായ മൂന്ന് കൊല്ലവും മെഡൽ നേട്ടം. പറയാൻ നേട്ടങ്ങൾ ഏറെയുണ്ടെങ്കിലും ഇന്ത്യയുടെ ഭാവി താരത്തിന് പക്ഷേ കയറിക്കിടക്കാൻ സ്വന്തമായി ഒരു കൂരയില്ല. വാടക നൽകാൻ പണമില്ലാത്തതിനാൽ ഈ വർഷം ഇത് നാലാമത്തെ വീടാണ് തൃശൂർ ഫിഷറീസ് സ്കൂളിലെ ഒമ്പതാം ക്ലാസുകാരി അതുല്യയ്ക്ക് മാറേണ്ടി വരുന്നത്.
നാട്ടുകാരും കായിക പ്രേമികളും പഞ്ചായത്ത് അധികൃതരുമൊത്ത് വീട് നൽകാൻ ചേർക്കരയിൽ അഞ്ച് സെന്‍റ് സ്ഥലം കണ്ടെത്തിയെങ്കിലും പണം തികയാത്തതിനാൽ ഇതുവരെ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായില്ല. ജില്ലാ ഫുട്ബോൾ താരമായിരുന്ന അതുല്യയുടെ സഹോദരൻ അമൽ സാമ്പത്തിക പരാധീനത കാരണം കായികരംഗം ഉപേക്ഷിച്ചു. നാല് കൊല്ലത്തെ പരിശീലനത്തിനിടയിൽ മൂന്ന് കൊല്ലവും ദേശീയ മെഡൽ കേരളത്തിന് സമ്മാനിച്ച താരത്തിന് മികച്ച പരിശീലനത്തിന് സൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് നാട്ടികയിലെ കായികപ്രേമികൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam