കേരളത്തിന്റെ സമഗ്രവികസനത്തിന് നവകേരള മിഷന് തുടക്കമായി

By Web DeskFirst Published Nov 10, 2016, 6:03 PM IST
Highlights

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് കമ്മ പദ്ധതിയുമായി സര്‍ക്കാറിന്റെ നവകേരള മിഷന് തുടക്കമായി. രാജ്യത്തിന് മാതൃകയായി കേരളാ മോഡല്‍ വളര്‍ന്നു വരണമെന്ന് ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു .. ജനങ്ങള്‍ക്ക് വ്യാമോഹങ്ങള്‍ നല്‍കുകയല്ല വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കാര്‍ഷിക സമൃദ്ധിക്ക് ഹരിത കേരളം, ആരോഗ്യ പരിരക്ഷക്ക് ആര്‍ദ്രം, എല്ലാവര്‍ക്കും കിടപ്പാടം അടക്കം അടിസ്ഥാന സൗകര്യവികസനത്തിന് ലൈഫ്, ഒപ്പം പൊതുവിദ്യാഭ്യാസം സംരക്ഷണയജ്ഞവുമാണ് നവകേരളം പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി സദാശിവം നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ കേരളത്തിന്റെ മുന്നേറ്റകാലത്തെ കുറിച്ച് സംസാരിച്ച ഗവര്‍ണര്‍ കേരളാ മോഡല്‍ കൈമോശം വരരുതെന്ന് ഓര്‍മ്മിപ്പിച്ചു.

സാമൂഹിക നീതിയിലധിഷ്ഠിതമായ പ്രാദേശിക വികസനമാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ജനപക്ഷ പദ്ധതികളില്‍ നിന്ന് പിന്നോട്ട് പോയതാണ് സംസ്ഥാനത്തിന് തിരിച്ചടിയായതെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരളാ മിഷന്‍ നടത്തിപ്പിലൂടെ തദ്ദേശ സ്ഥാപനങ്ങളുടെ ശാക്തീകരണം കൂടിയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ക്ക് പ്രത്യേക സെമിനാറും സംഘടിപ്പിച്ചു.

click me!